തൃശൂര്‍: വടക്കഞ്ചേരി മണ്ണുത്തി ആറുവരിപ്പാതയില്‍ വഴുക്കുംപാറ ഭാഗത്ത് കുതിരാന്‍ തുരങ്കങ്ങളുമായി ആറുവരിപ്പാത ബന്ധിപ്പിച്ചു. ഇതോടെ വഴുക്കുംപാറ മുതല്‍ തുരങ്കങ്ങള്‍ വരെയുള്ള ഒറ്റവരി ഗതാഗത നിയന്ത്രണം പിന്‍വലിച്ചു. വഴുക്കുംപാറ മുതല്‍ തുരങ്കം വരെയുള്ള ഒന്നര കിലോമീറ്റര്‍ താത്കാലികപാതയിലൂടെ ഒറ്റവരിയായിട്ടാണ് ഇതുവരെ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നത്. ഇത് വൈകുന്നേരങ്ങളില്‍ ഗതാഗതക്കുരുക്കിനിടയാക്കിയിരുന്നു. ഏതെങ്കിലും വാഹനം കേടായി നിന്നാല്‍ ഗതാഗതം പൂര്‍ണമായി സ്തംഭിക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു. ആറുവരിപ്പാതയില്‍ ഇവിടെ മാത്രമാണ് ഗതാഗതക്കുരുക്കുണ്ടായിരുന്നത്. കുതിരാന്‍ ആദ്യതുരങ്കം ഗതാഗതത്തിനായി തുറന്ന് 15 മാസത്തിനുശേഷമാണ് പാതാനിര്‍മാണം പൂര്‍ത്തിയാകുന്നത്.
വഴുക്കുംപാറയില്‍ കുതിരാന്‍ തുരങ്കങ്ങളുമായി പാത ബന്ധിപ്പിച്ചതോടെ പന്നിയങ്കരയിലെ ടോള്‍ നിരക്കും ഉയരും. വടക്കഞ്ചേരി – മണ്ണുത്തി ആരുവരിപ്പാതാ 90 ശതമാനം പൂര്‍ത്തിയായപ്പോള്‍ ലഭിച്ച താത്കാലിക അനുമതിയുടെ അടിസ്ഥാനത്തിലാണ് പന്നിയങ്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. വഴുക്കുംപാറയില്‍ തുരങ്കങ്ങളിലേക്കുള്ള പാത പൂര്ത്തിയാകാതിരുതിനാല് ഈ ഭാഗം ടോള്‍ നിരക്ക് കണക്കാക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
നിലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതവും ആരംഭിച്ചതോടെ ആനുപാതികമായി ടോള്‍ നിരക്ക് കൂട്ടും. പാത പൂര്‍ത്തിയായതിന്റെ റിപ്പോര്‍ട്ട് കരാര്‍ കമ്പനി ദേശീയപാതാ അതോറിറ്റിക്ക് സമര്‍പ്പിക്കും. ദേശീയപാതാ അതോറിറ്റി നിര്‍മാണം പരിശോധിച്ച ശേഷമാണ് ടോള്‍ കൂട്ടാനുള്ള അനുമതി നല്‍കുക. അഞ്ച് ശതമാനം വര്‍ധനവ് ഉണ്ടാകാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: