കോഴിക്കോട്: രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്തും തെക്കന്‍ കേരളത്തെ അപമാനിച്ചുമുള്ള കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ പ്രസ്താവന അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെസുരേന്ദ്രന്‍. കെ.സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ രാഹുല്‍ ഗാന്ധി തയ്യാറാവണമെന്നും കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്നുള്ള എംപിയായ രാഹുല്‍ഗാന്ധി കേരളത്തെ അപമാനിക്കുന്നത് കണ്ട് നില്‍ക്കുന്നത് ശരിയല്ല. തിരുവനന്തപുരത്തു നിന്നുള്ള എപി ശശി തരൂര്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണം. വിഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നല്ലേ സുധാകരന്‍ പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.
തെക്കന്‍ കേരളത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളോടുള്ള കെറുവ് ജനങ്ങളുടെ മേല്‍ കെട്ടിവെച്ചത് ശരിയായില്ല. അനാവശ്യമായ കാര്യം അനവസരത്തില്‍ പറഞ്ഞ് വിവാദം ഉണ്ടാക്കുകയാണ് കെപിസിസി അദ്ധ്യക്ഷന്‍ ചെയ്യുന്നത്. തൃശ്ശൂരിന് അപ്പുറത്തുള്ളയാളുകള്‍ കൊള്ളരുതാത്തവരെന്ന് പറഞ്ഞിരിക്കുന്നത് വേദനാജനകവും പ്രതിഷേധാര്‍ഹവുമാണ്. സുധാകരന് ചരിത്രബോധം പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
ഐക്യകേരള സന്ദേശം ഉയര്‍ത്തിയവരെ അപമാനിക്കുന്ന പ്രസ്താവനയാണിത്. കേരളത്തെ കേരളമാക്കി മാറ്റിയ എല്ലാ നവോത്ഥാന നായകന്‍മാര്‍ക്കും ജന്മം നല്‍കിയ നാടിനെയാണ് അപമാനിച്ചിരിക്കുന്നത്. മലബാറില്‍ നിന്നും തിരുവിതാംകൂറില്‍ പോയി രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഞങ്ങള്‍ക്കെല്ലാം ആ നാട്ടുകാരുടെ സ്‌നേഹം ധാരാളം അനുഭവിക്കാന്‍ സാധിച്ചിട്ടുണ്ട്. പദ്മനാഭസ്വാമിയുടെയും അയ്യപ്പസ്വാമിയുടേയും നാടാണ് തെക്കന്‍ കേരളം. ടിപ്പുവിന്റെ പടയോട്ടം തടഞ്ഞ വൈക്കം പദ്മാനഭ പിള്ളയുടെ നാടാണ് തിരുവിതാംകൂറെന്ന് സുധാകരന്‍ മനസിലാക്കണം.
അച്ചടക്ക നടപടിക്ക് വിധേയനായ ആള്‍ക്ക് താത്പര്യം ഇല്ലാത്ത കാലത്തോളം അത് പുറത്തു പറയുന്നത് ബിജെപിയുടെ രീതിയല്ലെന്ന് സന്ദീപ് വാര്യരെ വക്താവ് സ്ഥാനത്ത് നിന്നും മാറ്റിയ ചോദ്യത്തോട് പ്രതികരിക്കവെ ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞു. അവഗണിക്കപ്പെടുന്നെന്ന് നിങ്ങള്‍ പറയുന്ന നേതാക്കളെല്ലാം വക്താക്കളായത് തന്റെ ടേമിലാണെന്നും അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി. 2020ന് മുമ്പ് ആറോ എഴോ പേര്‍ മാത്രമായിരുന്നു ബിജെപിക്ക് വേണ്ടി ചാനലില്‍ ചര്‍ച്ചകള്‍ക്ക് പോകാനുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് 35 ഓളം പാനലിസ്റ്റുകള്‍ ബിജെപിക്കുണ്ട്. പുതിയ തലമുറയ്‌ക്ക് കൂടുതല്‍ അവസരം നല്‍കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.രഘുനാഥ്, ജില്ലാ പ്രസിഡന്റ് വികെ സജീവന്‍, ജനറല്‍സെക്രട്ടറി ഇ.പ്രശാന്ത് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: