ഭാരതീയ ശുദ്ധസംഗീതത്തിന്റെ മുഖ്യദാതാവായ കര്‍ണാടക സംഗീതം ഭാവരാഗതാളങ്ങളുടെ സമഞ്ജസ സമ്മേളനമാണ്. ഭക്തഗായക കവികളുടെ ഈശ്വരാരാധനയുടെ മാര്‍ഗ്ഗമായാണ് നമ്മുടെ സംഗീതം വളര്‍ന്നത്. ”സംഗീതജ്ഞാനമുഭക്തിവിനാ സന്മാര്ഗ്ഗമുഗലദേ” (ഭക്തിയില്ലാത്ത സംഗീതം നേര്‍വഴിക്ക് നയിക്കില്ല) എന്ന് ത്യാഗരാജ സ്വാമികള്‍ ഉദ്ബോധിപ്പിക്കുന്നത് കാണാം. സംഗീതമാകുന്ന ശങ്കരന് സഞ്ചരിക്കാനുള്ള ഋഷഭ വാഹനത്തിന്റെ സ്ഥാനമാണ് സംഗീതത്തിലെ സാഹിത്യത്തിന്റെ നിലയെന്ന് ചിലര്‍ പറയുന്നുണ്ടെങ്കിലും ”വാഗര്‍ത്ഥാവിവ സംപൃക്തോ വാഗര്‍ത്ഥ പ്രതിപത്തയേ ജഗതഃ പിതരൗ വന്ദേ പാര്‍വ്വതീ പരമേശ്വരാ” എന്ന, വാഗര്ത്ഥങ്ങള്ക്ക് അര്‍ദ്ധനാരീശ്വര സങ്കല്‍പ്പം പോലെ ഉദാത്തമാണ് സംഗീതത്തില്‍, സാഹിത്യ സംഗീതങ്ങള്ക്കുള്ളത്. കര്‍ണാടക സംഗീതം സാഹിത്യഭാവ പ്രധാനവും ആയിട്ടുള്ളതാണെന്ന് ചുരുക്കം.
സാഹിത്യമൂല്യമുള്ള വരികളും ലക്ഷണയുക്ത സംഗീതവും ഒരേ വ്യക്തിയില്‍ നിന്നും ഉറന്നൊഴുകി വരുന്ന ഉത്കൃഷ്ട കലാ ശില്‍പ്പങ്ങളാണ് ഉത്തമസംഗീത കൃതികള്‍. ആലോചനാമൃതമായ സാഹിത്യം അപാത മധുരമായ സംഗീതം- ഈ ഉഭയ കലാഭാവങ്ങള് ഏകത്ര മേളിച്ച സംഗീത കവികളെയാണ് വാഗ്ഗേയകാരന്മാര് എന്നു വിളിക്കുന്നത്. ലിറിറിസ്റ്റിന്റെ വരികള്‍ക്ക് മ്യൂസിക് ഡയറക്ടര്‍ ഈണം നല്‍കിവരുന്ന ഗാനങ്ങളല്ല വാഗ്ഗേയകാരന്റെ കൃതി. കേരളക്കരയില്‍ ഇന്ന് ഏറെ അപൂര്‍വ്വമായി മാത്രം കാണാന്‍ കഴിയുന്ന ഒന്നാണ് മേല്‍പ്പറഞ്ഞ വ്യക്തിത്വം-വാഗ്ഗേയകാരന്.
ഉന്നതമായ സാഹിത്യ സംഗീത പാരമ്പര്യംകൊണ്ടും സ്വന്താഭ്യാസ പ്രഭാവംകൊണ്ടും കൃതഹസ്തനായ ഗതകാല കേരളീയ വാഗ്ഗേയകാരനാണ് താമരശ്ശേരി ഈശ്വരന് ഭട്ടതിരി.
വാങ്മാതുരുച്യതേ ഗേയം
ധാതുരിത്യഭിധീയതേ
വാചം ഗേയം ച കുരുതേ
യഃ സ വാഗ്ഗേയകാരകഃ
വാങ്മയമായ മാതു(സാഹിത്യം)വിനെയും ഗാനം ചെയ്യപ്പെടേണ്ടതായ ധാതു(സംഗീതം)വിനെയും രചിക്കുന്ന വാഗ്ഗേയകാരനും, ആ കൃതികളെ കച്ചേരി പദ്ധതിക്കനുസരിച്ച് രംഗത്തവതരിപ്പിച്ച് ബലെ ഭേഷ് എന്നു ആസ്വാദകര്‍ സമ്മതിക്കുന്ന അനുഗൃഹീത ഗായകനും കൂടിയാണ് താമരശ്ശേരി ഈശ്വരന് ഭട്ടതിരി. ‘മുരളി’ എന്ന തൂലികാ നാമത്തില്‍ വിഖ്യാതനായ ഭക്തഗായക മഹാകവി താമരശ്ശേരി കൃഷ്ണന് ഭട്ടതിരിയുടെ പൗത്രനും കവിതിലകം താമരശ്ശേരി ശങ്കരന് ഭട്ടതിരിയുടെ പുത്രനുമാണ് ഈശ്വരന് ഭട്ടതിരി. സംഗീതത്തില്‍ ജിഎന്‍ബിയുടെ ശിഷ്യനായ പത്മഭൂഷണ്‍, സംഗീത കലാനിധി തൃശൂര്‍ വി.രാമചന്ദ്രന്റെ ഏക ശിഷ്യന്.
ശ്രവണ സുന്ദരമായ കലയാണല്ലോ സംഗീതം. അങ്ങനെയുള്ള സംഗീതത്തില്‍ ശ്രവണസുന്ദര പദങ്ങള്‍ക്കാണ് മുന്‍തൂക്കം. മുഹന പ്രസാന്ത്യപ്രാസാദി ശബ്ദാലങ്കാരങ്ങളും യമം, ശ്ലേഷം മുലായ അര്‍ത്ഥാലങ്കാരങ്ങളും സ്വരാക്ഷരം, യതി, ശ്ലേഷം മുതലായ സംഗീതാലങ്കാരങ്ങളും യഥാസ്ഥാനം അലങ്കരിക്കുന്ന ഒരു ഉത്തമ സംഗീത കൃതി സമാഹാരമാണ് ഭട്ടതിരിയുടെ ഈശ്വരഗാന മഞ്ജരി. ഈ ഒന്നാം ഭാഗത്തില്‍ മൂന്ന് ആദിതാള വര്‍ണങ്ങളും നാല്‍പ്പത്തിയെട്ട് കൃതികളും ഒരു മംഗളവും അടങ്ങിയിരിക്കുന്നു.
സംഗീതകൃതികളില്‍ സാഹിത്യഭാവാര്ത്ഥത്തിനനുഗുണമായി രംഗത്തിന്റെ പേര് സൂചിപ്പിക്കുന്നതാണ് രാഗമുദ്ര. ഭട്ടതിരിയുടെ ”മനമിതിലിനി മുതല്‍” എന്ന പത്മനാഭകൃതിയില് ”ആന്ദോളികയില് തേജോമയനായ്” എന്ന തില്‍ ആന്ദോളിക രാഗനാമത്തെയും ”നീ മാത്രമേ ഗതി”- എന്ന മാളവിരാഗകൃതിയിലെ ചരണത്തില്‍ ”ഭീമാളവിലിവിടം” എന്നതിലെ ‘ശുദ്ധധന്യാസി’ രാഗനാമവും വളരെ ചാതുര്യത്തോടെ പ്രയോഗിച്ചത് ഒരുപക്ഷേ കര്‍ണാടക സംഗീത ചരിത്രത്തിലെ തന്നെ ഇദംപ്രഥമമായ പ്രയോഗമാണെന്നുതന്നെ കരുതാം.
സംസ്കൃതം, മലയാളം, തമിഴ്-എന്നിങ്ങനെ ത്രിഭാഷാ പാണ്ഡിത്യമുള്ള ഒരു വാഗ്ഗേയകാരന് തന്റെ സ്വന്തം സ്വരതാളക്കുറിപ്പോടെ ഇത്തരമൊരു ഗ്രന്ഥം മലയാളത്തില്‍ അടുത്തകാലത്തൊന്നും പ്രസിദ്ധീകരിച്ചതായറിവില്ല. കൃതികളുടെ സാഹിത്യം, അര്‍ത്ഥം, വിശേഷ വിവരണം, സ്വരതാളക്കുറിപ്പ്, വിശേഷ സംഗീത വിവരണം കൂടാതെ വാഗ്ഗേയകാരലക്ഷണം, സംഗീത രചനകളുടെ ലക്ഷ്യലക്ഷണങ്ങളോടെയുള്ള പഠനം എന്നിവ ഉള്‍ക്കൊള്ളുന്ന ഈശ്വര ഗാനമഞ്ജരി സംഗീതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും ഏറെ ഉപകരിക്കുന്ന ഗ്രന്ഥമാണ്.
മൂന്നുവര്‍ണ്ണങ്ങള്‍ രചിച്ച ഈശ്വര ഗാനമഞ്ജരീ കര്‍ത്താവ് താമരശ്ശേരി ഈശ്വരന് ഭട്ടതിരി വര്‍ണ്ണങ്ങള്‍ രചിക്കുന്നതാണ് ഉത്തമ വാഗ്ഗേയകര ലക്ഷണം- വര്ണ്ണാന്തം വഗ്ഗേയകാരത്വം എന്ന സൂക്തി അന്വര്‍ത്ഥമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: