രാജസ്ഥാനിലെ നിക്ഷേപ സംഗമത്തില്‍ രാജ്യത്തെ പ്രമുഖ വ്യവസായിയും, അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനിയെ പങ്കെടുപ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി കോണ്‍ഗ്രസിന് കനത്ത പ്രഹരവും, അവരുടെ ഇരട്ടത്താപ്പ് പുറത്തുകൊണ്ടുവരുന്നതുമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ 65000 കോടിയുടെ നിക്ഷേപമാണ് അദാനി പ്രഖ്യാപിച്ചത്. പാര്‍ട്ടി നേതാവ് രാഹുല്‍ നിരന്തരം അധിക്ഷേപിച്ചുകൊണ്ടിരിക്കുന്ന അദാനിയെ സ്വന്തം പാര്‍ട്ടിക്കാരനായ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വാനോളം പുകഴ്ത്തിയതിനെക്കുറിച്ച് വിശദീകരിക്കാനാവാതെ വെട്ടിലായിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. കമ്പനികള്‍ക്കല്ല, കോര്‍പ്പറേറ്റുകള്‍ക്കാണ് എതിരെന്നു പറഞ്ഞ് തലയൂരാന്‍ രാഹുലും കോണ്‍ഗ്രസ്സും ശ്രമിക്കുന്നുണ്ടെങ്കിലും അത് വിജയിക്കാന്‍ പോകുന്നില്ല. അദാനി വലിയ കുത്തകയാണെന്നും, പ്രധാനമന്ത്രി മോദിയുടെ വഴിവിട്ട സഹായങ്ങള്‍കൊണ്ടാണ് പണക്കാരനായതെന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു കോണ്‍ഗ്രസ്. ഇങ്ങനെയൊരു കുത്തകയെ എന്തിനു ക്ഷണിച്ചുകൊണ്ടുവന്നു എന്ന ചോദ്യമാണ് ഉയരുന്നത്. ഭാരത് ജോഡോ യാത്രയിലും അദാനിയെ രാഹുല്‍ ആക്ഷേപിച്ചിരുന്നു. ഇതിനിടെ ഗെഹ്ലോട്ട് അദാനിയെ ക്ഷണിച്ചുകൊണ്ടുവന്നത് അത്ര നിഷ്കളങ്കമായി ആരും കരുതുന്നില്ല. ഇതിനു പിന്നില്‍ ചില രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍ അരങ്ങേറിയിട്ടുണ്ടെന്നും, വരുംദിവസങ്ങളില്‍ അത് പുറത്തറിയുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
ഗൗതം അദാനിയെ നിക്ഷേപ സംഗമത്തില്‍ പങ്കെടുപ്പിച്ചതിനെ വിമര്‍ശിക്കുന്നവര്‍ക്ക് ചുട്ടമറുപടിയാണ് മുഖ്യമന്ത്രി ഗെഹ്ലോട്ട് നല്‍കിയത്. കോണ്‍ഗ്രസ് ഒരിക്കലും വ്യവസായികള്‍ക്ക് എതിരല്ലെന്നും, നിക്ഷേപ സംഗമത്തിലേക്ക് അദാനിയെയും അംബാനിയെയും മാത്രമല്ല, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന് ജയ്ഷായെയും ക്ഷണിക്കുമെന്നായിരുന്നു ഗെഹ്ലോട്ട് തുറന്നടിച്ചത്. കോണ്‍ഗ്രസിന്റെയും രാഹുലിന്റെയും നിലപാടിന് കടകവിരുദ്ധമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ല. ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഷ്ട്രീയമായി നേരിടാന്‍ കഴിയാതെ വന്നതോടെ കേന്ദ്രസര്‍ക്കാരിന്റെ വ്യവസായനയത്തിന്റെ ഫലമായി രാജ്യം വികസനം കൈവരിക്കുന്നതിനെ എതിര്‍ക്കുന്ന മാനസികാവസ്ഥയിലേക്ക് കോണ്‍ഗ്രസ് തരംതാഴുകയായിരുന്നു. ഉറ്റസുഹൃത്തായ അദാനിക്ക് പ്രധാനമന്ത്രി മോദി രാജ്യത്തെ വിഭവങ്ങള്‍ തീറെഴുതിക്കൊടുക്കുകയാണെന്ന അടിസ്ഥാനരഹിതമായ വിമര്‍ശനമാണ് രാഹുല്‍ ഉന്നയിച്ചുകൊണ്ടിരുന്നത്. ഗുജറാത്തില്‍ അദാനിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മുന്ദ്ര തുറമുഖത്ത് മയക്കുമരുന്ന് പിടിച്ചിരുന്നു. അഫ്ഗാനില്‍നിന്ന് ഈ മയക്കുമരുന്ന് കൊണ്ടുവന്നതിന് ഉത്തരവാദി അദാനിയാണെന്നായിരുന്നു രാഹുലിന്റെ ദുരുപദിഷ്ടമായ പ്രസ്താവന. ശ്രീലങ്കയില്‍ അദാനിക്ക് നിര്‍മാണ കരാര്‍ ലഭിക്കാന്‍ മോദി ആ രാജ്യത്തെ സര്‍ക്കാരിനെ സ്വാധീനിച്ചു എന്നായിരുന്നു രാഹുലിന്റെ മറ്റൊരു ആരോപണം. പ്രാദേശിക കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി ആപ്പിള്‍ വിപണി അദാനി പിടിച്ചെടുക്കുന്നു എന്ന ആരോപണവും കോണ്‍ഗ്രസ് ഉന്നയിക്കുകയുണ്ടായി. ഇതെല്ലാം തെറ്റാണെന്ന് തെളിഞ്ഞിട്ടും മാപ്പുപറയാനോ ഖേദം പ്രകടിപ്പിക്കാനോ കോണ്‍ഗ്രസ്സും രാഹുലും തയ്യാറായില്ല.
ഗൗതം അദാനി ലോകത്തെ രണ്ടാമത്തെ കോടീശ്വരനായി മാറിയതിനും മോദി സര്‍ക്കാരിന് കോണ്‍ഗ്രസ്സിന്റെ പഴി കേള്‍ക്കേണ്ടി വന്നു. പ്രധാനമന്ത്രി മോദി തന്റെ സുഹൃത്തുക്കളായ അദാനിയെയും അംബാനിയെയും മാത്രമാണ് സഹായിക്കുന്നതെന്നായിരുന്നു ആക്ഷേപം. ഇതേ അദാനി ഗ്രൂപ്പ് ചെയര്മാന് 2011 ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സമ്പത്ത് ഉല്‍പ്പാദിപ്പിച്ചയാള്‍ എന്ന ബഹുമതി നേടിയിരുന്നു. അന്നു പക്ഷേ കോണ്‍ഗ്രസ് മിണ്ടിയില്ല. കാരണം കേന്ദ്രം ഭരിച്ചിരുന്നത് കോണ്‍ഗ്രസായിരുന്നു. രാജ്യത്തിന്റെ വികസനകാര്യത്തില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി ഉയരാന്‍ കോണ്‍ഗ്രസ്സിനാവുന്നില്ല എന്നതിന് തെളിവാണിത്. കോര്‍പ്പറേറ്റുകള്‍ രാജ്യത്തെ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് മോദി സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്നത്. നിയമം ലഘിച്ചാല്‍ നടപടികളെടുക്കും. അദാനിക്കും അംബാനിക്കുമെതിരെയും ഇത്തരം നടപടികളെടുത്തിട്ടുണ്ട്. പ്രധാനമന്ത്രി പലരുടെയും കണ്ണിലെ കരടായതിന്റെ കാരണവും അനധികൃത പണമിടപാടുകളില്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിനാലാണല്ലോ. തങ്ങളെ പരമ്പരാഗതമായി സഹായിച്ചുപോരുന്ന ചില കോടീശ്വരന്മാരുണ്ട്. അവര്‍ക്ക് വഴിവിട്ട ഇളവുകള്‍ ലഭിക്കാത്തതാണ് കോണ്‍ഗ്രസ്സിന്റെ പ്രശ്നം. റഫാല്‍ വിമാനക്കരാറിലെ അഴിമതിയാരോപണത്തിനു പിന്നിലും കോണ്‍ഗ്രസ്സിന് വേണ്ടപ്പെട്ടവര്‍ തഴയപ്പെട്ടതിന്റെ പ്രതികാരമായിരുന്നു. വികസനത്തില്‍ രാഷ്ട്രീയമില്ലെന്ന് ഇപ്പോള്‍ അശോക് ഗെഹ്ലോട്ട് പറയുന്നതാണ് ശരി. പക്ഷേ അത് കോണ്‍ഗ്രസ്സിന് സ്വീകാര്യമാവില്ല. രാഹുലിന്റെ നിലപാടിനെ ഗെഹ്ലോട്ട് തള്ളിയത് പാര്‍ട്ടിയില്‍ പുതിയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: