ഇസ്ലാമബാദ്: പാകിസ്ഥാനിലെ ഭരണകൂടം താലിബാന്റെ വക്താക്കളാണെന്ന് പരസ്യമായി പറഞ്ഞ് പാകിസ്ഥാനിലെ ജൂനിയര്‍ ധനകാര്യമന്ത്രി ഹിന റബ്ബാനി ഖാര്. പറഞ്ഞത് അബദ്ധമാണെന്ന് മനസ്സിലായതോടെ ഉടന്‍ തിരുത്തി. അഫ്ഗാനിസ്ഥാനിലെ തീവ്രവാദവും പട്ടിണിയും പാകിസ്ഥാനെയും ബാധിക്കുമെന്നതിനാല്‍ ഷെഹ്ബാസ് ഷറിഫ് നേതൃത്വം നല്കുന്ന സര്‍ക്കാര്‍ താലിബാന് ഭരണവുമായി സഹകരിച്ച് പോകുമെന്നാണ് ഉദ്ദേശിച്ചതെന്നായിരുന്നു പിന്നീട് ഹിന റബ്ബാനി ഖാര് തിരുത്തിയത്.
ജിയോ ന്യൂസിന് നല്കിയ അഭിമുഖത്തിലായിരുന്നു ഹിന റബ്ബാനി ഖാറിന് നാക്കുപിഴ സംഭവിച്ചത്. ഞങ്ങള്‍ അഫ്ഗാനിസ്ഥാന്റെ വക്താക്കളല്ല. “ഞങ്ങള്‍ പാകിസ്ഥാന്റെ വക്താക്കളാണ്. താലിബാനുമായി ബന്ധം പുലര്ത്തിപ്പോരണമെന്നത് ഞങ്ങളുടെ താല്പര്യമാണ്. കാരണം ഇറാന് കഴിഞ്ഞാല്‍ അഫ്ഗാനിസ്ഥാനുമായി 2600 കിലോമീറ്റര്‍ ദൂരം അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് പാകിസ്ഥാന്”- ഹിന റബ്ബാനി ഖാര് പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ പട്ടിണിയും തീവ്രവാദവും അയല്‍രാജ്യമായ പാകിസ്ഥാനെയും ബാധിക്കുകയാണ്. അഫ്ഗാന്-പാകിസ്ഥാന് അതിര്‍ത്തിയില്‍ നിരവധി പേര് കൊല്ലപ്പെടുന്നത് പാകിസ്ഥാന് തലവേദനയായിരിക്കുകയാണ്. ധാരാളം പേര് പട്ടിണി മൂലം മരിച്ചുവീഴുകയും ചെയ്യുന്നു.
മുല്ല മുഹമ്മദ് ഹാസന് അഖുന്ദിന്റെ നേതൃത്വത്തിലുള്ള താലിബാന്റെ കെയര്‍ ടേക്കര്‍ സര്‍ക്കാര്‍ അഫ്ഗാനിസ്ഥാനില്‍ അധികാരത്തില്‍ വരുന്നതിന് കാരണക്കാരന്‍ പാകിസ്ഥാന്റെ മുന്‍ ഐഎസ് ഐ മേധാവി ഫയിസ് ഹമീദായിരുന്നു. താലിബാന് അഫ്ഗാനിലെ അധികാരം കയ്യാളുന്നതിന് തൊട്ട് മുന്‍പ് നിരവധി തവണ ഫയിസ് ഹമീദ് അഫ്ഗാനിസ്ഥാന് സന്ദര്‍ശിച്ചിരുന്നു. താലിബാന് സര്‍ക്കാരിനെതിരെ അഫ്ഗാനിസ്ഥാനില്‍ പൊരുതിയിരുന്ന എന്‍ആര്‍എഫ് സേനയെ പഞ്ച് ശീറില്‍ നിന്നും തുരത്തുന്നതിന് അന്ന് താലിബാനെ സഹായിച്ചത് പാകിസ്ഥാന്റെ സൈനിക ഡ്രോണുകളും ഹെലികോപ്റ്ററുകളും ആണ്. താലിബാന് സര്‍ക്കാരിന്റെ ആണിക്കല്ലായ ഹബ്ബാനി ശൃംഖലയ്ക്ക് പാകിസ്ഥാന് സൈന്യവുമായി നല്ല ബന്ധമാണുള്ളത്.
താലിബാന് സര്‍ക്കാരിന് സഹായം നല്കാന് പാകിസ്ഥാന് തന്നെ പല രാജ്യങ്ങളോടും തുറന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ കാബൂളില്‍ വെച്ച് അല്‍ ക്വെയ്ദ മേധാവി അയ്മാന്‍ അല്‍ സവാഹിരി അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി. നിരോധിക്കപ്പെട്ട പല തീവ്രവാദ സംഘടനകളും അഫ്ഗാനിസ്ഥാനില്‍ തമ്പടിച്ചിരിക്കുകയാണെന്ന് ഈയിടെ പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷറീഫ് ഐക്യരാഷ്ട്രസഭയില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ താലിബാന് ഈ പ്രസ്താവനയെ തള്ളി. പാകിസ്ഥാനുള്ളില്‍ നിരവധി തീവ്രവാദി ആക്രമണം നടത്തുന്ന തെഹ്റീക് ഇ താലിബാന് പാകിസ്ഥാന് (ടിടിപി) എന്ന സംഘടനയുടെ അഭയകേന്ദ്രം അഫ്ഗാനിസ്ഥാനാണെന്നതും പാകിസ്ഥാന് തലവേദനയായിരിക്കുകയാണ്. ടിടിപിയുടെ കമാന്‍ഡര്‍മാരായ ഒമര്‍ ഖാലിദ് ഖൊറാസനിയും അഫ്താബ് പാര്കായും പാകിസ്ഥാന് സൈനികാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ ടിടിപി-പാകിസ്ഥാന് ബന്ധം വഷളായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: