കീവ്: ഉക്രൈന് മണ്ണില്‍ റഷ്യയുടെ ഹിതപരിശോധന നടക്കുന്നതിനിടെ റഷ്യന്‍ നഗരങ്ങളില്‍ വ്യാപക പ്രതിഷേധം. പുടിന് വിരുദ്ധ മുദ്രാവാക്യങ്ങളുമായി വന്‍ പ്രകടനങ്ങളാണ് നഗരങ്ങളില്‍ നടക്കുന്നത്. ഉക്രൈനില്‍ യുദ്ധം ചെയ്യാന്‍ മക്കളെ വിട്ടുനല്‍കില്ലെന്ന മുദ്രാവാക്യങ്ങളുമായി സ്ത്രീകളും കുട്ടികളുമടക്കമുള്ള വന്‍ ജനക്കൂട്ടമാണ് നിര്‍ബന്ധിത സൈനിക സേവനത്തിനെതിരെ പ്രതിഷേധിക്കുന്നത്.
ഉക്രൈനിലെ നാല് പ്രവിശ്യകളെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കുകയാണ് റഷ്യയുടെ ലക്ഷ്യം. റഷ്യന്‍ അനുകൂല വിമതര്‍ക്ക് ആധിപത്യമുളള ലുഹാന്‍സ്ക്, ഡോണെറ്റ്സ്ക് എന്നിവയും സാപ്രോഷ്യ, കേഴ്സണ്‍ പ്രവിശ്യകളിലും ചൊവ്വാഴ്ച വരെ ഹിതപരിശോധന നടക്കും. വിമതര്‍ ഭരിക്കുന്ന ലുഹാന്‍സ്കും ഡോണെറ്റ്സ്കും റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലാണ്. വെള്ളിയാഴ്ചയാണ് ഹിതപരിശോധന ആരംഭിച്ചത്. ചില പ്രദേശങ്ങള്‍ ഉക്രൈന് സൈന്യം തിരികെ പിടിക്കുന്ന പശ്ചാതലത്തിലാണ് റഷ്യയുടെ ഈ നീക്കം.
ഏഴ് മാസം പിന്നിടുന്ന യുദ്ധം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സൈനികരെ നിയോഗിക്കാന്‍ പുട്ടിന് തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ മൂന്ന് ലക്ഷം റിസര്‍വ് സൈനികരെ സമാഹരിക്കാനാണ് തീരുമാനം. എന്നാലിത് 10 ലക്ഷം വരെയായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മേലുദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിക്കാതിരിക്കുകയോ വിട്ടുപോകുകയോ ചെയ്യുന്ന സൈനികര്‍ക്കു കടുത്ത ശിക്ഷ നല്കുന്ന ബില്ലിലും ശനിയാഴ്ച പുടിന് ഒപ്പിട്ടു.
സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചതിന്, മോസ്കോയിലും സെന്റ് പീറ്റര്‍സ്ബര്‍ഗിലുമായി കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് പേര് അറസ്റ്റിലായി. അതേസമയം രാജ്യം വിടാന്‍ തിക്കിത്തിരക്കി റഷ്യന്‍ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. വീസയില്ലാതെ പ്രവേശിക്കാവുന്ന രാജ്യങ്ങളിലേക്കു വിമാനടിക്കറ്റ് നേടാനാണ് തിരക്ക്. കിലോമീറ്ററോളം വാഹനങ്ങളുടെ നിര നീണ്ടതായി റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: