ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരുടെ സംഘടനയായ ഓള്‍ ഇന്ത്യാ ബാര്‍ അസോസിയേഷന്‍ (എ ഐബിഎ). കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ബന്ദ് അക്രമാസക്തമായതിന്റെ പിറ്റേന്നാണ് എ ഐബിഎ ഈ ആവശ്യം ഉയര്‍ത്തിയത്.
പോപ്പുലര്‍ ഫ്രണ്ട് കേസുകള്‍ തീവ്രവാദ കേസുകളായി പരിഗണിച്ച് കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്നും എഐബിഎ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസുകള്‍ സാധാരണ കോടതികളില്‍ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പ്രേരണ ചെലുത്തണമെന്നും എഐബിഎ ആവശ്യപ്പെട്ടു.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ശിക്ഷഉറപ്പാക്കാന്‍ എന്‍ ഐഎ വിചാരണ തുടങ്ങണം. പോപ്പുലര്‍ ഫ്രണ്ട് കുറ്റവാളികള്‍ കുറ്റവിമുക്തരാകപ്പെടുന്ന കേസുകള്‍ വീണ്ടും തലനാരിഴ കീറി പഠിച്ച് അതിലെ പോരായ്മകള്‍ പരിഹരിച്ച് പ്രോസിക്യൂഷനെ ശക്തമാക്കണമെന്നും എഐബിഎ ആവശ്യപ്പെട്ടു.
സംഘടനയെ നിരോധിക്കാനുള്ള ശരിയായ സമയമാണിതെന്നും എഐബിഎ ചെയര്‍മാന്‍ ആദിഷ് സി അഗര്‍വാല പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്‌ക്കും എതിരായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ ആരെയും അനുവദിക്കരുതെന്നും അഗര്‍വാല പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യം മുഴുവന്‍ നടന്ന അക്രമാസക്ത സമരങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആയിരുന്നു. അതുപോലെ മുസ്ലിം യുവാക്കളെ മതമൗലികവാദികളാക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍, മതപരിവര്‍ത്തനം എന്നീ പ്രവര്‍ത്തനങ്ങളിലും പോപ്പുലര്‍ ഫ്രണ്ട് പങ്കാളികളാണ്. – അദ്ദേഹം പറഞ്ഞു.
രാജ്യത്തുടനീളം നടന്ന റെയ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വിപുലമായ ശൃംഖലയാണ് വെളിവായത്. ഇന്ത്യ ഒരു മതേതര രാജ്യമാണ്. ഇന്ത്യയുടെ മതേതര ഘടന തകര്‍ക്കാന്‍ ആരെയും അനുദവിച്ചുകൂടാ. കേരളത്തിലെ കോളെജ് പ്രൊഫസറുടെ കൈപ്പത്തി വെട്ടിമാറ്റിയത്, മറ്റ് വിശ്വാസങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനകളില്‍ പ്പെട്ടവരെ നിഷ്ഠുരമായി കൊല ചെയ്യല്‍, പ്രമുഖ വ്യക്തികളെയും സ്ഥലങ്ങളെയും തകര്‍ക്കാന്‍ സ്ഫോടകവസ്തുക്കള്‍ ശേഖരിക്കല്‍, ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണയ്‌ക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍- ഇതെല്ലാം ആളുകളുടെ മനസ്സില്‍ ഭീതിയുണര്‍ത്തുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
ഒരിയ്‌ക്കല്‍ കൂടി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട സംഘടന ഇതുപോലുള്ള അറസ്റ്റുകള്‍ ഇനിയും ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: