ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ കിരീടത്തിനൊപ്പം ലോക ഒന്നാം നമ്പര്‍ പട്ടവും… പത്തൊമ്പതുകാരന് സ്പെയ്നിന്റെ കാര്‍ലോസ് അല്‍കരാസ് ന്യൂയോര്‍ക്കിലെ ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ ചരിത്രമെഴുതി. ഫൈനലില്‍ അഞ്ചാം സീഡ് നോര്‍വെയുടെ കാസ്പര്‍ റൂഡിനെ നാലു സെറ്റില്‍ തോല്‍പ്പിച്ചു, 6-4, 2-6, 7-6, 6-3.
ആദ്യ സെറ്റ് അല്‍കരാസ് അനായാസം നേടിയെങ്കിലും രണ്ടാമത്തേത് നേടി റൂഡ് തിരിച്ചെത്തി. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മൂന്നാം സെറ്റ് ടൈബ്രേക്കറില്‍ നേടിയതോടെ മാനസിക മുന്‍തൂക്കവും സ്പാനിഷ് താരത്തിന്. ഇതോടെ, അവസാന സെറ്റ് വലിയ എതിര്‍പ്പില്ലാതെ സ്വന്തമാക്കി, കരിയറിലെ ആദ്യ ഗ്രാന്ഡ്സ്ലാമില് മുത്തമിട്ടു അല്‍കരാസ്. രണ്ടാം ഗ്രാന്‍ഡ്സ്ലാം ഫൈനലാണ് റൂഡിനിത്. ഈ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ റാഫേല്‍ നദാലിനോട് തോറ്റിരുന്നു. പുതിയ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു നോര്‍വെ താരം. റാഫേല്‍ നദാലാണ് മൂന്നാമത്. നിലവിലെ ഒന്നാം നമ്പറായിരുന്ന ഡാനില്‍ മെദ്വദേവ് നാലാമതായി. നൊവാക് ദ്യോകൊവിച്ച് ഏഴാം റാങ്കിലാണ്.
ഒട്ടേറെ റിക്കാര്‍ഡുകളും മത്സരത്തില്‍ അല്‍കരാസ് സ്വന്തമാക്കി. പുരുഷ ടെന്നീസില്‍ ലോക ഒന്നാം നമ്പര്‍ പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് അതിലൊന്ന്. 19 വര്‍ഷവും നാലു മാസവുമാണ് അല്‍കരാസിന് പ്രായം. 2001ല്‍ 20 വര്‍ഷവും ഒമ്പത് മാസവും പ്രായമുള്ളപ്പോള്‍ ഒന്നിലെത്തിയ ഓസ്ട്രേലിയയുടെ ലെയ്ട്ടണ്‍ ഹെവിറ്റിന്റെ റിക്കാര്‍ഡാണ് മറികടന്നത്. സ്പെയ്നില്‍ നിന്ന് ഒന്നാം നമ്പറിലെത്തുന്ന നാലാമത്തെ താരമാണ്. യുവാന്‍ കാര്‍ലോസ് ഫെരേറൊ, കാര്‍ലോസ് മോയ, റാഫേല്‍ നദാല്‍ മുന്‍ഗാമികള്‍.
ഒരു ടൂര്‍ണമെന്റിനിടെ നാലാം നമ്പറില്‍ നിന്ന് ഒന്നാം സ്ഥാനത്തെത്തുന്ന നാലാമത്തെ താരം കൂടിയാണ് അല്‍കരാസ്. കാര്‍ലോസ് മോയ (1999), ആന്ദ്രെ അഗാസി (1999), പീറ്റ് സാംപ്രസ് (2000) മുന്‍ഗാമികള്‍. നദാലിനു ശേഷം ഗ്രാന്‍ഡ്സ്ലാം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരവുമാണ് അല്‍കരാസ്. 2005ല്‍ ഫ്രഞ്ച് ഓപ്പണ്‍ നേടുമ്പോള്‍ നദാലിന് പ്രായം 19. പീറ്റ് സാംപ്രസിനു ശേഷം യുഎസ് ഓപ്പണ്‍ സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരവുമാണ്. 1990ല്‍ യുഎസ് ഓപ്പണ്‍ ജേതാവാകുമ്പോള്‍ പീറ്റ് സാംപ്രസിന് പ്രായം 19 വയസ്.
വനിതാ ഡബിള്‍സില്‍ മൂന്നാം സീഡ് ബാര്‍ബറ ക്രെയ്ചെകൊവ-കാതെറിന സിനിയകൊവ സഖ്യത്തിന് കിരീടം. ഫൈനലില്‍ കാറ്റി മക്നല്ലി-ടെയ്ലര് ടൗണ്‍സെന്‍ഡ് കൂട്ടുകെട്ടിനെ തോല്‍പ്പിച്ചു, 3-6, 7-5, 6-1. ഇവരുടെ ആദ്യ യുഎസ് ഓപ്പണ്‍ കിരീടമാണിത്.
ഇതോടെ, ചെക് സഖ്യത്തിന് കരിയര്‍ സ്ലാം സ്വന്തം. ഈ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണും വിംബ്ള്‍ഡണും നേടിയിട്ടുണ്ട്. 2018ലും വിംബ്ള്‍ഡണ്‍ ജേതാക്കളായിരുന്നു. 2018, 2021 വര്‍ഷങ്ങളില്‍ ഫ്രഞ്ച് ഓപ്പണും നേടി. നാല് ഗ്രാന്‍ഡ്സ്ലാമിലും ജേതാവാകുന്നതാണ് കരിയര്‍ സ്ലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: