ന്യൂദല്‍ഹി: സിദ്ദിഖ് കാപ്പന്‍ ജാമ്യത്തിനായി സുപ്രീം കോടതിയില്‍ കള്ള സത്യവാങ്മൂലം സമര്‍പ്പിച്ചുവെന്ന് തെളിഞ്ഞു. മംഗളം, സുപ്രഭാതം പത്രങ്ങളുടെ ലേഖകനായിരുന്നുവെന്ന കാപ്പന്റെ സത്യവാങ്മൂലത്തിലെ അവകാശവാദങ്ങള്‍ തെറ്റാണെന്നു മംഗളവും സുപ്രഭാതവും വ്യക്തമാക്കി.
സിദ്ദിഖ് കാപ്പന്‍ വീക്ഷണം പത്രത്തില്‍ ജോലി ചെയ്തതായും സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിരുന്നു. വീക്ഷണത്തില്‍ ജോലി ചെയ്തിട്ടില്ലെന്നു പത്രത്തിലുള്ളവര്‍ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും നിഷേധക്കുറിപ്പ് ഇറക്കിയിട്ടില്ല. കേരളകൗമുദിയയില്‍ ജോലിയില്‍ കയറാന്‍ കാപ്പന്‍ കോപ്പുകൂട്ടിയിരുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തവന്നിരുന്നു.
കാപ്പന്‍ തങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടില്ല എന്ന വ്യക്തമാക്കി ‘മംഗളം’ വിശദീകരിക്കുന്നതിങ്ങനെ: ”ഉത്തര്‍പ്രദേശ് ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ അദ്ദേഹം ‘മംഗളം’ ലേഖകന്‍ ആയിരുന്നുവെന്ന തെറ്റായ പരാമര്‍ശമുണ്ട്.ഇക്കാര്യത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ‘മംഗളം’ സ്ഥാപനത്തിന്റെ പേര് അനാവശ്യമായി വലിച്ചിഴയ്‌ക്കുന്നതില്‍ മംഗളം മാനേജ്‌മെന്റ് ഉത്കണ്ഠ അറിയിക്കുന്നു. സിദ്ദിഖ് കാപ്പന്‍ മംഗളം ലേഖകന്‍ ആയിരുന്നില്ലെന്നും ഈ പ്രചരണം അടിസ്ഥാന രഹിതമാണെന്നും മംഗളം മാനേജ്‌മെന്റ് അറിയിക്കുന്നു . ഇക്കാര്യത്തിലുള്ള വിവാദം അവസാനിപ്പിക്കാന്‍ വിനീതമായി അഭ്യര്‍ഥിക്കുന്നു”.
അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ സുപ്രഭാതം ദിനപത്രത്തില്‍ ജോലി ചെയ്തിരുന്നുവെന്ന പ്രചാരണം അടിസ്ഥാരഹിതമാണെന്ന് സുപ്രഭാതം മാനേജ്മെന്റ് അറിയിച്ചു. ‘സിദ്ദീഖ് കാപ്പന്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ സുപ്രഭാതത്തില്‍ ജോലിക്ക് ചേര്‍ന്നിരുന്നുവെന്ന പരാമര്‍ശമുണ്ട്. ഇത് വസ്തുതാവിരുദ്ധമാണ്. ഇക്കാര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ‘സുപ്രഭാത’ത്തിന്റെ പേര് ചൂണ്ടിക്കാട്ടിയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം’ എന്നാണ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്
സിദ്ദിഖ് കാപ്പന്‍ അസല്‍ മാധ്യമ പ്രവര്‍ത്തകനാണെന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് സത്യവാങ്മൂലത്തിലെ വ്യാജ അവകാശവാദങ്ങള്‍.പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രമായ തേജസ് പൂട്ടിയ ശേഷം തല്‍സമയം പത്രത്തിലാണ് കാപ്പന്‍ പ്രവര്‍ത്തിച്ചത്. തല്‍സമയം പത്രം ഒരു വര്‍ഷം പോലും പൂര്‍ത്തിയാകുന്നതിനു മുമ്പു പൂട്ടി. തുടര്‍ന്ന് അഴിമുഖം ഓണ്‍ലൈനില്‍ ലേഖകനായിരിക്കവേയാണ് ഹ ത്രാസ് കലാപ ഗൂഡാലോചന കേസില്‍ അറസ്റ്റിലായത്.
സിദ്ദിഖ് കാപ്പന്‍ കെ യുഡബ്ല്യുജെ ഡല്‍ഹി ഘടകം സെക്രട്ടറിയായതില്‍ പിന്നിലും രസകരമായ ചരിത്രമുണ്ട്. യൂണിയന്റെ സര്‍ക്കാര്‍ ഫണ്ട് വെട്ടിപ്പ് കേസില്‍ ഹൈക്കോടതിയില്‍ നിന്ന് നോട്ടീസ് ലഭിച്ചപ്പോള്‍ പ്രസിഡന്റും സെക്രട്ടറിയും രാജിവച്ചു. തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം യൂണിയനു ഭാരവാഹികളില്ലായിരുന്നു. അടുത്ത തിരഞ്ഞെടുപ്പു വന്നപ്പോള്‍ അഴിമതി യൂണിയന്റെ ഭാരവാഹിത്വത്തിനു മല്‍സരിക്കാന്‍ ആളില്ലാത്ത സ്ഥിതി. അവസരം മുതലെടുത്ത് കാപ്പന്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ തയാറായി. മല്‍സരമില്ലാതെ ചുളുവില്‍ സെക്രട്ടറിയാകാന്‍ കാപ്പനു സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: