കണ്ണൂര്‍: തെരഞ്ഞെടുപ്പ് ജോലിചെയ്ത ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് (ബി.എല്‍.ഒ) കഴിഞ്ഞ ഒരുവര്‍ഷമായി പ്രതിഫലം നല്‍കാത്ത സര്‍ക്കാര്‍ വീണ്ടും അമിതജോലി അടിച്ചേല്‍പ്പിച്ച് പീഡിപ്പിക്കുന്നതായി ബൂത്ത് ലെവല്‍ ഓഫീസേഴ്സ് അസോ. സംസ്ഥാന ഭാരവാഹികള്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്താകെയുള്ള 25,000 ബിഎല്‍ഒമാര്‍ ഈവരുന്ന തിരുവോണനാളില്‍ വീടുകളില്‍ ഭക്ഷണം കഴിക്കാതെ പട്ടിണി സമരം നടത്തും.
കഴിഞ്ഞവര്‍ഷം ചെയ്ത ജോലിയുടെ ഓണറേറിയമായ 7200 രൂപയാണ് ഇവര്‍ക്ക് നല്‍കാതിരിക്കുന്നത്. ഓണക്കാലത്തെങ്കിലും ഈ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് അസോ. ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായില്ല. ഓണക്കാലത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്ക്ക് ഉത്സവബത്തയും ബോണസും മറ്റുള്ളവര്‍ക്ക് ക്ഷേമ പെന്‍ഷനും നല്കുന്ന സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാരപ്പോലെ ചെയ്ത ജോലിക്ക് വേതനം നല്‍കാതെ തങ്ങളെയും ദുരിതത്തിലാക്കിയെന്നാണ് ബിഎല്‍ഒമാരുടെ പരാതി. തുച്ഛമായ വരുമാനക്കാര്‍ പലരും ബിഎല്‍ഒമാരായി സേവനമനുഷ്ഠിക്കുന്നുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് വേളയില്‍ മുഴുവന്‍ സമയം അധ്വാനിച്ചിട്ടും തങ്ങള്‍ക്ക് മാത്രം ഓണറേറിയം അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നാണ് ഇവരുടെ പരാതി.
ഇതിനായി ഒരു വര്‍ഷത്തേക്ക് ആറായിരം രൂപ ഓണറേറിയവും 1200രൂപ ഫോണ്‍ ചാര്‍ജുമാണ് ഇവര്‍ക്ക് നല്‍കുന്നത്. വേതനമില്ലെങ്കിലും ഉത്തരവാദിത്വമുള്ള ജോലി അടിച്ചേല്‍പ്പിക്കുന്നതില്‍ യാതൊരു കുറവുമില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇപ്പോള്‍ വോട്ടര്‍ ഐഡി കാര്‍ഡിനൊപ്പം ആധാര്‍ ലിങ്കിങ് എന്ന പുതിയ ദൗത്യമാണ് ഇവരെ ഏല്‍പ്പിച്ചിട്ടുള്ളത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ബിഎല്‍ഒമാര്‍ ഇതേമാതിരി വീടുകള്‍ കയറി വോട്ടര്‍മാരുടെ ആധാര്‍ നമ്പറുകള്‍ ശേഖരിച്ചതാണ്. എന്നാല്‍ അതു പിന്നീട് നടപ്പിലാക്കാത്ത പദ്ധതിയായി പാഴാവുകയായിരുന്നു.
ഇപ്പോള്‍ ഇതിനുസമാനമായി വീണ്ടും വോട്ടര്‍മാരുടെ ആധാര്‍ നമ്പര്‍ ശേഖരിച്ചു ഓണ്‍ ലൈനായി ലിങ്കു ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിന് കൃത്യമായ വേതനം പ്രഖ്യാപിക്കാതെ പാരിതോഷികമാണ് സര്‍ക്കാര്‍ നല്‍കുമെന്ന് പറയുന്നത്. ഓരോ ജില്ലയിലും ഏറ്റവും കൂടുതല്‍ ആധാര്‍ ലിങ്ക് ചെയ്യുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് 7500 രൂപയും രണ്ടാംസ്ഥാനത്തെത്തുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് 5000 രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ എങ്ങനെയാണ് വേതനം നല്‍കുകയെന്ന കാര്യത്തില്‍ അധികൃതര്‍ മൗനം പാലിക്കുകയാണ്. സംസ്ഥാനത്ത് 800 മുതല്‍ 1500 ബൂത്തുകളാണുള്ളത്. അപ്പോള്‍ ഈ വേതനം എങ്ങനെയാണ് കണക്കാക്കുകയെന്ന് ബൂത്ത് ലെവല്‍ ഓഫീസേഴ്സ് അസോ. ഭാരവാഹികള്‍ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: