കൊച്ചി: എറണാകുളത്ത് സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയോടുന്നു. കനത്ത മഴയില്‍ സൗത്ത്, നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതാണ് സിഗ്‌നല്‍ തകരാറിന് കാരണമായത്. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി, സെക്കന്തരാബാദ്- തിരുവനന്തപുരം ശബരി എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിട്ടു.
നിസാമുദ്ദിൻ-മംഗള എക്‌സ്പ്രസ് നോര്‍ത്ത് സ്‌റ്റേഷനില്‍ യാത്ര അവസാനിപ്പിച്ചു. കൊല്ലം-എറണാകുളം മെമു തൃപ്പൂണിത്തുറയിലും യാത്ര അവസാനിപ്പിച്ചു. എറണാകുളം ജില്ലയിൽ ഇന്നലെ മുതൽ കനത്ത മഴയാണ് പെയ്യുന്നത്. അർദ്ധരാത്രി മുതൽ പെയ്യുന്ന മഴ മൂലം ജില്ലയിലെ പലയിടങ്ങളും വെള്ളത്തിനടിയിലായി. കൊച്ചിയിലെ പ്രധാന പാതകളും റോഡുകളും എല്ലാം തന്നെ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.
കലൂർ സ്‌റ്റേഡിയം റോഡിലും എംജി റോഡിലും ഹൈക്കോടതിയ്‌ക്ക് മുന്നിലും വെള്ളക്കെട്ട് രൂപപ്പെട്ടു. എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷൻ പരിസരവും വെള്ളത്തിനടിയിലാണ്. കൊച്ചിയിൽ ഗതാഗതം പലയിടത്തും സ്തംഭിച്ചു. പാലാരിവട്ടം മുതൽ എംജി റോഡ് വരെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
രാവിലെ ഓഫീസുകളിലേക്കും സ്‌കൂളുകളിലേക്കും ഇറങ്ങിയ ആളുകളെല്ലാം വഴിയിൽ കുടുങ്ങി. ഹൈക്കോടതിയിൽ ഇന്നത്തെ സിറ്റിംഗ് 11 മണിക്ക് ശേഷമാണ് തുടങ്ങിയത്. കനത്ത മഴയും വെള്ളക്കെട്ടും കണക്കിലെടുത്താണ് തീരുമാനം. ഇന്ന് ജില്ലയിൽ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: