കൊല്ലം: സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക കാറില്‍ കെട്ടിയതിന്റെ പേരില്‍ ഫിലിം ആര്‍ട് ഡയറക്ടര്‍ അര്‍ക്കനെയും സുഹൃത്തിനെയും ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ നീക്കം. നാലംഗ സംഘം മര്‍ദിച്ചെന്ന് പരാതിയും മൊഴിയും നല്‍കിയിട്ടും പോലീസ് രണ്ടു പേരുടെ അറസ്റ്റില്‍ കേസ് ഒതുക്കാനാണ് ശ്രമം.
കണ്ടാലറിയാവുന്ന നാലംഗ സംഘമാണ് തന്നെ ആക്രമിച്ചതെന്നും സമീപത്ത് മറ്റ് ആറോളം പേരുണ്ടായിരുന്നതായുമാണ് അര്‍ക്കന്‍ നല്‍കിയ പരാതിയും മൊഴിയും. എന്നാല്‍, രണ്ടു പേര്‍ മര്‍ദിച്ചതായാണ് അര്‍ക്കന്റെ മൊഴിയെന്നാണ് പോലീസ് ഇപ്പോള്‍ നല്‍കുന്ന വിശദീകരണം.
പോലീസ് പട്രോളിങ് സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു അര്‍ക്കനു മര്‍ദനമേറ്റത്. നാലംഗ സംഘം മര്‍ദിക്കുന്നതിന് ഇവരും സാക്ഷിയാണ്. മര്‍ദനം തടയാതിരുന്നതിനൊപ്പം കേസ് അട്ടിമറിക്കാനും പോലീസ് നീക്കം നടത്തുകയാണ്. അക്രമി സംഘത്തില്‍ രക്ഷപെട്ട് കാറില്‍ കയറാനായി പോകുമ്പോള്‍ പിന്നില്‍ ചവിട്ടി കാറിലേക്ക് ഇടുകയായിരുന്നെന്ന് അര്‍ക്കന്‍ പറഞ്ഞു.
മര്‍ദിക്കുന്നതു തടയാന്‍ പോലീസുകാരോട് അപേക്ഷിച്ചപ്പോള്‍, ‘കാര്‍ എടുത്ത് ആശുപത്രിയില്‍ പോടെ’ എന്നായിരുന്നു മറുപടി. മൂക്കില്‍ നിന്ന് രക്തം ഒലിപ്പിച്ചു നിന്ന തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്ന് അര്‍ക്കന്‍ പറഞ്ഞു. അക്രമം നടന്ന കൊല്ലം പള്ളിമുക്കില്‍ നിന്ന് സ്വയം കാറോടിച്ചാണ് അര്‍ക്കന്‍ ജില്ലാ ആശുപത്രിയില്‍ എത്തിയത്. ഇവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലേക്കു പോകുമ്പോള്‍ തന്നെ അര്‍ക്കന്‍ പോലീസ് സ്‌റ്റേഷനിലെത്തി മൊഴി നല്‍കിയിരുന്നു.
എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായില്ല. രണ്ടു ദിവസം കഴിഞ്ഞ് സുരേഷ്‌ഗോപിയും ബിജെപി നേതാക്കളും സിറ്റി പോലീസ് കമ്മീഷണറെ പ്രതിഷേധം അറിയിച്ചതോടെയാണ് ഇരവിപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ പോലീസ് അറസ്റ്റു ചെയ്ത ഇരവിപുരം പള്ളിമുക്ക് കയ്യാലയ്‌ക്കല്‍ നജീബി മന്‍സിലില്‍ റിയാസ് (24), അല്‍അമീന്‍ നഗര്‍ അല്‍ത്താഫ് മന്‍സിലില്‍ അല്‍ത്താഫ് (31) എന്നിവരുടെ വിവരങ്ങളും ചിത്രവും മാധ്യമങ്ങളില്‍ എത്താതിരിക്കാനും പോലീസ് ശ്രമിച്ചു.
ചെറിയ കേസില്‍ പിടിക്കുന്ന പ്രതികളുടെ വിവരങ്ങള്‍ പോലും ചിത്രങ്ങള്‍ സഹിതം എല്ലാ ദിവസവും വൈകിട്ട് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ അര്‍ക്കനെയും സുഹൃത്തിനെയും ആക്രമിച്ചതിന് അറസ്റ്റിലായ പ്രതികളുടെ വിവരങ്ങള്‍ രണ്ടു ദിവസങ്ങള്‍ക്കു ശേഷവും മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. അറസ്റ്റു ചെയ്ത വിവരം അറിഞ്ഞ് ഇരവിപുരം പോലീസ് സ്‌റ്റേഷനില്‍ നിരവധി തവണ ബന്ധപ്പെട്ട ശേഷമാണ് ‘ജന്മഭൂമി’ക്ക് വിവരങ്ങള്‍ ലഭിച്ചത്. അതേസമയം പ്രതികളുടെ ചിത്രം നല്‍കാന്‍ പോലീസ് തയ്യാറായുമില്ല. പോലീസിന്റേത് കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അര്‍ക്കന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: