ബെംഗളൂരു: ഷിമോഗയില്‍ 75ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ബിജെപി പ്രവര്‍ത്തകര്‍ സവര്‍ക്കറുടെ പോസ്റ്റര്‍ ഉയര്‍ത്തിയതിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയ്ക്ക് നേരെ ചീമുട്ടയേറ്. കൊടകില് നിന്നും മടങ്ങുകയായിരുന്ന സിദ്ധരാമയ്യയുടെ കാര്‍ ബിജെപി പ്രവര്‍ത്തകര്‍ കുശാല്‍ നഗറിലെ ഗുഡ്ഡെ ഹൊസൂരുവില്‍ വെച്ച് തടഞ്ഞു. സിദ്ധരാമയ്യയുടെ കാറിന് നേരെ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ചിലര്‍ സവര്‍ക്കറുടെ ചിത്രം കാറിനുള്ളിലേക്ക് എറിയുകയും ചെയ്തു.
മടിക്കേരിയില്‍ വെള്ളപ്പൊക്കബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിവരികയായിരുന്നു സിദ്ധരാമയ്യ. സിദ്ധരാമയ്യയുടെ പ്രസ്താവനയെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി, മുന്‍ മന്ത്രി കെ.എസ്. ഈശ്വരപ്പ എന്നിവര്‍ വിമര്‍ശിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഷിമോഗയില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഉയര്‍ത്തിയ സവര്‍ക്കറുടെ ചിത്രം ചില കീറിക്കളഞ്ഞിരുന്നു. ഈ സംഭവത്തെതുടര്‍ന്ന് ന്യൂനപക്ഷസമുദായത്തില്പ്പെട്ടവരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലും നടന്നിരുന്നു. സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാന്‍ പ്രദേശത്ത് 144 പ്രഖ്യാപിച്ചിരിക്കുകയാണ് പൊലീസ്.
ഷിമോഗയിലെ മുസ്ലിം പ്രദേശത്ത് സവര്‍ക്കറുടെ ചിത്രം ഉയര്‍ത്തിയത് ശരിയായില്ലെന്ന് സിദ്ധരാമയ്യ വിമര്‍ശിച്ചിരുന്നു. ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ പ്രകോപിതരായതോടെ വീണ്ടും പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി. ഏറ്റുമുട്ടലുകള്‍ക്കിടയില്‍ ഒരാള്‍ക്ക് കുത്തേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: