ന്യൂദല്‍ഹി: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാര്‍ഷികത്തോടനുബന്ധിച്ചു രാജ്യത്ത് 30 കോടിയിലധികം ദേശീയ പതാകകള്‍ വിറ്റതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഏകദേശം 500 കോടിയുടെ ബിസിനസ് രാജ്യത്ത് ഉണ്ടായതായി കോണ്‍ഫഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് അറിയിച്ചു. പതാക നിർമ്മാണത്തിനായി തൊഴിലാളികൾ രാവും പകലും നീണ്ട പ്രവര്‍ത്തനമാണ് നടത്തിയത്. കൊവിഡ് 19ന് ശേഷം തകർന്ന വിപണിക്ക് വലിയ ഉണർവ്വാണ് നല്‍കിയത്. ഇന്ത്യൻ തപാൽ വകുപ്പും ദേശീയ പതാക ഓൺലൈനിൽ വിൽപ്പന നടത്തിയിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഓഗസ്റ്റ് 13നും 15നും ഇടയില്‍ എല്ലാവരും വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ ഹര് ഘര്‍ തിരംഗ ക്യാമ്പയിന്റെ ഭാഗമായിയായിരുന്നു മോദിയുടെ ആഹ്വാനം. ഓഗസ്റ്റ് 13ന് ആരംഭിച്ച് സ്വാതന്ത്ര്യ ദിനം വരെ വീടുകളിലും സ്ഥാപനങ്ങളിലും പതാക ഉയർത്താനുള്ള ആഹ്വാനമാണ് ‘ഹർ ഘർ തിരംഗ’ ക്യാമ്പയിനിലൂടെ നല്‍കിയത്. എല്ലാ വീടുകളിലും സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ അന്തരീക്ഷം എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഒപ്പം ജനങ്ങളെയാകെ വജ്ര ജയന്തിയിൽ പങ്കാളിയാക്കാനും ഇതിലൂടെ ശ്രമിച്ചു.
വീട്ടിലുയർത്തിയ പതാകയുമൊത്ത് സെൽഫിയെടുത്ത ശേഷം ‘ഹർ ഘർ തിരംഗ’ എന്ന വെബ്സൈറ്റിൽ ഇത് അപ്ലോഡ് ചെയ്യാനും അവസരം ഒരുക്കി. ഇത്തരത്തില്‍ അഞ്ച് കോടി ചിത്രങ്ങളാണ് അപ്ലോഡ് ചെയ്യപ്പെട്ടതെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം ഡെലിവർ ചെയ്ത ഓർഡറുകളെ അപേക്ഷിച്ച്, ഇത്തവണ ദേശീയ പതാകയുടെ ആവശ്യം പലമടങ്ങ് വർധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: