കൊച്ചി: സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനമൂല്യമായ സ്വത്വം വീണ്ടെടുക്കുന്നതിനാവണം പ്രവര്‍ത്തിക്കേണ്ടതെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തോടനുബന്ധിച്ച് ആര്‍എസ്എസ് എറണാകുളം വിഭാഗ് എളമക്കര ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ നടത്തിയ അമൃതം- വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ പ്രശ്നങ്ങളേയും ദേശീയ കാഴ്ചപ്പാടോടെ സമീപിച്ചാല്‍ എല്ലാത്തിനുമുള്ള ഉത്തരം കിട്ടും. ഏകാത്മഭാവം വളര്‍ത്തി രാഷ്ട്രം ആദ്യം എന്ന തത്വത്തിലേക്ക് ഒരുമിച്ച് ചേരണം. സ്വത്വബോധം തിരിച്ചെടുത്ത് രാജ്യത്തെ പരമവൈഭവത്തിലെത്തിക്കാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രക്കുറിച്ച് അവലോകനം നടത്തിവേണം ഈ ഒരു കാലത്തെ മനസ്സിലാക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും. ഭാരതം സ്വാതന്ത്ര്യം നേടിയ കാലയളവില്‍ തന്നെ രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. 1947 ജൂണ്‍ മൂന്നിന് സിംലയില്‍ നടന്ന ബൈഠക്കിന് ശേഷം ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍, ലിയാഖത്ത് അലി ഖാന്, മുഹമ്മദ് അലി ജിന്ന, മൗണ്ട് ബാറ്റണ്‍ പ്രഭു എന്നിവര്‍ നടത്തിയ പത്രസമ്മേളനത്തിലൂടെ രാജ്യം വിഭജിക്കപ്പെടുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്.
ജൂണ്‍ 24 ലെ കോണ്‍ഗ്രസിന്റെ അഖിലേന്ത്യ സമ്മേളനവും ഈ പ്രഖ്യാപനം അംഗീകരിച്ചു. സുഭാഷ് ചന്ദ്രബോസും, ബാല ഗംഗാധര തിലകും, മഹര്‍ഷി അരവിന്ദനും സ്വപ്നം കണ്ട ഭാരതം ഇതായിരുന്നില്ല. ഈ മഹാന്മാരുടെ സ്വപ്നം സാക്ഷാത്കരിക്കുവാന്‍ വേണ്ടിയാവണം നാം പ്രവര്‍ത്തിക്കേണ്ടത്. അത് നമ്മുടെ കര്‍ത്തവ്യമാണ്. വരുന്ന 25 വര്‍ഷം ഇതിന് വേണ്ടി തീവ്രമായി പ്രയത്നിക്കണം. ചിലരുടെ മഹത്വം കൊണ്ട് രാഷ്ട്രത്തിന് മഹത്വം കൈവരുന്നില്ല. സര്‍വ്വസാധാരണക്കാരുടെ മഹത്വമാണ് രാജ്യത്തിന് മഹത്വം നല്‍കുന്നത്. മനുഷ്യനിര്മാണത്തിലൂടെയാവണം രാഷ്ട്രനിര്‍മാണം. ഇതിലൂടെയാവണം രാജ്യത്തിന്റെ സ്വത്വം വീണ്ടെടുക്കല്‍.
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഒന്നാണെന്ന സങ്കല്പം ഭാരതത്തിന്റെ മഹാപുരുഷന്മാര് അവതരിപ്പിച്ചിട്ടുണ്ട്. പഞ്ചാബിലെ ഗുരുനാനാക്ക് ദേവ്, അസമിലെ ശങ്കര്‍ ദേവ്, ഗുജറാത്തിലെ നരസിംഹ് മേത്ത, ഭാരതമെമ്പാടും പരിക്രമണം ചെയ്ത് ചതുര്‍മഠങ്ങള്‍ സ്ഥാപിച്ച ശങ്കരാചാര്യര്‍ ഇവരെല്ലാം ഈ സങ്കല്പത്തിന് കൃത്യത വരുത്തി. ഈ സങ്കല്പം ഉണ്ടാകണം. ഏറ്റവും കൂടുതല്‍ യുവാക്കള്‍ ഭാരതത്തിലാണ്. അവര്‍ ഊര്‍ജ്ജത്തിന്റെ ശ്രോതസ്സാണ്. സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ അവര്‍ക്ക് സാധിക്കും. എന്ത് കിട്ടുന്നു എന്നതിന് പകരം എന്ത് ചെയ്യുവാന്‍ സാധിക്കും എന്ന ചിന്തയുണ്ടാവണമെന്നും ചക്രധര്‍ പറഞ്ഞു.
കശ്മീര്‍ ഭീകരവാദത്തിന്റെ അടിസ്ഥാനം കശ്മീര്‍ അല്ലെന്നും പാകിസ്ഥാനാണെന്നും വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുന്‍ കരസേന ഉപമേധാവി ലഫ്. ജനറല്‍ ശരത്ചന്ദ് പറഞ്ഞു. ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ടുമാത്രമേ ഇത് അവസാനിപ്പിക്കാന്‍ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു. രാജഗിരി കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി പ്രിന്‍സിപ്പല്‍ ഡോ. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ നമ്പൂതിരി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: