കണ്ണൂര്‍: പ്രശസ്ത പത്രപ്രവര്‍ത്തകനും കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ച 1948-51കാലത്ത് രഹസ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയവരില് പ്രമുഖനുമായിരുന്ന പി. കെ. കുഞ്ഞനന്തന് നായര്‍(96) എന്ന ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു.നാറാത്തെ ശ്രീദേവിപുരത്ത് ഇന്നലെ വൈകിട്ട് ആറു മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. ഭാര്യ: സരസ്വതി. ഏക മകള്‍ ഉഷ.മരുമകന് : ജര്‍മനിയിലെ വാസ്തുശില്‍പ്പിയായ വെര്‍ണര്‍. ഇവരും മക്കളായ ഡോ.നദീന്‍,ഡോ.പൗള്‍ എന്നിവരും ജര്‍മന്‍ പൗരന്മാരാണ്.
കുഞ്ഞനന്തന്‍നായരുടെ അച്ഛന് അനന്തന്നായര് ചിറക്കല്‍ കോവിലകത്തെ വ്യവഹാര കാര്യസ്ഥനായിരുന്നു. അമ്മ ശ്രീദേവി യാഥാസ്ഥിതിക കുടുംബത്തിലാണ് ജനിച്ചതെങ്കിലും പുരോഗമന ആശയക്കാരിയായിരുന്നു. ഈ ദമ്പതികളുടെ പതിനാറ്മ ക്കളില്‍ ബാക്കിയായ അഞ്ചുമക്കളില്‍ നാലാമനാണ് കുഞ്ഞനന്തന്‍നായര്‍. സി.പി.എം.നാറാത്ത് മുച്ചിലോട്ട് ബ്രാഞ്ച് അംഗമായിരുന്നു.
നാറാത്ത് ഈസ്റ്റ് എല്‍.പി.സ്കൂള്‍,ചെറുകുന്ന് അമ്പലപ്പുറം എലിമെന്ററി സ്കൂള്‍,കണ്ണാടിപ്പറമ്പ് ഹയര്‍ എലിമെന്ററി സ്കൂള്‍,കണ്ണൂര്‍ ടൗണ്ഹൈസ്കൂള്,ചിറക്കല്‍ രാജാസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കാംബ്രിഡ്ജ് സീനിയര്‍ പരീക്ഷ പാസ്സായെങ്കിലും ഉപരിപഠനത്തിന് പോവാതെ രാഷ്ട്രീയ പ്രവര്‍ത്തകനായി. ചിറക്കല്‍ രാജാസില്‍ പഠിക്കുന്ന സമയത്ത് എ.ഐ.എസ്.എഫ്.പ്രവര്‍ത്തകനായി. പിന്നീട് സ്വന്തം നിലയില്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുക്കുകയും അറസ്റ്റ്
വരിക്കുകയും ചെയ്തു. ഈ നിലയില്‍ ഔദ്യോഗികമായിത്തന്നെ സ്വാതന്ത്ര്യ സമര സേനാനിയാണെങ്കിലും അതിന്റെ ആനുകൂല്യങ്ങളൊന്നും സ്വീകരിച്ചില്ല. പി.കൃഷ്ണപിള്ളയും ടി.സി.നാരായണന് നമ്പ്യാരുമാണ് കുഞ്ഞനന്തന്‍നായരുടെ രാഷ്ടീയ ഗുരുക്കന്മാര്.
സോവിയറ്റ് യൂണിയനിലെ ‘യങ്ങ് പയനിയര്‍’ മാതൃകയില്‍ 1938ല്‍ കല്ല്യാശ്ശേരില്‍ രൂപവല്‍ക്കരിച്ച ബാലസംഘത്തിന്റെ സ്ഥാപക സെക്രട്ടറി കുഞ്ഞനന്തന്‍നായരായിരുന്നു. പ്രസിഡന്റ് ഇ.കെ.നായനാര്‍. 1939ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. പി.കൃഷ്ണപിള്ളയാണ് പാര്‍ട്ടി അംഗത്വം നല്‍കിയത്. 1943ല്‍ ബോംബെയില്‍ നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി കുഞ്ഞനന്തന് നായരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: