പാലോട് ദിവാകരന്‍
സമ്പന്നമായ കുടുംബാന്തരീക്ഷത്തിലാണ് കുഞ്ഞിരാമന്റെ കുട്ടിക്കാലമെങ്കിലും ദുരിതപൂര്‍ണമായ ഒരു ജീവിതമായിരുന്നു അനുഭവിക്കേണ്ടി വന്നത്. 15 കിലോമീറ്റര്‍ ദൂരെയുള്ള നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ നടന്നെത്തിയാണ് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. പഠിക്കാന്‍ മോശമായിരുന്ന കുഞ്ഞിരാമന് കലയോടായിരുന്നു അഭിനിവേശം. ചെറുപ്പം മുതലേ കുഞ്ഞിരാമന്‍ വരക്കുമായിരുന്നു. കര്‍ഷക മുതലാളിയായ അച്ഛന്റെ എണ്‍പതോളം വരുന്ന തൊഴിലാളികളില്‍ ഒരാളായിരുന്ന കുഞ്ഞിരാമന്‍ പാടത്തെ കളിമണ്ണ് കുഴച്ച് ചില രൂപങ്ങളുണ്ടാക്കിയിരുന്നു കലാരൂപങ്ങളെക്കണ്ട് തൊഴിലാളികള്‍ അഭിനന്ദിച്ചിരുന്നു. അച്ഛന് കലയോട് കലിയും കലാകാരന്മാരോട് വെറുപ്പുമാണ്. പഠനകാലത്തു വണ്ടിക്കൂലിയിനത്തിലോ ഭക്ഷണത്തിനുവേണ്ടിയോ ഒരു കാശുപോലും കുഞ്ഞിരാമനു നല്‍കിയിരുന്നില്ല. കൊച്ചുകൊച്ച് പടങ്ങള്‍ വരച്ച് കൊടുത്ത് കിട്ടുന്ന കാശുകൊണ്ടാകും എന്തെങ്കിലും കഴിക്കാറ്.
ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ തുന്നല്‍ക്കടക്കാരന്‍ കാവേരി കൃഷ്ണന്റെ പടം പെന്‍സില്‍കൊണ്ട് വരച്ചു നല്‍കിയതു കണ്ട് സന്തുഷ്ടനായ കൃഷ്ണന്‍ പടം കടയില്‍ തൂക്കിയിട്ടു. 1956 ല്‍ കൃഷ്ണന്‍ സെക്രട്ടറിയായുള്ള കണ്ണൂര്‍ ടെയിലേഴ്‌സ് അസോസിയേഷന്റെ സമ്മേളനത്തോടനുബന്ധിച്ച് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഒരു ചിത്രം കാനായിയെക്കൊണ്ട് വരപ്പിച്ചത് സമ്മേളനജാഥയുടെ മുന്‍നിരയില്‍ ഒരു കട്ടൗട്ടാക്കി ഉപയോഗിക്കുകയും ചെയ്തു. ഇത്തരമൊരു പടം വരക്കാനുള്ള അവസരം ആദ്യമായിട്ടാണ് കുഞ്ഞിരാമന് കൈവന്നത്. സമ്മേളനം കഴിഞ്ഞ് കൃഷ്ണന്‍ ഈ ചിത്രം തന്റെ കടയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇത് കാനായി യെ സംബന്ധിച്ചിടത്തോളം വലിയൊരംഗീകാരമായിരുന്നു.
എറണാകുളത്തു സംഘടിപ്പിക്കപ്പെട്ട ഒരു സമ്മേളനം കഴിഞ്ഞു നെഹ്‌റു മംഗലാപുരത്തേക്കു ട്രെയിനില്‍ പോകുന്നതിനിടയില്‍ ട്രെയിന്‍ മതിയായ വെള്ളം ശേഖരിക്കുന്നതിനുവേണ്ടി ചെറുവത്തൂര്‍ സ്റ്റേഷനില്‍ നിറുത്തുകയുണ്ടായി. നെഹ്‌റു യാത്ര ചെയ്തിരുന്ന കമ്പാര്‍ട്ടുമെന്റ് നിന്നത് തന്റെ ഫോട്ടോ പ്രദര്‍ശിപ്പിച്ചിരുന്ന കടയ്‌ക്ക് മുന്നിലാണ്. ചിത്രം കണ്ട നെഹ്‌റു ട്രെയിനില്‍ നിന്നും പുറത്തേക്കിറങ്ങി ചിത്രത്തിനടുത്തേക്ക് നീങ്ങി. സെക്യൂരിറ്റിക്കാരും അദ്ദേഹത്തെ അനുഗമിച്ചു. നെഹ്‌റുവിന്റെ ചിത്രം നെഹ്‌റു നോക്കിനില്‍ക്കുന്നു. ആര്‍ക്കും അതൊരത്ഭുത കാഴ്ചയായി. ഇതേക്കുറിച്ച് അടുത്ത ദിവസത്തെ പത്രങ്ങളില്‍ വാര്‍ത്ത വന്നു. ഇതിലൂടെ കാനായിക്ക് കിട്ടിയ അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും എത്രയോ വലുതായിരുന്നു. കുഞ്ഞിരാമന്‍ ജനങ്ങള്‍ക്കു മുന്നിലൊരു കലാകാരനായി.
പുസ്തകങ്ങളില്‍നിന്നും ചിത്രകലയേയും ശില്‍പകലയേയും കുറിച്ച് കുഞ്ഞിരാമന്‍ മനസ്സിലാക്കി. പിതാവിന്റെ ഇഷ്ടമില്ലായ്മയും കര്‍ക്കശ നിലപാടുമൊക്കെ നാടുവിടാന്‍ കുഞ്ഞിരാമനെ പ്രേരിപ്പിച്ചിരുന്നു. പത്താംതരം കഴിഞ്ഞാല്‍ മദ്രാസില്‍ പോയി തുടര്‍പഠനം നടത്തണമെന്നുള്ള കൃഷ്ണകുമാറിന്റെ ഉപദേശവും കുഞ്ഞിരാമന് തുണയായി. ഒരു സുഹൃത്തിനൊപ്പം നാടുവിട്ട കുഞ്ഞിരാമന്‍ മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റില്‍ ചേര്‍ന്നു. ഒരു ക്യാന്റീനിലെ ജോലിയും സ്‌കൂള്‍ പഠനവും കുഞ്ഞിരാമന്‍ ഒരുമിച്ചു നിര്‍വഹിക്കുകയായിരുന്നു. സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ പഠനത്തിന് ഇന്ത്യാ ഗവണ്‍മെന്റിന്റെ സ്‌കോളര്‍ഷിപ്പിന് അദ്ദേഹം അര്‍ഹനായി. പിന്നെ കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പ് നേടി ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയി.
ഇംഗ്ലണ്ടിലായിരുന്നപ്പോള്‍ അനേകം യൂറോപ്യന്‍ രാജ്യങ്ങള്‍ കാണാനുള്ള ഭാഗ്യവും കുഞ്ഞിരാമനുണ്ടായി. ഇംഗ്ലീഷ് വിദ്യാഭ്യാസം കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തിയ കാനായിക്ക് ഒരു എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ സഹായമാണ് ‘മലമ്പുഴയക്ഷി’ നിര്‍മാണത്തിന് വഴിയൊരുങ്ങിയത്. കാനായിയുടെ വൈദഗ്‌ദ്ധ്യത്തെ വിളിച്ചോതുന്ന ചൈതന്യവത്തായ ഒരു നിര്‍മിതിയായിരുന്നു മലമ്പുഴ യക്ഷി. വളരെയേറെ ഒച്ചപ്പാടുകള്‍ക്ക് സാക്ഷ്യംവഹിച്ചതാണ് ഈ ശില്‍പ്പം.
ഒരു കലാകാരനെന്ന നിലയ്‌ക്ക് കുഞ്ഞിരാമന്‍ ആദ്യം ചെയ്ത ശില്‍പ്പം അമ്മയാണ്. മാതൃത്വത്തിന്റേയും പ്രകൃതി സൗന്ദര്യത്തിന്റെയും ഓര്‍മനിഴലിക്കുന്ന ശില്‍പ്പങ്ങളാണ് കാനായി ചെയ്തിട്ടുള്ളത്. സാഞ്ചിയിലെ ചില ബുദ്ധിസ്റ്റ് ശില്‍പ്പങ്ങളേയും റെഡ് ഇന്ത്യന്‍ കലകളേയും പ്രാചീനകാലത്തെ അമ്മ സങ്കല്‍പ്പങ്ങളെയും ഓര്‍മപ്പെടുത്തുന്ന ‘അമ്മ’ ശില്‍പംകണ്ട് കെ.സി.എസ്. പണിക്കരില്‍നിന്നും ലഭിച്ച അനുമോദന കരുത്താണ് കാനായിയുടെ മലമ്പുഴ യക്ഷിയിലെത്തിച്ചത്.
കാനായി കേരളത്തില്‍ ചെയ്ത ഏറ്റവും വലിയ ശില്‍പ്പമാണ് മുക്കോല പെരുമാള്‍. കേരളത്തിലെ ആധുനിക ശില്‍പ്പകലയുടെ ആദ്യ കാഴ്ചയായിരുന്നു ഈ ശില്‍പ്പം. നാലടി ഉയരമുള്ള ഒരു സ്റ്റേജില്‍ ഉറപ്പിച്ചിട്ടുള്ള ത്രിക്കണ്ണുകളുള്ള പെരുമാള്‍ ശില്‍പ്പം കഴിഞ്ഞ കാലത്തിന്റെ ഓര്‍മകളിലൂടെ ഇന്ന് ജീവിക്കുകയും നാളെയെ പ്രതീക്ഷയോടെ നോക്കിക്കാണുകയും ചെയ്യുന്നു. മൂന്ന് കാലത്തെയും മൂന്ന് ദിക്കുകളെയും സന്നിവേശിപ്പിച്ചിരിക്കുന്ന മുക്കോല പെരുമാള്‍ കാലത്തിന്റെ പ്രതീകമായ ഒരു ഇന്‍സ്റ്റലേഷന്‍ കൂടിയാണ്.
അമ്പലമേട്ടില്‍ നിര്‍മിച്ച ‘ഉര്‍വരത’ സ്ത്രീപുരുഷ ലയനത്തിനെ ഓര്‍മിപ്പിക്കുന്നു. ശില്‍പ്പത്തില്‍ ശിവലിംഗവും അതിനു മുകളില്‍ ചാഞ്ഞ സ്ത്രീ പ്രകൃതിപോലെ തിറപൂരവും കാണാം. തെയ്യംതിറ മുതലായ നാടന്‍കലയുടെ രൂപത്തെ അടിസ്ഥാനമാക്കി കാനായി ചെയ്ത ഒരു ആധുനിക രൂപംകൂടിയാണ് ‘ഉര്‍വരത.’ എഫ്എസിടിയില്‍ ചെയ്ത ഈ ശില്‍പ്പത്തിന് ശിവലിംഗത്തിന്റെ പ്രഭാവലയമായുംസംഗമസ്ഥാനമായും തിറമാറുന്നത് ഒരേ സമയത്താണ്. ഇവിടെ ശില്‍പ്പം നിശ്ചലവും എന്നാല്‍ അതേനിമിഷം തന്നെ ചലനാത്മകവുമാണ്.
ആധുനികകലയും പാരമ്പര്യകലയും തമ്മില്‍ വ്യത്യാസമില്ലെന്നും കാനായി വിശ്വസിക്കുന്നു. എന്നാല്‍ പാരമ്പര്യകല ഇന്നത്തേതുപോലെയല്ലെന്നും അത് പഴയ കലയാണെന്നും അദ്ദേഹം വിശ്വസിക്കുന്നു. കല മനസ്സിലാണെന്നും ആത്മാവില്‍ സ്പര്‍ശിക്കുന്ന കലയാണ് അര്‍പ്പണമനോഭാവത്തോടെയുള്ളതെന്നും അത്തരം കലയെയാണ് ആത്മാവിഷ്‌കാരമെന്നും കാനായി സൂചിപ്പിക്കുന്നു.
കൊല്ലത്തെ കാര്‍ത്തിക ഹോട്ടലില്‍ പണിത ദ്വാരപാലകര്‍ ഫൗണ്ടന്‍ ശില്‍പ്പം അവിടത്തെ ചുറ്റുപാടുകളറിഞ്ഞ് ചെയ്തിട്ടുള്ളതാണ്. ഒരു പുരുഷനും രണ്ട് സ്ത്രീകളും. മുക്കോല പെരുമാളിന്റേതുപോലെ ത്രിത്വം ദ്വാരപാലകരിലും കാണാം. സ്ത്രീകളുടെയും പുരുഷന്റേയും രൂപങ്ങള്‍ തികച്ചും നഗ്നമാണ്. ജൈനസംന്യാസിയെപോലെ നിര്‍വികാരനും ദിംഗബരനുമാണ് പുരുഷരൂപമെന്നും ഒരു സ്ത്രീ വാതില്‍ തുറന്ന് വൈകാരിക ഭാവത്തോടെ നില്‍ക്കുന്നതായും മറ്റേ സ്ത്രീ പ്രതീക്ഷയോടെ പുരുഷനിലേക്ക് കണ്ണുംനട്ടിരിക്കുന്നതായും, തീര്‍ത്തിട്ടുള്ള സുഭദ്രമായ ശില്‍പ്പവിതാനമാണ് ഈ ശില്‍പ്പത്തില്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്.
പാതി മണ്ണിലാണ്ടതുപോലെ കാണുന്ന അര്‍ധ അമൂര്‍ത്ത ശില്‍പ്പങ്ങളില്‍ വളരെ ലളിതമായവയാണ് കണ്ണൂര്‍ പയ്യാമ്പലത്തെ വിശ്രമിക്കുന്ന ആള്‍രൂപ ശില്‍പ്പങ്ങള്‍. രൂപപരമായ സൗന്ദര്യം ചോര്‍ന്നുപോകാതെ അമൂര്‍ത്തമാക്കിയിരിക്കുന്ന ഈ ശില്‍പ്പങ്ങള്‍ പലതുണ്ടുകളായാണ് നിര്‍മിച്ചിട്ടുള്ളത്. തിരുവനന്തപുരം ശംഖുംമുഖത്തെ സാഗര കന്യക, പിരിച്ചുവച്ച മാതിരിയുള്ള പെണ്ണുടല്‍ വടിവിന്റെ വിസ്മയാവിഷ്‌കാരമാണെന്നാണ് ശില്‍പ്പിയുടെ വിലയിരുത്തല്‍. അതിന്റെ സവിശേഷതകളെക്കുറിച്ച് കാനായി പറയുന്നതിങ്ങനെയാണ്. ”നീന്തി നടക്കുന്ന വാല്‍ഭാഗവും നാഗസൗന്ദര്യം പടര്‍ന്നുകയറുന്ന തലമുടികളില്‍ സാഗരതിരമാലകളുടെ സാന്നിദ്ധ്യവും കാഴ്ചക്കാരനെ വിഭ്രമിപ്പിക്കുന്നു. ചിപ്പിക്കുള്ളില്‍ ലാസ്യതയാര്‍ന്ന് വിശ്രമിക്കുന്ന ഈ ബ്രഹദാരകാരി ശില്‍പ്പം കാഴ്ചക്കാരനെ ഫാന്റസിയുടെ തലത്തിലേക്ക് ഉയര്‍ത്തുന്നു.” കടലിനെപ്പോലെ കരയും വിഷമയമാണെന്നു കണ്ട് ശാന്തമായി ഉറങ്ങുന്ന ഒരുവസ്ഥയാണ് സാഗരകന്യകയിലൂടെ ദൃശ്യമാകുന്നതെന്നും ശില്‍പ്പി ബോധ്യപ്പെടുത്തുന്നു.
അമ്പതടിയിലേറെ വലുപ്പമുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ശില്‍പ്പമാണ് വേളിയില്‍ നിര്‍മിച്ചിട്ടുള്ള ‘ശംഖ്.’ ശില്‍പ്പത്തിനുള്ളില്‍ തൂണോ ബീമോ ഇല്ല എന്നതാണ് പ്രത്യേകത. ആര്‍ക്കും ശംഖിനുള്ളില്‍ കയറാനുംവിശ്രമിക്കാനും കഴിയുന്നു. ഇതുപോലെ ആകര്‍ഷകങ്ങളായ നിരവധി ശില്‍പ്പങ്ങള്‍ക്കും രൂപം നല്‍കിയിട്ടുള്ള കാനായി പട്ടംതാണു പിള്ള, ഇഎംഎസ്, ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ്, നേതാജി സുബാഷ് ചന്ദ്രബോസ് തുടങ്ങിയ പ്രശസ്തരായവരുടെ പ്രതിമകളും നിര്‍മിച്ചുകൊണ്ട് തന്നിലെ പ്രതിബദ്ധത തിരിച്ചറിഞ്ഞ് മുന്നോട്ടുനീങ്ങുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: