കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്ന കരുവന്നൂര്‍ സഹകരണബാങ്കില്‍നിന്ന് നിക്ഷേപിച്ച പണം ലഭിക്കാതെ ചികിത്സ മുടങ്ങിയതിനെത്തുടര്‍ന്ന് വീട്ടമ്മ മരിക്കാനിടയായ ദാരുണ സംഭവം പുറത്തുകൊണ്ടുവരുന്നത് സിപിഎമ്മിന്റെ ക്രൂരമുഖം. തലച്ചോറില്‍ പഴുപ്പുബാധിച്ച് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന ഇവര്‍ക്ക് വിദഗ്ദ്ധ ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടും ബാങ്കുകാര് സ്വന്തം അക്കൗണ്ടില്‍നിന്നുള്ള പണം നല്കാത്തതിനാല് അതിനു കഴിയാതെ പോവുകയായിരുന്നു. നഴ്സായിരുന്ന വീട്ടമ്മ ജീവിതകാലം മുഴുവന്‍ അധ്വാനിച്ച തുകയും പെന്ഷന് തുകയും, ഭര്‍ത്താവ് വണ്ടിയോടിച്ചുണ്ടാക്കിയതുമായ മുപ്പത് ലക്ഷം രൂപയാണ് ഈ കുടുംബം കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്. ചികിത്സയ്ക്കു പണം വേണമെന്ന് കെഞ്ചിപ്പറഞ്ഞിട്ടും ബാങ്കുകാര് അനുവദിച്ചില്ലെന്നാണ് ആക്ഷേപം. ബാങ്കില്‍നിന്ന് പണം ലഭിച്ചുവോ എന്ന് തലേന്നുവരെ ചോദിച്ചുകൊണ്ടിരുന്ന വീട്ടമ്മ പിറ്റേദിവസം മരിക്കുകയായിരുന്നുവത്രേ. ആര്‍ക്കും ഒരിക്കലും പൊറുക്കാനാവാത്ത കൊടുംക്രൂരതയാണിത്. നിക്ഷേപിച്ച പണം ഈ ബാങ്കുകാര് തിരികെ നല്‍കാത്തതിനെത്തുടര്‍ന്ന് രോഗികളായ വേറെ ചിലരും മരിക്കാനിടയായിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. ഇതിനുത്തരവാദികള്‍ എവിടെക്കൊണ്ടുപോയാണ് പാപങ്ങള്‍ കഴുകിക്കളയുക!
സിപിഎം ഭരിക്കുന്ന തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ മുന്നൂറു കോടി രൂപയുടെ തട്ടിപ്പു നടന്നതിനെത്തുടര്‍ന്നാണ് നിക്ഷേപകര്‍ വെള്ളത്തിലായത്. നിക്ഷേപകരുടെ പേരില്‍ ഭരണസമിതിക്കാര് വന്‍ തിരിമറി നടത്തുകയായിരുന്നു. അഴിമതി വെളിപ്പെട്ടതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമുയരുകയും പോലീസ് ആദ്യം കേസെടുക്കുകയും പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തെങ്കിലും കുറ്റക്കാരെ ശിക്ഷിച്ചില്ലെന്നു മാത്രമല്ല, ആരോപണ വിധേയരായവരെ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്തു. പാര്‍ട്ടി നേതാക്കള്‍ക്ക് തട്ടിപ്പില്‍ പങ്കുള്ളതുകൊണ്ടാണ് കുറ്റവാളികള്‍ ഇങ്ങനെ സംരക്ഷിക്കപ്പെടുന്നത്. കോടികളുടെ നിക്ഷേപത്തട്ടിപ്പു നടത്തിയവരെ എന്തു വില കൊടുത്തും സംരക്ഷിക്കുകയെന്നതാണ് സിപിഎമ്മിന്റെ നിലപാട്. ഇതേ നിലപാടു തന്നെയാണ് ബാങ്ക് പണം അനുവദിക്കാതെ രോഗി മരിക്കാനിടയായ സംഭവത്തിലും സിപിഎം സ്വീകരിക്കുന്നത്. ബാങ്ക് പണം നല്‍കിയിരുന്നെന്നും, മരിച്ച വീട്ടമ്മയുടെ മൃതദേഹവുമായി ബാങ്കിനു മുന്നില്‍ പ്രതിഷേധിച്ചതിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും ജില്ലക്കാരിയായ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു പ്രതികരിച്ചത് ഇതുകൊണ്ടാണ്. മന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്ന് മരിച്ച വീട്ടമ്മയുടെ മകന് പറയുന്നു. വായ്പയെടുക്കാനല്ല ഇവര്‍ ബാങ്കിനെ സമീപിച്ചതെന്നോര്‍ക്കണം. പലപ്പോഴായി നിക്ഷേപിച്ച മുപ്പത് ലക്ഷം രൂപയില്‍നിന്നാണ് ചികിത്സക്കുവേണ്ടി തിരികെ ചോദിച്ചത്. അതു നല്‍കാതെ ഒരു പാവം സ്ത്രീയെ മരണത്തിനു വിട്ടുകൊടുത്തവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.
സര്‍വീസ് സഹകരണബാങ്കുകള്‍ സിപിഎം നിയന്ത്രിക്കുന്ന ഒരു സാമ്പത്തിക സാമ്രാജ്യം തന്നെയാണ്. അഴിമതിപ്പണം സൂക്ഷിക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിങ്ങനെ പലതരം സാമ്പത്തിക തട്ടിപ്പുകള്‍ ഇവിടങ്ങളില്‍ അരങ്ങേറുന്നു. സഹകരണ ബാങ്കുകളില്‍ പല പാര്‍ട്ടി നേതാക്കള്‍ക്കും വന്‍തോതില്‍ നിക്ഷേപമുള്ളതായാണ് അറിയുന്നത്. നോട്ടു നിയന്ത്രണ കാലത്ത് ഇത്തരം നേതാക്കളുടെ പരിഭ്രാന്തി ജനങ്ങള്‍ കണ്ടതാണ്. പൂര്‍ണമായും പാര്ട്ടിക്കാര് നിയന്ത്രിക്കുന്ന ബാങ്കുകളില്‍നിന്ന് കണക്കില്‍പ്പെടാത്ത പണം മാറ്റിയെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയുണ്ടായി. ഇത്തരം ബാങ്കുകളുടെ സുതാര്യത ഉറപ്പുവരുത്താന്‍ ഒരുതരത്തിലുള്ള പരിശോധനയും ഇടതുമുന്നണി സര്‍ക്കാര്‍ അനുവദിക്കുന്നില്ല. സഹകരണ ബാങ്കുകളില്‍ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജിയെ ഹൈക്കോടതിയില്‍ എതിര്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. പാര്‍ട്ടിയുടെ സംഘടനാശേഷിയും ഭരണത്തിന്റെ പിന്‍ബലവും ഉപയോഗിച്ച് വലിയ സാമ്പത്തിക കൊള്ളയാണ് സിപിഎം കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഇരയാണ് കരുവന്നൂരില്‍ ജീവന് നഷ്ടമായ വീട്ടമ്മ. സംസ്ഥാനത്തെ നൂറ്റമ്പതിലേറെ സര്‍വീസ് സഹകരണ ബാങ്കുകള്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നു വകുപ്പ് മന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ആരാണ് ഇതിന് ഉത്തരവാദി? ഇതില്‍ പണം നിക്ഷേപിച്ചവര്‍ ഇനി എന്തുചെയ്യും? ഇതിനു മറുപടി പറയാനുള്ള ബാധ്യത സിപിഎമ്മിനും സര്‍ക്കാരിനുമുണ്ട്. പാവപ്പെട്ട ജനങ്ങളുടെ ജീവിതവും ജീവനും തുലയ്ക്കുന്നവരെ രക്ഷപ്പെടാന്‍ അനുവദിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: