ന്യൂദല്‍ഹി: കെ റെയില്‍ ആശാസ്ത്രീയമാണെങ്കിലും അതിന്റെ പേരില്‍ കേരളത്തിലെ റെയില്‍വേ വികസനം തടസപ്പെടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സില്‍വര്‍ ലൈനിനായി കേരള സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്ന ഡിപിആര്‍ അശാസ്ത്രീയവും പാരിസ്ഥിതിക്ക് ദോഷം ഉണ്ടാക്കുന്നതുമാണ്. അത് സാമ്പത്തികമായി നിലനില്‍ക്കാത്ത പദ്ധതിയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വേഗത കൂടിയ റെയില്‍ സംവിധാനം ലഭ്യമാക്കാനുള്ള ബദല്‍ നിര്‍ദ്ദേശങ്ങള്‍ ആരായണം എന്ന കാര്യം കേന്ദ്ര റെയില്‍ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രി ഇതിനോട് പൂര്‍ണ്ണമായും യോജിച്ചതായും വി. മുരളീധരന് പറഞ്ഞു.
കേരളത്തിലെ റെയില്‍വേ വികസനം തടസപ്പെടില്ല. നേമം റെയില്‍വേ ടെര്‍മിനല്‍ ഉപേക്ഷിക്കില്ല. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറത്തിറക്കാമെന്ന് കേന്ദ്ര റെയില്‍ മന്ത്രി അശ്വനി വൈഷ്ണവ് ഉറപ്പ് നല്‍കിയിട്ടുണ്ട് പദ്ധതി ഉപേക്ഷിക്കാന്‍ പോകുന്നു എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: