ഗായത്രി മഹാമന്ത്രം ഒന്നാണ്. എങ്കില്‍തന്നെ പരമാണുവിനെപ്പോലെ അതിന്റെ ഉള്ളില്‍ അനേകം ഘടകങ്ങളുണ്ട്. ഈ ഓരോ ഘടകവും തനതായ വിശിഷ്ടശക്തി വഹിച്ചുകൊണ്ടുതന്നെ മൗലികമായി ഒരേ ശക്തികേന്ദ്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതില്‍നിന്നുതന്നെ പോഷണം നേടുകയും ചെയ്യുന്നു. ഹൃദയം ഒന്നാണ്, നാഡികള്‍ അനേകവും. ഓരോ നാഡിക്കും തനതായ സ്വരൂപവും പ്രവര്‍ത്തനമേഖലയും ഉത്തരവാദിത്തവും ഉണ്ട്. എന്നിരിക്കലും അവയെല്ലാം ഒരേ കേന്ദ്രവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ഗായത്രിയെ ഹൃദയമായും അതിന്റെ 24 ശക്തികളെ 24 ശക്തിവാഹിനികളായും പരിഗണിക്കാം.
ഗായത്രി ഹിമാലയമാണ്. അതില്‍നിന്നും ഉത്ഭവിക്കുന്ന സരിത്തുക്കളുടേതുപോലെ തന്നെ വിശിഷ്ടതയാര്‍ന്ന ശക്തികളാണ് ഗായത്രിയുടേതും. സംസാരം സൃഷ്ടിക്കുകയും പുലര്‍ത്തുകയും ചെയ്യുന്ന ശക്തി ഒന്നാണ് മഹാപ്രകൃതി. അതില്‍ ജഡവും ചേതനവുമായ അനേകം ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹീറ്റ് (ഊഷ്മാവ്), ലൈറ്റ് (പ്രകാശം), മോഷന്‍ (ചലനം), ഗ്രാവിറ്റി (ഗുരുത്വാകര്‍ഷണം), ഇന്റലക്ട് (ബുദ്ധിശക്തി), ഇലക്ട്രിസിറ്റി (വിദ്യുച്ഛക്തി) എന്നിങ്ങനെ കോസ്മിക് പ്രകൃതിയുടെ അനേകം ശക്തികള്‍ അതാതു മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. പ്രാണശക്തിയില്ത്തന്നെ നിര്‍ണയശക്തി, ഭാവന, വിശ്വാസം, ശീലങ്ങള്‍ മുതലായ എത്രയോ ധാരകളാണുള്ളത്. എന്നിരിക്കിലും ഒരേ സ്രോതസ്സില്‍നിന്നാണ് ഇവയെല്ലാം പോഷണം നേടുന്നത്. വിശ്വചേതനയ്ക്കുള്ളില് പ്രവര്‍ത്തിക്കുന്ന സകല ശക്തിപ്രവാഹങ്ങളുടെയും ഉറവിടം ആദ്യശക്തിയായ ഗായത്രിതന്നെയാണെന്ന് ധരിക്കണം.
ഇതിന്റെ ശീതളച്ഛായയില്‍ വസിച്ചുകൊണ്ട് സകല ദേവീദേവന്മാരും തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിക്കൊണ്ട് തങ്ങളുടെ കര്‍മ്മമേഖലകളെ നിയന്ത്രിക്കുന്നു.
സമഗ്ര ഗായത്രീസാധനയുടെ സ്വരൂപം മൂന്നാണ്.
1. നിത്യകര്‍മ്മങ്ങളിലെ നിത്യസാധന
2. വിശിഷ്യാലുള്ള ഉപാസന അനുഷ്ഠാനങ്ങളും പുരശ്ചരണങ്ങളും.
3. ഉന്നതതലത്തിലുള്ള തപസ്സാധന. പഞ്ചകോശങ്ങളുടെ അനാവരണം, കുണ്ഡലീനീജാഗരണം ഇവയ്ക്കായി ദക്ഷിണമാര്ഗപരവും വാമമാര്ഗപരവുമായ യോഗത്തിന്റെയും തന്ത്രത്തിന്റെയും സാധനാവിധാനങ്ങള് പ്രയോഗിക്കപ്പെടുന്നു.
പ്രത്യേക പ്രയോജനങ്ങള്‍ക്കുവേണ്ടി ഗായത്രിയുടെ 24 ശക്തിധാരകളില്വെച്ച് ആവശ്യാനുസരണം ഏതിന്റെയും സാധന വിശേഷിച്ചു ചെയ്യാവുന്നതാണ്. ഇതിനായി ഓരോന്നിനും പ്രത്യേകം വിധികളും വിധാനങ്ങളും നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ ഓരോന്നിനും വ്യത്യസ്ത ബീജമന്ത്രമാണുള്ളത്.
ഇവ ഗായത്രീമന്ത്രത്തിലെ വ്യാഹൃതിക്കുശേഷവും’തത് സവിതുര്വരേണ്യ’ത്തിനുശേഷവും പ്രയോഗിക്കപ്പെടുന്നു. ദക്ഷിണമാര്‍ഗത്തില്‍ പ്രതിമകളെ ഉപയോഗിക്കുന്നു. ഇവയുടെ ആകൃതിയും വാഹനങ്ങളും ആയുധങ്ങളും വ്യത്യസ്തമാണ്. തന്ത്രമാര്‍ഗത്തില്‍ പ്രതിമകള്‍ക്കുപകരം ‘യന്ത്ര’ങ്ങള് പ്രയോഗിക്കപ്പെടുന്നു. ഇവയ്ക്കു രേഖാചിത്രങ്ങള്‍ എന്നും പറയാം. ഇവയെ കേന്ദ്രീകരിച്ചാണ് സാധന അനുഷ്ഠിക്കുന്നത്. എപ്രകാരം ത്രിപദാഗായത്രിക്കു ബ്രാഹ്മി, വൈഷ്ണവി, ശാംഭവി എന്നീ മൂന്നുരൂപങ്ങളും അവയ്ക്കു വ്യത്യസ്തമായ സാധനാകാലങ്ങളും പൂജാവിധികളും ഉണ്ടായിരിക്കുന്നുവോ, അതുപോലെതന്നെ 24 അക്ഷരങ്ങള്‍ ചേര്‍ന്ന ഗായത്രിയുടെ ഓരോ അക്ഷരത്തിന്റെയും പൂജാവിധി വ്യത്യസ്തമാണ്.
ഓരേ വിധാനങ്ങളുടെ തന്നെ പ്രക്രിയ എല്ലാവര്ക്കും ഒരു പോലെ പ്രയോഗിക്കാനാവില്ല. ഇതേപ്പറ്റി തീരുമാനെമെടുക്കുമ്പോള്‍ സാധകന്റെ സ്വഭാവം, സംസ്കാരം, അഭാവം (ഇല്ലായ്മകള്‍) ഇവയെല്ലാം കണക്കിലെടുത്ത് വേണ്ടതായ വിധികള്‍ പാലിക്കുകയാണു വേണ്ടത്. വ്യത്യസ്ത വ്യക്തികളുടെ നിലയും ആവശ്യങ്ങളുമനുസരിച്ച് ഒരേ ശക്തിധാരയുടെ തന്നെ വ്യത്യസ്തവിധാനങ്ങള്‍ നിര്‍ണ്ണയിക്കുകയാണു ചെയ്യുന്നത്.
അസംഖ്യം പ്രകൃതിക്കാരായ വ്യക്തികള്‍ക്കു ഓരോരുത്തരുടേയും തല്ക്കാലസ്ഥിതിയും ആവശ്യവുമനുസരിച്ച് വിധികള്‍ നിര്‍ദ്ദേശിക്കേണ്ടത് വിധികളെപ്പറ്റി ശരിയായ പരിജ്ഞാനമുള്ള വിദ്വാന്മാരാണ്. സാമാന്യസാധന സകലര്‍ക്കും ഒരുപോലെയാണ്. എന്നാല്‍ 24 വിശിഷ്ടപ്രവാഹങ്ങളുടെ സാധനയ്ക്കായി അഭ്യസ്തരും പാരംഗതരുമായവരുടെ സഹായവും മാര്‍ഗദര്‍ശനവും ആവശ്യമാണ്. സാധനാപ്രയോഗങ്ങള്ക്കുവേണ്ടി ഗുരുവിനെ അഭ്യസ്തനായ മാര്‍ഗദര്‍ശകനെ വരിക്കണമെന്നു പറയുന്നതിന്റെ ഉദ്ദേശമിതാണ്. പുസ്തകത്തിന്റെ സഹായത്തോടെ സ്വേച്ഛാനുസരണം ഇത്തരം ഗാംഭീര്യമേറിയ സംഗതികള്‍ തനിയെ ചെയ്യുന്നത് പലപ്പോഴും ഹാനികരമായി ഭവിച്ചേയ്ക്കും.
വ്യക്തികളുടെ നിലയും ആവശ്യങ്ങളും പൊരുത്തപ്പെടുത്തി ഉപാസനാവിധികള്‍ തീര്‍ച്ചപ്പെടുത്തുക വളരെ വിശദമായി ചെയ്യേണ്ടുന്ന കാര്യമാണ്. സൂക്ഷ്മാംശങ്ങളെല്ലാം കണക്കിലെടുത്തുവരുമ്പോള് ഈ പദ്ധതി വളരെ വിപുലവും വിശാലവുമാകാന് സാദ്ധ്യതയുണ്ട്.
ഇതെല്ലാം ഇവിടെ എഴുതിച്ചേര്‍ക്കുക സാദ്ധ്യമല്ല. വൈദ്യശാസ്ത്രവും ഔഷധസൗകര്യങ്ങളും ലഭ്യമാണെങ്കില്തന്നെയും രോഗിയുടെ സ്ഥിതിയനുസരിച്ച് ചികിത്സ നിശ്ചയിക്കുകയും ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് ചികിത്സയില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യേണ്ടത് ആവശ്യമാണല്ലോ. ഇതേപോലെതന്നെ ഗായത്രിയുടെ 24 ശക്തിധാരകളില്‍ ആര്‍ക്ക്, എപ്പോള്‍, ഏത്, എന്തിന്, എങ്ങനെയുള്ള വിധാനങ്ങളാണ് വേണ്ടതെന്നു തീരുമാനിക്കാന്‍ അനുഭവസ്ഥനായ മാര്‍ഗദര്‍ശകന്റെ സഹായം ആവശ്യമാണ്.
ഇത്തരം സഹായം ഹരിദ്വാറിലെ ശാന്തികുഞ്ജില്നിന്നും ലഭിക്കുന്നതാണ്. കത്തിടപാടുകള്‍ മുഖേനയോ നേരില്‍ സന്ദര്‍ശനം നടത്തിയോ സഹായം നേടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: