കൊച്ചി: കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മാനസിക രോഗത്തിന് ചികിത്സയിലാണെന്നും സ്വഭാവ വൈകൃതത്തിന്റെ ഭാഗമായാണ് ഇങ്ങനെ സംഭവിച്ചതെന്നുമുള്ള നടന്റെ വാദം അംഗീകരിച്ചാണ് ജാമ്യം.
എന്നാല്‍ സമാന സംഭവങ്ങള്‍ മുമ്പും ആവര്‍ത്തിച്ചിട്ടുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമാണ് പ്രോസിക്യൂഷന്‍ കോതിയെ അറിയിച്ചത്. തൃശ്ശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം തളളിയതിനെ തുടര്‍ന്ന് ശ്രീജിത്ത് രവി നിലവില്‍ റിമാന്‍ഡിലായിരുന്നു. തൃശ്ശൂര്‍ എസ്എന്‍ പാര്‍ക്കിന് സമീപത്തുവെച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസിലാണ് നടനെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജുലൈ നാലിനായിരുന്നു സംഭവം. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തതു കൊണ്ടുണ്ടായ പ്രശ്‌നമാണെന്നുമായിരുന്നു ശ്രീജിത്ത് രവി പൊലീസിനോടും പറഞ്ഞിരുന്നത്.
പതിനൊന്നും അഞ്ചും വയസ്സുള്ള കുട്ടികള്‍ക്ക് മുന്നിലാണ് ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. ശേഷം വാഹനത്തില്‍ കയറി പോകുകയായിരുന്നു. കുട്ടികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. കുട്ടികള്‍ക്ക് ശ്രീജിത്ത് രവിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞത്. നടന്റെ കാര്‍ തിരിച്ചറിയാന്‍ കഴിഞ്ഞതാണ് കേസില്‍ നിര്‍ണായകമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: