കോഴിക്കോട്: ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചെന്ന കാരണം പറഞ്ഞ് ആംബുലന്‍സിന് പിഴ ചുമത്തി പോലീസ്. മലപ്പുറം കോട്ടക്കലിലെ പറപ്പൂര് പെയിന്‍ ആന്‍ഡ് പാലിയേറ്റിവിനാണ് കേരള പോലീസ് കത്തയച്ചത്. ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ച് നിയമം ലംഘിച്ചെന്നും പിഴയടക്കണമെന്നുമാണ് കത്തില്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് വേങ്ങര സ്വദേശിയായ ഹസീബ് പി പിഴ ചുമത്തിയതിന്റെ നോട്ടീസ് അടക്കം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.
ഫറോക്ക് ചാലിയം ഭാഗത്ത് ഹെല്‍മെറ്റ് ഉപയോഗിക്കാതെ ബൈക്ക് ഓടിച്ചത് ക്യാമറയില്‍ പതിഞ്ഞെന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്. KL 55 A 2683 എന്ന നമ്പര്‍ പ്ലേറ്റിന്റെ ചിത്രമാണ് കത്തിലുള്ളത്. എന്നാല്‍ വാഹനത്തിന്റെ നമ്പരായി ചേര്‍ത്തിരിക്കുന്നത് ആംബുലന്‍സിന്റെ നമ്പരായ KL 65 R 2683 ാണ്.
ഇതിന് മുമ്പും സമാന സംഭവങ്ങള്‍ വാര്‍ത്തയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍, മലപ്പുറത്തു തന്നെ ദിവസങ്ങളായി വീടിന്റെ പരിസരത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിന്റെ പേരില്‍ ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴ ചുമത്തിയത് വാര്‍ത്തയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: