കൊല്ലം: ട്രോളിങ് നിരോധന കാലയളവില്‍ തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളെ സഹായിക്കാനായി പ്രഖ്യാപിച്ച സര്‍ക്കാര്‍ സമാശ്വാസ പദ്ധതി ഒരുമാസത്തിനു ശേഷവും പലര്‍ക്കും ലഭിച്ചിട്ടില്ല. ധനസഹായത്തിന്റെ മൂന്നിലൊന്നു മത്സ്യത്തൊഴിലാളികള്‍ അടയ്ക്കുന്നതാണ്. എന്നിട്ടും കൃത്യസമയത്ത് ധനസഹായം നല്‍കാതെ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണ്.
മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷനും മൂന്നു മാസം 4500രൂപ വീതവും ധനസഹായം നല്‍കുമെന്നാണ് ഫിഷറീസ് വകുപ്പ് പ്രഖ്യാപിച്ചിരുന്നത്. പഞ്ഞമാസ സമാശ്വാസ പദ്ധതി പ്രകാരമുള്ള ധനസഹായം പോലും ലഭിക്കാതിരുന്നതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണ് നേരിടുന്നത്. ഇതോടെ കടല്‍ ക്ഷോഭത്തെ തുടര്‍ന്നുള്ള മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ ചെറുവള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് കടലില്‍ പോകാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരാകുന്നു.
കഴിഞ്ഞ ദിവസം ശക്തികുളങ്ങരയില്‍ മത്സ്യബന്ധനത്തിന് പോയ ചെറുവള്ളം തിരയില്‍പ്പെട്ട് മറിഞ്ഞ് ഒരാള്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തിരുന്നു. രണ്ടുപേരെ മറ്റുവള്ളത്തില് എത്തിയവര്‍ രക്ഷപെടുത്തി. വീട് പട്ടിണിയാകാതിരിക്കാനായി കടലില്‍ പോയവരാണ് അപകടത്തില്‍പ്പെട്ടവരെല്ലാം. ഒരു വര്‍ഷം ഒരു ബോട്ടിന് ക്ഷേമനിധിയില്‍ 6000 രൂപയും ലൈസന്‍സ് ഇനത്തില്‍ 2000 ല്‍ അധികം രൂപയും ഇവര്‍ സര്‍ക്കാരിലേക്ക് അടക്കുന്നുണ്ട്. കൊവിഡ് കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച 2000രൂപ ഇനിയും പലര്‍ക്കും ലഭിക്കാനുണ്ട്.
സൗജന്യ റേഷന്‍ വിതരണം ഇതുവരെ ആരംഭിച്ചിട്ടില്ല. ‘തീരം വറുതിയിലായിട്ട് ഒരു മാസം പിന്നിടുന്നു, ഇതുവരെ സൗജന്യ റേഷന്‍ ലഭിച്ചിട്ടില്ല, വിശക്കുമ്പോള്‍ അല്ലെ ഭക്ഷണം കഴിക്കേണ്ടത്, പട്ടിണി കിടന്ന് മരിച്ചു കഴിഞ്ഞിട്ട് സൗജന്യ റേഷന്‍ നല്‍കാനാണോ സര്‍ക്കാര്‍ കാത്തിരിക്കുന്നത്’ മത്സ്യത്തൊഴിലാളിയായ ലോറന്‍സ് ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: