നോട്ടിങ്ഹാം: ട്വന്റി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയ്‌ക്ക് സൂര്യതേജസ് പകര്‍ന്നു നല്കി മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. അവസാന ട്വന്റി20യില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ വലിയ ലക്ഷ്യത്തിലേക്ക് ഭയമില്ലാതെ ബാറ്റേന്തിയ സൂര്യകുമാര്‍ കരിയറിലെ ആദ്യ ട്വന്റി20 സെഞ്ചുറിയും കുറിച്ചു. 55 പന്തില്‍ 14 ഫോറും ആറ് സിക്‌സുമുള്‍പ്പെടെ 117 റണ്‍സ് നേടിയ സൂര്യകുമാറിനും പക്ഷെ ഇന്ത്യയെ ജയിപ്പിക്കാനായില്ല.
സാങ്കേതികത്തികവും നിര്‍ഭയത്വവുമാണ് സൂര്യകുമാറിന്റെ പ്രത്യേകത. ഏത് സാഹചര്യത്തിലും തനതായ ശൈലിയില്‍ ബാറ്റേന്താനുള്ള മികവും സ്ഥിരതയും ഈ വലംകൈയന്‍ ബാറ്ററെ ഇന്ത്യന്‍ മധ്യനിരയുടെ നെടുംതൂണാക്കുന്നു. ടീം പ്രതിസന്ധിയിലായ ഘട്ടത്തിലും ആക്രമണോത്സുകത തുടര്‍ന്നാണ് രാജ്യാന്തര തലത്തിലെ ആദ്യ മൂന്നക്കം സൂര്യകുമാര്‍ തികച്ചത്. മുന്‍നിര, മധ്യനിര ബാറ്റര്‍മാര്‍ക്ക് ഇദ്ദേഹത്തിനൊപ്പം ഉറച്ചു നില്‍ക്കാനായെങ്കില്‍ ഫലം മറ്റൊന്നായേനെ.
ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്ത ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്‌ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുക്കാനെ ആയുള്ളു. 17 റണ്‍സ് ജയത്തോടെ ഇംഗ്ലണ്ട് സമ്പൂര്‍ണ പരമ്പര നഷ്ടത്തില്‍ നിന്ന് രക്ഷപ്പെട്ടു. ആദ്യ രണ്ട് കളികള്‍ ജയിച്ച ഇന്ത്യ പരമ്പര 2-1ന് നേടിയിരുന്നു.
വിരാട് കോഹ്‌ലി (11) രോഹിത് ശര്‍മ (11) ഋഷഭ് പന്ത് (ഒന്ന്), ദിനേശ് കാര്‍ത്തിക്ക് (ആറ്), രവീന്ദ്ര ജഡേജ (ഏഴ്) എന്നിവര്‍ക്ക് അടിപതറിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ശ്രേയസ് അയ്യര്‍ക്കു (28) മാത്രമാണ് സൂര്യകുമാറിന് പിന്തുണ നല്കാനായത്. ഭുവനേശ്വര്‍ കുമാര്‍ പരമ്പരയുടെ താരമായപ്പോള്‍ മത്സരത്തില്‍ നിര്‍ണായക വിക്കറ്റുകളെടുത്ത ഇംഗ്ലണ്ടിന്റെ റീസ് ടോപ്ലെ കളിയിലെ താരമായി. കഴിഞ്ഞ മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരില്ലാതെയാണ് മൂന്നാം മത്സരത്തിന് ഇന്ത്യ ഇറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: