ചെന്നൈ: എഐഎഡിഎംകെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു. തിങ്കളാഴ്ച രാവിലെ പാര്‍ട്ടി ആസ്ഥാനത്തു ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. പാര്‍ട്ടിയിലെ കോര്‍ഡിനേറ്റര്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ പദവികള്‍ക്ക് വിരാമമിട്ടുകൊണ്ടായിരുന്നു തീരുമാനം.
ജയലളിതയുടെ മരണശേഷം എഐഎഡിഎംകെയില്‍ കോഓര്‍ഡിനേറ്റര്‍ പദവി പനീര്‍സെല്‍വവും അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ പദവി എടപ്പാടി പളനിസ്വാമിയുമായിരുന്നു വഹിച്ചിരുന്നത്. ഇതിന് വിരാമമിട്ടുകൊണ്ടാണ് എടപ്പാടി പളനിസ്വാമിയെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തിരിക്കുന്നത്.
പളനിസ്വാമിപക്ഷം വിളിച്ചുചേര്‍ത്ത ജനറല്‍ കൗണ്‍സില്‍ യോഗത്തിന് ചേരാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഒ പനീര്‍സെല്‍വം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജസ്റ്റിസ് കൃഷ്ണന് രാമസ്വാമി പനീര്‍സെല്‍വത്തിന്റെ ആവശ്യം തള്ളി. രാവിലെ 9.15 ന് യോഗം ചേരാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോടതി 9 മണിക്ക് വിധി പറഞ്ഞു. ഇതോടെയാണ് പാര്‍ട്ടിയുടെ നേതൃഘടന സംബന്ധിച്ച് നിര്‍ണായക തീരുമാനം കൈക്കൊള്ളുന്ന ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്.
ഹൈക്കോടതി വിധി വരുന്നതിന് മുന്‍പേ തന്നെ പാര്‍ട്ടി ആസ്ഥാനത്ത് സംഘര്‍ഷം രൂപപ്പെട്ടിരുന്നു. ഒ പനീര്സെല്വംഎടപ്പാടി പളനിസ്വാമി പക്ഷങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഒരാള്‍ക്ക് കുത്തേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: