വിളപ്പില്‍: തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ വീല്‍ചെയറില്‍ ചികിത്സ തേടിയെത്തിയ രോഗിയോട് ഡോക്ടറുടെ ആക്രോശം… ‘കടക്ക് പുറത്ത്….!’ ചികിത്സ നിഷേധിച്ച ഡോക്ടര്‍ക്കെതിരെ വിമുക്തഭടന്റെ പരാതി. ഇരുകാലുകള്‍ക്കും ചലനശേഷി ഇല്ലാത്ത രോഗി വീല്‍ചെയറില്‍ വന്നതുകൊണ്ട് ഡോക്ടര്‍ കാണാന്‍ തയ്യാറായില്ല എന്നാണ് ആക്ഷേപം.
പേയാട് പനങ്ങോട് സ്വദേശിയായ വിമുക്തഭടന് അജിതകുമാറിനാണ് ഇക്കഴിഞ്ഞ 15ന് ദുരനുഭവം ഉണ്ടായത്. മെഡിക്കല്‍കോളജില്‍ വൃക്കമാറ്റിവയ്ക്കല്‍ വിവാദത്തിന് ഒരാഴ്ച മുമ്പായിരുന്നു സംഭവം. അജിതകുമാര്‍ ആരോഗ്യമന്ത്രിക്ക് ഇതേക്കുറിച്ച് പരാതി നല്കി. പക്ഷേ, ഇതുവരെ നടപടിയുണ്ടായില്ല. അപകടത്തെത്തുടര്‍ന്ന് കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി അരയ്ക്കുതാഴെ തളര്‍ന്ന് വീല്‍ചെയറിലാണ് അജിതകുമാറിന്റെ സഞ്ചാരം. ഗ്യാസ്ട്രോവിഭാഗം ഡോക്ടറെ കാണാന്‍ വേണ്ടിയാണ് മെഡിക്കല്‍ കോളജില്‍ എത്തിയത്.
മെഡിക്കല്‍ കോളജിലെ ഗ്യാസ്ട്രോവിഭാഗത്തില്‍ മികച്ച ചികിത്സയാണെന്ന് സുഹൃത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഡോ. കൃഷ്ണദാസിനെ കാണാന്‍ പോകുന്നത്. 15ന് ഡോക്ടറെ കാണാന്‍ പോയപ്പോള്‍ വീല്‍ചെയറിലുള്ള രോഗിയെ ഡോക്ടര്‍ കാണില്ലെന്ന് സ്റ്റാഫ് പറഞ്ഞു. അജിതകുമാറിന്റെ ഭാര്യ ശ്രീകല അകത്തുചെന്ന് ഡോക്ടറെ റിപ്പോര്‍ട്ട് കാണിച്ചപ്പോള്‍, അതൊന്ന് നോക്കാന്‍ പോലും കൂട്ടാക്കാതെ അവരെ ഇറക്കിവിടുകയായിരുന്നു.
അജിതകുമാറിന്റെ ഭാര്യ പറയുന്നത് ഇങ്ങനെ: ‘ഞാന്‍ അകത്തു ചെന്നപ്പോള്‍ ഡോക്ടര്‍ ഇരിക്കാന്‍ പറഞ്ഞു. എന്നാല്‍ ചികിത്സ എനിക്കല്ല ഭര്‍ത്താവിനാണെന്ന് പറഞ്ഞു. വീല്‍ചെയറിലുള്ളവര്‍ അപ്പുറത്ത് പോയാല്‍ മതി എന്ന് ഡോക്ടര്‍ പറയുകയായിരുന്നു. പുറത്തു പോകാതെ അവിടെ നിന്നപ്പോള്‍, എന്താ പറഞ്ഞാല്‍ മനസ്സിലാകില്ലേ എന്ന് ചോദിച്ചു. റിപ്പോര്‍ട്ട് മാത്രം നോക്കിയാല്‍ മതി എന്ന് വീണ്ടും ഞാന്‍ പറഞ്ഞപ്പോള്‍ കൈരണ്ടും ചെവിയില്‍ വച്ച് ”പ്ലീസ്, നിങ്ങളോടല്ലേ പറഞ്ഞത് പുറത്തുപോകാന്‍, പറഞ്ഞാല്‍ മനസ്സിലാകില്ലേ” എന്ന് ചോദിച്ച് ശബ്ദമുയര്‍ത്തുകയായിരുന്നു. ഡോക്ടറുടെ ദേഷ്യപ്പെടുന്ന ശബ്ദം കേട്ടപ്പോള്‍ പുറത്തുള്ള സ്റ്റാഫ് എത്തി അജിതകുമാറിനെ മറ്റൊരു ഡോക്ടറുടെ അടുത്തേക്ക് കൊണ്ടു പോവുകയായിരുന്നു’ ശ്രീകല പറഞ്ഞു.
നേവിയിലും മറ്റു സംസ്ഥാനങ്ങളിലും ജോലി നോക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായിട്ടില്ല. അങ്ങനെയാണ് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും അജിതകുമാര്‍ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: