തളിപ്പറമ്പ്: കഴിഞ്ഞദിവസം തളിപ്പറമ്പിലുണ്ടായ അക്രമവും ലീഗ് ഓഫീസ് തീവെക്കലും നാട്ടുകാരില്‍ ആശങ്ക സൃഷ്ടിക്കുന്നു. സമാധാനം നിലനില്‍ക്കുന്ന തളിപ്പറമ്പില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് സംഘര്‍ഷം സൃഷ്ടിക്കാനുളള ഗൂഢനീക്കമാണ് സിപിഎമ്മും ലീഗും നടത്തുന്നതെന്ന ആരോപണമാണ് ഉയരുന്നത്. ഇതോടെ ജനം കടുത്ത ആശങ്കയിലാണ്. മുസ്ലീം ലീഗും സിപിഎമ്മിന്റെ എല്ലാ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതിയും തമ്മിലുളള തര്‍ക്കമാണ് രാഷ്ട്രീയ സംഘര്‍ഷമായി പരിണമിച്ചിരിക്കുന്നത്.
വര്‍ഷങ്ങളായി രണ്ട് സംഘടനകളും തമ്മില്‍ വാക് പോരുകള്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. എന്നാല്‍ കഴിഞ്ഞദിവസം അത് ശാരീരിക സംഘട്ടനത്തിലേക്കും തീവെപ്പിലേക്കുമെത്തിയിരിക്കുകയാണ്. തളിപ്പറമ്പിലെ മുസ്ലീങ്ങളുടെ ഇടയില്‍ സ്വാധീനം സ്ഥാപിക്കുന്നതിനായി കുറേനാളായി സിപിഎം ശ്രമിച്ചുവരികയാണ്. അതിനായി പൂര്‍ണ്ണ പിന്തുണ നല്കി മുസ്ലീങ്ങളായ ചില സജീവ സിപിഎം പ്രവര്‍ത്തകരെ മുന്നില്‍ നിര്‍ത്തി തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതി എന്നൊരു കൂട്ടായ്മ രൂപീകരിക്കുകയായിരുന്നു.
മുസ്ലീംലീഗിന് മേല്‍ക്കൈയ്യുള്ള തളിപ്പറമ്പ് ജുമാത്ത് പള്ളി കമ്മറ്റിക്കും കമ്മറ്റിക്ക് കീഴിലുള്ള സീതീ സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്ക്കൂള് എന്നിവക്കെതിരെ സംരക്ഷണസമിതി അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ തളിപ്പറമ്പിലെ ലീഗ്-സിപിഎം അക്രമങ്ങള്‍.
വഖഫ് സംരക്ഷണ സമിതി നേതാവ് ദില്‍ഷാദ് പാലക്കോടന്റെ കാറിനുനേരെ ലീഗ് ശക്തികേന്ദ്രമായ കപ്പാലത്ത് വെച്ച് അക്രമം നടന്നിരുന്നു. വഖഫ് സംരക്ഷണസമിതിയുടെ ജനറല്‍ സെക്രട്ടറിയും സിപിഎം പ്രവര്‍ത്തകനും കേരള ബാങ്ക് ജീവനക്കാരനുമായ വ്യക്തിക്കും മറ്റൊരാള്‍ക്കും പരിക്കുപറ്റി. പിറ്റേ ദിവസം നേരം വെളുക്കുന്നതിന് മുമ്പ് സിപിഎം കേന്ദ്രമായ കുറ്റിക്കോലിലെ ലീഗ് ഓഫീസ് അഗ്നിക്കിരയായി. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പരസ്പരം നടന്ന അക്രമങ്ങള്‍.
മേഖലയില്‍ തുടര്‍ സംഘര്‍ഷങ്ങള്‍ക്ക് തയ്യാറെടുപ്പുകള്‍ നടക്കുന്നതായ വിവരം പുറത്തു വന്നിട്ടുണ്ട്. തളിപ്പറമ്പ് മേഖലയില്‍ സിപിഎം-ലീഗ് സംഘര്‍ഷം വര്‍ഷങ്ങള്‍ക്ക് മുമ്പേ പതിവ് സംഭവമായിരുന്നു. ഇടക്കാലത്ത് ശമിച്ച തുടര്‍ സംഘര്‍ഷം വീണ്ടും തിരിച്ചുവരുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: