ചെന്നൈ: സിംഗപ്പൂരിനു വേണ്ടി മൂന്ന് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിച്ച് ഇന്ത്യ. പിഎസ്എല്‍വി സി 53 റോക്കറ്റില്‍, വൈകിട്ട് 6.02നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിജയകരമായ വിക്ഷേപണം. വിക്ഷേപിച്ച് 18-ാം മിനിറ്റില്‍ മൂന്ന് ഉപഗ്രഹങ്ങളെയും നിര്‍ദിഷ്ട ഭ്രമണപഥത്തിലെത്തിച്ചു. റോക്കറ്റിലെ നാലാം ഘട്ട ഭാഗം കത്തിച്ചുകളയുന്നതിനു പകരം ഭൂമിയെ ചുറ്റുന്ന, ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കുള്ള പ്ലാറ്റ്‌ഫോമായി നിലനിര്‍ത്തി.
ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ രണ്ടാം വിക്ഷേപണവും പൂര്‍ണമായും വാണിജ്യപരമായ രണ്ടാം വിക്ഷേപണവുമാണിത്. 365 കിലോയുള്ള ഡിഎസ്ഇഒ എന്ന ഉപഗ്രഹം ഭൂമിയുടെ വര്‍ണചിത്രങ്ങള്‍ നല്കും, മാനുഷികമായ ആവശ്യങ്ങളെ സഹായിക്കും, ദുരന്ത, ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തു പകരും. 155 കിലോയുള്ള ന്യൂസര്‍ രാത്രിയും പകലും ഒരുപോലെ മികച്ച ചിത്രങ്ങള്‍ തരും. കുട്ടികളുടെ ഉപഗ്രഹ പരമ്പരയില്‍പ്പെട്ട, 2.8 കിലോ മാത്രമുള്ള സ്‌കൂബ് ഒന്നാണ് മൂന്നാമത്തേത്.
റോക്കറ്റിന്റെ നാലാം ഘട്ടം പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്‌സ്‌പെരിമെന്റല്‍ മൊഡ്യൂള്‍ (പോയം) എന്നാണ് അറിയപ്പെടുക. രണ്ട് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ ഉപകരണങ്ങളടക്കം ആറ് ഉപകരണങ്ങളാണ് ഇതിലുള്ളത്. സോളാര്‍ പാനലുകളില്‍ നിന്നാണ് ഇതിന് ഊര്‍ജ്ജം ലഭിക്കുക. നാലു സൗര സെന്‍സറുകളും ഒരു മാഗ്‌നറ്റോ മീറ്ററും ഉള്‍പ്പെടെയുള്ള ഉപകരണങ്ങളാണ് ഇതിന്റെ ദിശ നിര്‍ണയിക്കുന്നത്. ഇതു ഭൂമിയെ ചുറ്റുമ്പോള്‍ ഇതിലുള്ള ഉപകരണങ്ങള്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: