ഗായത്രിയുടെ 24 ശക്തിധാരകള്‍
ഗായത്രിയുടെ ശക്തികളിലൊന്നാണ് കുണ്ഡലിനി. ജീവാത്മാവുമായി ഒട്ടിപ്പിടിച്ച് അത്യന്തം ഉറ്റ ബന്ധമാര്ന്ന ഭൗതിക ഊര്‍ജമാണ് കുണ്ഡലിനി. ഇതു പ്രാണവൈദ്യുതി, പ്രാണശക്തി, ഊര്‍ജം, യോഗാഗ്നി മുതലായ പേരുകളിലും അറിയപ്പെടുന്നു. നാഡീ-ഞരമ്പുകളില്‍ ഒരു ചൈതന്യവൈദ്യുതി ഒഴുകുന്നുണ്ട്. ഇതിന്റെ രണ്ടറ്റങ്ങളെ ധ്രുവകേന്ദ്രങ്ങളായി കരുതപ്പെടുന്നു. ഇവ ഭൂമിയുടെ ഉത്തര-ദക്ഷിണധ്രുവങ്ങളെപ്പോലെയാണ്. ഉത്തരധ്രുവം മസ്തിഷ്കത്തിന്റെ മദ്ധ്യബിന്ദുവായ ബ്രഹ്മരന്ധ്രമാണ്. ഈ സ്ഥാനത്താണ് സഹസ്രാരചക്രം സ്ഥിതിചെയ്യുന്നത്. ഇതു നേരിട്ടു ബ്രഹ്മചേതനയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ബ്രഹ്മാണ്ഡത്തിന്റെ കലവറയില്‍നിന്നും തനിക്കാവശ്യമായ അളവില്‍ ആവശ്യമായ ശക്തികളെയും പദാര്‍ത്ഥങ്ങളെയും ആകര്‍ഷിച്ചെടുക്കാന്‍ ഉത്തരധ്രുവത്തിനുള്ള കഴിവുപോലെ ബ്രഹ്മചേതനയുടെ കലവറയില്‍ നിറഞ്ഞുകിടക്കുന്ന ദിവ്യശക്തികളില്‍നിന്നും വേണ്ടത്ര അളവില്‍ വേണ്ടതായ ശക്തികളെ ഇഷ്ടാനുസരണം എടുക്കുവാനുള്ള ശക്തി സഹസ്രാരചക്രത്തിനുണ്ട്. ബ്രഹ്മരന്ധ്രത്തില്‍ കുണ്ഡലിനിയുടെ ഒരറ്റം സ്ഥിതിചെയ്യുന്നു. ഇതിന്റെ ആകൃതി കുണ്ഡലാകാരമാണ്. ശേഷനാഗം, ശിവസര്പ്പം ഇത്യാദിയാല്‍ ഈ മഹാസര്‍പ്പം തന്റെ മൂര്ച്ഛിതാവസ്ഥയില്നിന്ന് ഉണരുകയും ഇതിന്റെ പ്രചണ്ഡമായ സാമര്‍ത്ഥ്യത്തിന്റെ നിരവധി സഹായത്തോടെ അദ്ധ്യാത്മമേഖലയില്‍ അനവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
കുണ്ഡലിനിയുടെ മറ്റേ അറ്റം മൂലാധാരചക്രമാണ്. ഇതു മലമൂത്രദ്വാരങ്ങളുടെ മദ്ധ്യത്തിലായി സ്ഥിതിചെയ്യുന്നു. ശക്തിയെ ആകര്‍ഷിച്ചെടുക്കുന്ന ഒരു ചുഴിയാണ് ഇത്. ഇത് ദക്ഷിണധ്രുവത്തിനു തുല്യമായി കരുതപ്പെടുന്നു. മനുഷ്യശരീരത്തില്‍ പദാര്ത്ഥജന്യമായ ഊര്‍ജം ഉല്പാദിപ്പിക്കപ്പെടുന്നത് ഇവിടെനിന്നുമാണ്. സന്താനോല്പാദനശക്തിയുടെ കേന്ദ്രവും ഇതാണ്. ഉല്ലാസം, ഉത്സാഹം, സാഹസം മുതലായ വൈശിഷ്ട്യങ്ങള്‍ ഇവിടെനിന്നുമാണ് ഉത്ഭവിക്കുന്നത്. മനുഷ്യശരീരത്തിലെ വിഭിന്ന പ്രവര്‍ത്തനശക്തികളുടെ ഉത്സഭസ്ഥാനം ഇതാണ്. മസ്തിഷ്കവും ഹൃദയവും സ്ഥൂലശരീരത്തിന്റെ പ്രധാന അവയവങ്ങളാണ്. സൂക്ഷ്മശരീരത്തിന്റെ മസ്തിഷ്കം സഹസ്രാരചക്രമഹാസര്പ്പവും, ഹൃദയം മൂലാധാരചക്രവുമാണ്. രണ്ടു ധ്രുവങ്ങളുടേയും ഇടയ്ക്കുള്ള പ്രവാഹം സുഷുപ്താവസ്ഥയില്‍ കഴിയുന്നു. തല്‍ഫലമായി മനുഷ്യനും മറ്റു പ്രാണികളെപ്പോലെ ഉദരപൂരണം, സന്താനോല്പാദനം എന്നിത്തരം തുച്ഛമായ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ മാത്രമേ സാധിക്കുന്നുള്ളൂ. കുണ്ഡലിനീജാഗരണംമൂലം ദിവ്യോര്ജ്ജം ജാഗൃതമാകുകയും മനുഷ്യന് അസാമാന്യകഴിവുള്ളവനായിത്തീരുകയും ചെയ്യുന്നു. മൂലാധാരത്തില്‍ സ്ഥിതിചെയ്യുന്ന സര്‍പ്പിണിയും – അതായത് പ്രാണശക്തിയും, സഹസ്രാരത്തില്‍ സ്ഥിതിചെയ്യുന്ന മഹാസര്‍പ്പവും – അതായത് ബ്രഹ്മചേതനയും തമ്മില്‍ വിനിമയ മാര്‍ഗ്ഗം തുറക്കപ്പെടുക എന്നതാണ് കുണ്ഡലീനീജാഗരണം. ഭൗതികശക്തിയും ആത്മീയശക്തിയും തമ്മില്‍ സംയോജിക്കുമ്പോള്‍ വൈദ്യുതിയുടെ പോസിറ്റീവ് കറന്റും നെഗറ്റീവ് കറന്റും ചേരുമ്പോള്‍ ഉണ്ടാകുന്ന ശക്തിപ്രവാഹം പോലെ, അത്ഭുതകരമായ ഫലങ്ങള്‍ ഉളവാകുന്നു.
മസ്തിഷ്കത്തിന്റെ കഴിവുകള്‍ക്കു മൂര്‍ച്ചകൂട്ടാന്‍ യോഗസാധനകള്‍ ഉപകരിക്കപ്പെടുന്നു. പ്രാണോര്ജത്തിനു ഘനത്വം വര്‍ദ്ധിപ്പിക്കുകയും അതിന്റെ സാമര്‍ത്ഥ്യത്താല്‍ ഭൗതികവും ആത്മീയവുമായ ശക്തികളെ പ്രബലമാക്കുകയും ചെയ്യുക എന്നത് തന്ത്രശാസ്ത്രമാണ്. കുണ്ഡലിനി തന്ത്രവിദ്യയുടെ അധിഷ്ഠാത്രി ആണ്. ഭൂലോകത്തെ പ്രതിനിധീകരിക്കുന്നത് മൂലാധാരവും ബ്രഹ്മലോകത്തെ പ്രതിനിധീകരിക്കുന്നത് സഹസ്രാരവുമാണ്. രണ്ടും തമ്മിലുള്ള വിനിമയം നടക്കുന്നത് ദേവയാനമാര്ഗ്ഗത്തിലൂടെയാണ്. മേരുദണ്ഡം (നട്ടെല്ല്) തന്നെയാണ് ദേവയാനമാര്‍ഗ്ഗം. ഈ നീണ്ട വഴിയിലാണ് ഷഡ്ചക്രങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഏഴാമത്തെ ലക്ഷ്യബിന്ദു സഹസ്രാരമാണ്. ഇവയുടെ വിസ്തൃതരൂപമാണ് സപ്തലോകം, സപ്തസിന്ധു, സപ്തഗിരി, സപ്തര്‍ഷി, സപ്തപുരി, സപ്തതീര്ത്ഥങ്ങള്, സപ്തദ്വീപുകള്‍, സപ്തദീപങ്ങള്‍, സപ്താഹം (ആഴ്ചവട്ടം), സപ്തധാതുക്കള്‍ എന്നിവ. കുണ്ഡലനീജാഗരണംമൂലം ദേവയാനമാര്ഗ്ഗത്തിലെ ഈ ഏഴു സോപാനങ്ങളും ജാഗൃതമാകുകയും സാധകര്‍ ദിവ്യശക്തിയാല്‍ സമ്പന്നരാകുകയും ചെയ്യുന്നു.
മനുഷ്യനില്‍ പ്രാണ ഊര്‍ജത്തിന്റെ പ്രചണ്ഡമായ ശക്തി മൂലാധാരചക്രത്തിന്റെ കേന്ദ്രബിന്ദുവില്‍ നിക്ഷിപ്തമാണ്. അവിടെനിന്നും ശരീരത്തിലാകമാനം സഞ്ചരിച്ചുകൊണ്ട് വിഭിന്ന ജീവല്‍പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇതു ജനനേന്ദ്രിയത്തിലൂടെ പ്രവര്‍ത്തിക്കുമ്പോള്‍ ഒരു പുതിയ മനുഷ്യന് സൃഷ്ടിക്കപ്പെടുന്നു എന്ന വസ്തുതയില്‍നിന്നും എത്ര അസാമാന്യമായ സാമര്‍ത്ഥ്യമാണ് ഇതിനുള്ളതെന്ന് അനുമാനിക്കാവുന്നതാണ്. മനുഷ്യനില്‍ ശൗര്യം, സാഹസം, പരാക്രമം, ഉത്സാഹം, ഉല്ലാസം, ശുഷ്കാന്തി, തല്പരത മുതലായ ഒട്ടനേകം വൈശിഷ്ട്യങ്ങള്‍ ഇവിടെനിന്നുമാണ് ഉത്ഭവിക്കുന്നത്. ഈ സാമര്‍ത്ഥ്യത്തിന്റെ നേരിയ ചലനമാണ് കാമാവേശത്തിലൂടെ അനുഭവപ്പെടുന്നത്. ഇതിന്റെ കൂടുതല്‍ ഭാഗവും സംഭോഗത്തിലൂടെ നഷ്ടപ്പെടുന്നു.
സാമാന്യപ്രാണനെ മഹാപ്രാണനാക്കി മാറ്റി ബ്രഹ്മരന്ധ്രം വരെ എത്തിക്കുകയും, അവിടെ സുഷുപ്താവസ്ഥയില്‍ കഴിയുന്ന ശക്തിസമൂഹത്തെ ഉണര്‍ത്തി മനുഷ്യനെ ദേവതുല്യനാക്കുക എന്നതാണ് കുണ്ഡലിനീജാഗരണത്തിന്റെ ഉദ്ദേശം. സമുദ്രമന്ഥനം ചെയ്തപ്പോള്‍ കിട്ടിയത് പതിനാല് രത്നങ്ങളാണ്. കുണ്ഡലിനീശക്തിയാകുന്ന സാഗരമന്ഥനം സാധകന് ദിവ്യശക്തികളാകുന്ന രത്നക്കലവറയുടെ വാതില്‍ തുറന്നുകൊടുക്കുന്നു. അധോഗതിയില്‍നിന്നും ഉന്നതിയിലേക്കുയര്ത്തപ്പെടുന്ന ഈ പ്രക്രിയയാണ് കുണ്ഡലിനീജാഗരണം. ഈ സാധനയില്‍ നാമബീജം ശക്തിബീജമായി മാറ്റപ്പെടുന്നു. കാലവും മഹാകാലവും, ശിവനും പാര്‍വ്വതിയും, പ്രാണനും മഹാപ്രാണനും തമ്മില്‍ സമ്മേളിക്കുമ്പോള്‍ അവയുടെ സംയുക്തശക്തിയില്നിന്നും അത്ഭുതകരമായ പരിണാമങ്ങള്‍ ഉളവാകുന്നു. ഇതിനുതന്നെയാണ് കുണ്ഡലിനീജാഗരണം എന്നു പറയുന്നത്. ഗായത്രിയുടെ തന്നെ ഒരു പ്രവാഹമായ കുണ്ഡലിനീജാഗരണത്തിന് ഗായത്രിയുടെ തന്ത്രോപലബ്ധി എന്നു പറയുന്നു.
കുണ്ഡലിനീജാഗരണത്തിനുളള ഏറ്റവും ലളിതമായ പ്രക്രിയ ഗായത്രീസാധനയാണ്. ഹഠയോഗം, പ്രാണായാമം, തന്ത്രയോഗം മുതലായ മാര്‍ഗ്ഗത്തിലൂടെയും ഒരു പരിധിവരെ ജാഗൃതമാക്കാന് കഴിയും. എന്നാല്‍ ഗായത്രിയുടെ മാര്‍ഗ്ഗത്തിലൂടെ മാത്രമേ പൂര്‍ണമായ ഉപയോഗവും ശക്തിയും ജാഗരണവും സാദ്ധ്യമാവൂ. ഗായത്രിയുടെ 24 ശക്തികളിലൊന്നാണ് കുണ്ഡലിനി. ഗായത്രീസാധനയുടെ സൗമ്യമായ പ്രക്രിയയിലൂടെ സാധകന് കുണ്ഡലിനീജാഗരണത്തിന്റെ ഫലം കൂടുതല്‍ നിശ്ചിന്തതയോടെ, യാതൊരുവിധ ആപല്‍ശങ്കയും കൂടാതെ സുഗമമായി ലഭ്യമാക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: