കണ്ണൂര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ കനയ്യലാല്‍ എന്ന തയ്യല്‍ തൊഴിലാളിയെ മുസ്ലീം മതതീവ്രവാദികള്‍ തലയറുത്ത് കൊന്ന സംഭവം താലിബാനിസത്തിന്റെ നേര്‍ചിത്രമാണെന്നും ഇതിനെതിരെ സമൂഹം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് വത്സന്‍തില്ലങ്കേരി പറഞ്ഞു. ഹിന്ദു ഐക്യവേദി കണ്ണൂര്‍ ഗുരുഭവന് ഹാളില്‍ സംഘടിപ്പിച്ച കേരളം താലിബാനിസത്തിലേക്കോ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിലാകമാനം താലിബാനിസം നടപ്പാക്കാനുളള ആസൂത്രിത ശ്രമങ്ങളാണ് നടക്കുന്നത്. അയ്യായിരത്തിലധികം വര്‍ഷങ്ങളായി എല്ലാവിഭാഗം ജനവിഭാഗങ്ങളും സൗഹൃദത്തോടെ കഴിയുന്ന സ്ഥലമാണ് ഭാരതം.
സ്വാതന്ത്ര്യവും ജനാധിപത്യവും മൂല്യങ്ങളും നിലനില്‍ക്കുന്ന രാജ്യത്ത് അഭിപ്രായപ്രകടനത്തിന്റെ പേരില്‍ ജോലി സ്ഥലത്തേക്ക് അതിക്രമിച്ച് കയറി പരസ്യമായി ഒരാളുടെ തലയറുക്കുകയും പ്രധാനമന്ത്രിയ്ക്കെതിരെ ഉള്‍പ്പെടെ ഭീഷണി മുഴക്കുകയാണ്. ലോകം മുഴുവന്‍ താലിബാന് ഈ രീതിയാണ് അവലംബിച്ച് വരുന്നത്. ഇല്ലാത്ത ഇരവാദത്തിന്റെ ചുവടുപിടിച്ചാണ് രാജ്യ വ്യാപകമായി വലിയ കലാപത്തിന് ശ്രമിക്കുകയാണ് താലിബാന് തീവ്രവാദികള്‍. പരസ്യമായി ശതമാന കണക്ക് പറഞ്ഞ് വെല്ലുവിളിക്കുന്ന സ്ഥിതി കേരളത്തിലും ഉണ്ടായിരിക്കുകയാണ്.
പൊതുസമൂഹം ഇതിനെതിരെ പ്രതികരിക്കാന്‍ മുന്നോട്ടുവരണം. എല്ലാത്തിനേയും തകര്‍ക്കാനുളള ശ്രമമാണ് ഇസ്ലാമിസ്റ്റുകള്‍ നടത്തുന്നത്. ഏതെങ്കിലും ഒരു വിഭാഗത്തിനെതിരേയെല്ല ഇവരുടെ പ്രവര്‍ത്തനം. അതുകൊണ്ടുതന്നെ എല്ലാ വിഭാഗവും ഒന്നിച്ച് നില്‍ക്കണം. വര്‍ഷങ്ങള്‍ക്ക് മുമ്പേ കേരളത്തില്‍ താലിബാനിസം വേരുറപ്പിച്ചു. യാഥാര്‍ത്ഥ്യം പറഞ്ഞതിന്റെ പേരില്‍ ചേകന്നൂര്‍ മൗലവിയെ ഇല്ലാതാക്കിയ ചരിത്രമടക്കം ഇത് വ്യക്തമാക്കുന്നതാണ്. വിരുദ്ധാഭിപ്രായങ്ങളെ സാംശീകരിക്കുന്ന സമീപനമുളള നാട്ടില്‍ ഒരു അഭിപ്രായത്തെ പിന്തുണച്ചതിന്റെ പേരില്‍ പരസ്യമായി കഴുത്തറുത്ത് കൊല്ലുന്ന സ്ഥിതി സംജാതമായിരിക്കുകയാണ്.
ഇരുപത് കൊല്ലമായി രാജ്യത്തെ പ്രധാനമന്ത്രിയ്ക്കെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തിയിട്ട് വ്യാജപ്രചാരണത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് എന്തെങ്കിലും സംഭവിച്ചോ. വിമര്‍ശിക്കാനും എതിര്‍ക്കാനും സ്വാതന്ത്ര്യമുളള നാടായതു കൊണ്ടാണ് വ്യാജ വിമര്‍ശനങ്ങളെ നിയമപരമായി നേരിട്ടത്. കോടതി പറഞ്ഞപ്പോഴാണ് വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ ഇപ്പോള്‍ നിയമനടപടികള്‍ ആരംഭിച്ചിരിക്കുന്നത്. താലിബാനുകളുടെ നാട്ടില്‍ വിയോജിക്കാനുളള അധികാരം ഇല്ലാതാവുമെന്നും അതിനാല്‍ തന്നെ തീവ്രവാദത്തെ ഏതുതരത്തിലും പ്രതിരോധിച്ച് പരാജയപ്പെടുത്തണമെന്നും വത്സന് തില്ലങ്കേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: