കൊല്ലം: ജില്ലയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഹോട്ടലുകളിലടക്കം നിരന്തര പരിശോധനകള്‍ കര്‍ശനമായി നടത്തും. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ജില്ലാകളക്ടര്‍ അഫ്സാന പര്‍വീണ്‍ തീരുമാനം പ്രഖ്യാപിച്ചത്. മായംകലര്‍ന്നതും പഴകിയതുമായ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കും.
ജില്ലയിലെ വിവിധ ഹോട്ടലുകളില്‍ കഴിഞ്ഞമാസം നടത്തിയ പരിശോധനയില്‍ 2,148 സാംപിളുകള്‍ പരിശോധിച്ചു. ഇതില്‍ 399 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്കി. ‘ഓപ്പറേഷന് ഷവര്‍മ’ എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ വീഴ്ച കണ്ടെത്തിയ 120 സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടപ്പിച്ചു. ഓപ്പറേഷന് മത്സ്യ, ഓപ്പറേഷന് ജാഗറി എന്നീ പേരുകളില്‍ മത്സ്യത്തിലേയും ശര്ക്കരയിലേയും വിഷാംശം കണ്ടെത്താനായി പ്രത്യേക പരിശോധനകള്‍ പുരോഗമിക്കുകയാണ്.
സ്കൂള്‍ പാചകതൊഴിലാളികള്‍ക്കും അങ്കണവാടി തൊഴിലാളികള്‍ക്കുമായി ഭക്ഷ്യസുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. തട്ടുകടകളില്‍ എണ്ണ പുനരുപയോഗിക്കുന്നത് തടയാനായി സമഗ്രപരിശോധന നടത്തിവരുന്നു. ചെറുകിട ഭക്ഷ്യശാലകളില്‍ നിന്ന് ഉപയോഗിച്ച എണ്ണകള്‍ ശേഖരിച്ച് എണ്ണ സംസ്കരണ ഏജന്‍സികള്‍ക്ക് കൈമാറാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കും. പാല്, മാംസം, പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയിലെ ബയോട്ടിക് സാന്നിധ്യം കണ്ടെത്താനായി എല്ലാമാസവും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കുമെന്ന് ജില്ലാ ഫുഡ്സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ എസ്.അജി വ്യക്തമാക്കി. മത്സ്യത്തില്‍ ഐസ് അല്ലാതെ മറ്റ് രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: