ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂര്‍ ജില്ലയില്‍ നൈനി തടാകക്കരയിലുള്ള 64 ശക്തിപീഠങ്ങളില്‍ ഒന്നാണ് നൈനാദേവിക്ഷേത്രം. ഇന്ത്യയിലെ പ്രമുഖ സുഖവാസ കേന്ദ്രങ്ങളിലൊന്നായ നൈനിത്താളിന്റെ നാമോല്പ്പത്തിയും നൈനാദേവിയില്‍ നിന്നാണ്.
ശിവപത്നിയായ സതീദേവിയാണ് ക്ഷേത്രത്തിലെ പ്രധാനമൂര്‍ത്തിയായ നൈനാ ദേവി. തുല്യപ്രാധാന്യത്തോടെ മഹാകാളിയും ശ്രീഗണേശനും പ്രതിഷ്ഠകളായുണ്ട്. നന്ദാഷ്ടമിയും നവരാത്രിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങള്‍.
ദക്ഷയാഗവുമായി ബന്ധപ്പെട്ടതാണ് ക്ഷേത്രചരിത്രം. ദക്ഷയാഗത്തില്‍ ക്ഷണിക്കാതെയെത്തിയ സതീദേവി യാഗാഗ്നിയില്‍ ജീവത്യാഗം ചെയ്തു. പത്നിയുടെ ദേഹവിയോഗമറിഞ്ഞ ശിവന് സതിയുടെ ചേതനയറ്റ ദേഹം ഹോമകുണ്ഡത്തില്‍ നിന്നെടുത്ത് സംഹാര താണ്ഡവമാടി. അതുകണ്ട് പരിഭ്രാന്തനായ ഭഗവാന് വിഷ്ണു സുദര്‍ശന ചക്രത്താല്‍ ദേവിയുടെ ശരീരം പലകഷ്ണങ്ങളാക്കി. പ്രപഞ്ചനാശം തടയുകയായിരുന്നു ഭഗവാന്റെ ലക്ഷ്യം. ദേവിയുടെ ശരീരഭാഗങ്ങള്‍ ഭൂമിയില്‍ പലയിടങ്ങളിലായി വീണു. കണ്ണുകള്‍ (നയനം) പതിച്ചിടത്തൊരു തടാകമുണ്ടായി. അതാണ് നൈനി തടാകം. കാലാന്തരത്തില്‍ ദേവിക്കായി അവിടെയൊരു ക്ഷേത്രവും രൂപംകൊണ്ടു. റോഡ് മാര്‍ഗവും കേബിള്കാറിലൂടെയും കുന്നിന് മുകളിലുള്ള ക്ഷേത്രത്തിലെത്താം.
ക്ഷേത്രോല്പ്പത്തിയുമായി ബന്ധപ്പെട്ട് പ്രാദേശികമായി ഒരു കഥകൂടി നിലവിലുണ്ട്. നൈന എന്നു പേരുള്ളൊരു ആട്ടിടയന് ഒരിക്കല്‍ ആടിനെ മേയ്ക്കുന്നതിനിടയില്‍, വെളുത്ത നിറമാര്‍ന്നൊരു പശു ഒരു കല്ലിനു മീതെ പാല് ചുരത്തുന്നതു കാണാനിടയായി. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇതേ കാഴ്ച കണ്ടു. ഒരുനാള്‍ രാത്രി നൈനയ്ക്ക് ദേവിയുടെ സ്വപ്നദര്‍ശനമുണ്ടായി. പശു പാല്ചുരത്തുന്നതായി നൈന കാണാറുള്ള കല്ല് യഥാര്‍ത്ഥത്തില്‍ തന്റെ വിഗ്രഹമാണെന്ന് ദേവി ഉണര്‍ത്തിച്ചു. ഇക്കാര്യം അദ്ദേഹം രാജാവായിരുന്ന ബീര്‍ ചന്ദിനെ അറിയിച്ചു വെന്നും വൈകാതെ അദ്ദേഹം അവിടെ ക്ഷേത്രം പണിതുവെന്നുമാണ് കഥ. നൈനയുടെ പേരില്‍ നിന്നത്രേ ക്ഷേത്രത്തിനും അതേ പേരു ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: