കൊച്ചി: ആലപ്പുഴ റാലിയില്‍ കൊലവിളി മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിന്റെ ചിത്രം പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകയ്‌ക്ക് നേരെ പോപ്പുലര്‍ ഫ്രണ്ട് സൈബര്‍ ആക്രമണം. ന്യൂസ് 18 ആലപ്പുഴ റിപ്പോര്‍ട്ടര്‍ ശരണ്യ സനേഹജന് നേരെയാണ് ആക്രമണം. റിപ്പോര്‍ട്ടിംഗിനിടെ കുട്ടിയുടെ പിതാവിന്റെ തൊഴില്‍ പരാമര്‍ശിച്ചതും പോപ്പുലര്‍ ഫ്രണ്ട് അണികളെ ചൊടിപ്പിച്ചിട്ടുണ്ട്.
മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിന്റെ ചിത്രവും പശ്ചാത്തലവും പുറത്തുവിട്ടുകൊണ്ടുള്ള റിപ്പോര്‍ട്ടിനെ ചൊല്ലിയാണ് ഇപ്പോള്‍ വിവാദം ഉണ്ടായിരിക്കുന്നത്. റിപ്പോര്‍ട്ടിംഗിനിടെ അവതാരകന്റെ ചോദ്യത്തിന് മറുപടിയായി റിപ്പോര്‍ട്ടര്‍ അസ്‌കറിന്റെ പശ്ചാത്തലം വിവരിക്കുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് സജീവ പ്രവര്‍ത്തകനായ അസ്‌കതര്‍ മുസ്ഫിറിന് ഇറച്ചിവെട്ടും കാര്‍ വില്‍പ്പനയുമാണ് തൊഴിലെന്ന് വിവരിച്ചു. ഇത് ചൂണ്ടിക്കാട്ടിയാണ് ആരോപണം.
സംഭവത്തില്‍ മറുപടിയുമായി റിപ്പോര്‍ട്ടറും രംഗത്തുവന്നു. തന്റെ പിതാവ് ചെത്തുകാരന്‍ ആയിരുന്നുവെന്നും അത് പറയാന്‍ അഭിമാനമേയുള്ളുവെന്നും ആരേയും തൊഴില്‍ പറഞ്ഞ് അധിഷേപിച്ചിട്ടില്ലെന്നും ശരണ്യ പറഞ്ഞു. തൊഴില്‍ എന്തെന്നല്ല ചെയ്യുന്ന പ്രവൃത്തി എന്തെന്നാണ് വിലയിരുത്തേണ്ടത്. തോന്ന്യവാസം ആണ് കാണിക്കുന്നതെങ്കില്‍ ഇനി അത് ഏത് കേമന്‍ ആണെങ്കിലും പറയുക തന്നെ ചെയ്യുമെന്നും ശരണ്യ ഫേസ്ബുക്കില്‍ കുറിച്ചു.
ഒളിവിലായിരുന്ന കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുട്ടിയുടെ പള്ളുരുത്തിയിലെ വീട്ടില്‍ പോലീസെത്തിയാണ് പിതാവ് അഷ്‌കറിനെ കസ്റ്റഡിയിലെടുത്തത്. പ്രദേശത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതോടെ പിതാവിനെ പള്ളുരുത്തി പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. പ്രദേശത്ത് പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴയില്‍ നിന്നും പോലീസ് എത്തിയശേഷം പള്ളുരുത്തി സ്‌റ്റേഷന്‍ അധികൃതര്‍ കുട്ടിയുടെ പിതാവിനെ കൈമാറും. അതിനുശേഷമാകും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുക. കുട്ടിയെ കൗണ്‍സിലിങ്ങിനും വിധേയമാക്കും.
അതേസമയം ഇതിനുമുമ്പ് റാലികളില്‍ ഉപയോഗിച്ചിരുന്ന മുദ്രാവാക്യങ്ങളാണ് കുട്ടിവിളിച്ചത്. ആരും പഠിപ്പിച്ചതല്ലെന്നും, കുട്ടിക്ക് ഓര്‍മ്മയുണ്ടായിരുന്നത് വിളിച്ചതാണ്. സംഘപരിവാറിനെതിരെയുള്ള മുദ്രാവാക്യങ്ങളാണ്. ചെയ്തതില്‍ തെറ്റില്ലെന്നും കുട്ടിയുടെ പിതാവ് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.
റാലിയില്‍ കുട്ടി മുദ്രാവാക്യം വിളിച്ചപ്പോള്‍ ഒപ്പം താനും ഉണ്ടായിരുന്നു. എന്‍ആര്‍സി സമരത്തില്‍ വിളിച്ച മുദ്രാവാക്യമായിരുന്നു അത്. സംഘപരിവാറിനെതിരെയുള്ള മുദ്രാവാക്യങ്ങളാണ്. അതില്‍ ഹിന്ദു,ക്രിസ്ത്യന്‍ മതത്തിനെതിരായി ഒന്നുമില്ല. അതില്‍ എന്താണ് തെറ്റെന്ന് തനിക്ക് മനസ്സിലാകുന്നില്ല. റാലിക്ക് ശേഷം താനും കുടുംബവും ടൂര്‍ പോയതാണ്. അല്ലാതെ ഒളിവില്‍ പോയതല്ല. അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരമാണ് തിരിച്ചെത്തിയതെന്നും കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: