തിരുവനന്തപുരം ഹിന്ദു മഹാസമ്മേളനത്തിലും എറണാകുളം വെണ്ണല ശിവക്ഷേത്രത്തിലും നടത്തിയ പ്രസംഗങ്ങളുടെ പേരില്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിനെ അറസ്റ്റു ചെയ്ത ഇടതുമുന്നണി സര്‍ക്കാരിന്റെ നടപടി പ്രത്യക്ഷത്തില്‍ തന്നെ പക്ഷപാതപരവും ഇരട്ടത്താപ്പുമാണ്. ഹിന്ദു സമ്മേളനത്തിന്റെ പേരില്‍ എടുത്ത കേസില്‍ ജോര്‍ജിന് ലഭിച്ച ജാമ്യം സര്‍ക്കാരിന്റെ ഹര്‍ജി അംഗീകരിച്ച് മജിസ്ട്രേറ്റു കോടതി റദ്ദാക്കുകയായിരുന്നു. വെണ്ണല പ്രസംഗത്തിലൂടെ ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നാണ് സര്‍ക്കാര്‍ പരാതിപ്പെട്ടത്. എന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനം ജോര്‍ജ് നടത്തിയിട്ടുണ്ടെങ്കില്‍ അതിനെതിരെ വ്യവസ്ഥാപിതമായ രീതിയില്‍ നടപടിയെടുക്കാം. അതിനാരും എതിരല്ല. പക്ഷേ ജോര്‍ജിനെ വേട്ടയാടാന്‍ സിപിഎമ്മും സര്‍ക്കാരും പോലീസും കാണിക്കുന്ന തിടുക്കം എന്തുകൊണ്ട് മറ്റ് ചിലരുടെ കാര്യത്തില്‍ ഉണ്ടാകുന്നില്ല എന്ന ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത്. ജോര്‍ജ് നടത്തിയെന്നു പറയപ്പെടുന്ന വിദ്വേഷ പ്രസംഗത്തേക്കാള്‍ എത്രയോ ഗുരുതരമാണ് ആലപ്പുഴയില്‍ പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ നടത്തിയ പരേഡിലും സമ്മേളനത്തിലും ഉയര്‍ന്ന കൊലവിളിയും വിദ്വേഷ പ്രസംഗങ്ങളും. ഹിന്ദുക്കളെയും ക്രൈസ്തവരെയും അധികം വൈകാതെ കൊലപ്പെടുത്തുമെന്നാണ് പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ പരസ്യമായി മുദ്രാവാക്യം വിളിച്ചത്. സമൂഹമാധ്യമങ്ങളിലും പത്ര-ദൃശ്യമാധ്യമങ്ങളിലും ഈ സംഭവം ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെട്ടിട്ടും സര്‍ക്കാര്‍ കണ്ണടയ്ക്കുകയായിരുന്നു.
ഹിന്ദു സമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരില്‍ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തി ജോര്‍ജിനെ അറസ്റ്റു ചെയ്യാന്‍ തിടുക്കം കാണിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസാണ് ആലപ്പുഴയില്‍ കൊലവിളി മുഴക്കിയ പോപ്പുലര്‍ ഫ്രണ്ട് ഭീകരരെ തൊട്ടുനോവിക്കാന്‍ പോലും തയ്യാറാവാതിരുന്നത്. ഇത് വിവാദമായതോടെ കൊലവിളിയെ ന്യായീകരിച്ചുകൊണ്ടുള്ള പോപ്പുലര്‍ഫ്രണ്ടുകാരുടെ പ്രസ്താവനയും വന്നു. കൊലവിളി മുദ്രാവാക്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായിരുന്നു ഈ പ്രസ്താവന. അന്യമത വിദ്വേഷം വഴിഞ്ഞൊഴുകുന്ന, സ്വമേധയാ കേസെടുക്കാവുന്ന സംഭവമായിരുന്നിട്ടും പോലീസ് അനങ്ങാപ്പാറ നയം സ്വീകരിച്ചു. മാധ്യമങ്ങള്‍ ഇതിനെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്നപ്പോള്‍ പരിശോധിച്ചുവരികയാണെന്ന് ആവര്‍ത്തിക്കുകയാണ് പോലീസ് ചെയ്തത്. പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ എന്ത് നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയാലും കേസെടുക്കണമെങ്കില്‍ ആഭ്യന്തര വകുപ്പിന്റെ, മുഖ്യമന്ത്രിയുടെ അനുമതി വേണമല്ലോ. പിണറായി ഇതിനു തയ്യാറാകണമെങ്കില്‍ പോപ്പുലര്‍ഫ്രണ്ടുകാര്‍ പച്ചക്കൊടി കാണിക്കണം. പ്രതിഷേധം ശക്തമായതോടെ കൊലവിളി മുദ്രാവാക്യം മുഴക്കിയതിനെതിരെ കേസെടുക്കാന്‍ നിര്‍ബന്ധിതരായ പോലീസ് അത് ചെയ്തവരെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നു പറഞ്ഞ് നാടകം കളിക്കുകയായിരുന്നു. ഇത് ആദ്യമായല്ല പോലീസ് ഇങ്ങനെ പെരുമാറുന്നത്. പോപ്പുലര്‍ഫ്രണ്ടുകാര്‍ പ്രതികളാവുന്ന കേസുകളിലെല്ലാം പോലീസ് അവരുമായി ഒത്തുകളിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. പോലീസിലെ പോപ്പുലര്‍ഫ്രണ്ടുകാര്‍ കൂട്ടാളികളായ ഭീകരര്‍ക്ക് വിവരം ചോര്‍ത്തുകയും ചെയ്യുന്നു.
എന്തും പറയാവുന്ന നാടല്ല കേരളമെന്നാണ് പി.സി. ജോര്‍ജിനെതിരെ കേസെടുത്തതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ആവേശംകൊണ്ടത്. മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ക്കും ഇസ്ലാമിക മതമൗലികവാദികള്‍ക്കും ഈ നയം ബാധകമല്ലെന്നു മാത്രം. പ്രാസംഗികമായ ചില പരാമര്‍ശങ്ങളാണ് ജോര്‍ജില്‍നിന്ന് ഉണ്ടായത്. ഇതിനേക്കാള്‍ എത്രയോ ഭീകരമായ പ്രസംഗങ്ങളും ഭീഷണികളുമാണ് ഇസ്ലാമിക മതമൗലികവാദികളില്‍നിന്ന് ഉണ്ടാവുന്നത്. അഫ്ഗാനിസ്ഥാനിലും സിറിയയിലും പാകിസ്ഥാനിലുമൊക്കെ ഇസ്ലാമിക ഭീകരര്‍ നടത്തുന്ന കൊലവിളികളാണ് കേരളത്തിലെ അവരുടെ അനുയായികള്‍ ആവര്‍ത്തിക്കുന്നത്. സ്വമേധയാ കേസെടുക്കാവുന്ന ഇത്തരം സംഭവങ്ങളില്‍ പരാതി ലഭിച്ചാല്‍ പോലും നടപടിയെടുക്കുന്നില്ല. എന്നിട്ടാണ് ആര്‍ക്കും എന്തും പറയാവുന്ന നാടല്ല കേരളമെന്നൊക്കെ പിണറായി അഭിമാനംകൊള്ളുന്നത്. ഹിന്ദു സമ്മേളനത്തിലായാലും വെണ്ണല ക്ഷേത്രത്തിലെ പ്രസംഗത്തിലായാലും കേരളത്തിലെ ഹിന്ദുക്കളും ക്രൈസ്തവരും നേരിടുന്ന ഗുരുതരമായ ചില പ്രശ്നങ്ങളാണ് പി.സി. ജോര്‍ജ് ചൂണ്ടിക്കാട്ടിയത്. ഇതിനു മറയിടാന്‍ വേണ്ടിയാണ് വിദ്വേഷ പ്രസംഗം എന്നു മുദ്രകുത്തി കേസെടുത്ത് വേട്ടയാടുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാന്‍ ഏതറ്റംവരെയും പോവുകയാണ് സര്‍ക്കാര്‍. സിപിഎമ്മിന്റെ കുപ്രചാരണത്തില്‍ കുടുങ്ങാത്ത ജനങ്ങള്‍ ഇതിനുള്ള തിരിച്ചടി ഈ തെരഞ്ഞെടുപ്പില്‍ തന്നെ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: