കാഞ്ഞങ്ങാട്: ഏറെക്കാലം നാട്ടുകാരുടെ ഉറക്കം കെടുത്തിയ പെരുങ്കള്ളന് എറണാകുളത്ത് പിടിയില്‍. കാഞ്ഞിരപൊയില്‍ പെരളത്ത് വീട്ടില്‍ അശോകന് എന്ന അഭിയാണ് മറൈന്‍ ഡ്രൈവില്‍ നിന്ന് ഇന്നലെ വൈകീട്ട് 5ന് പിടിയിലായത്. മടിക്കൈയില്‍ നിന്ന് കൊച്ചിക്ക് ടൂര്‍ പോയ യുവാക്കള്‍ മറൈന്‍ഡ്രൈവിലെ ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടെയാണ് യാദൃശ്ചികമായി അശോകനെ കണ്ടത്. ഇവര്‍ ഫോട്ടോ എടുത്ത് നാട്ടിലേക്ക് അയച്ചു. ഇതിനിടെ നടന്നു നീങ്ങിയ അശോകന് പിന്നാലെ ഇവരും കൂടി. അശോകനും കൂട്ടാളിയും ഒരു മൊബൈല്‍ കടയില്‍ കയറി ഒരു മൊബൈല്‍ വിറ്റു. ഇതിനിടെ ഫോട്ടോ അശോകനെന്ന് സ്ഥിരീകരിച്ച് നാട്ടില്‍ നിന്ന് സന്ദേശമെത്തി. ചെറുപ്പക്കാര്‍ എറണാകുളം ഈസ്റ്റ് പോലീസിനെ വിവരം അറിയിച്ചതോടെ കടക്കാരനെ കൊണ്ട് തിരികെ വിളിപ്പിച്ചു. കൂട്ടാളി അകത്ത് കയറിയെങ്കിലും അശോകന് റോഡരികില്‍ കാത്ത് നിന്നു. മഫ്തിയില്‍ പോലീസ് വന്നതോടെ ചെറുപ്പക്കാര്‍ അശോകനെ കാട്ടിക്കൊടുത്തു.
ഫെബ്രുവരി 9 ന് പുലര്‍ച്ചെ തായന്നൂരിലെ കറുകവളപ്പില്‍ ടി.വി.പ്രഭാകരന്റെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ സ്വര്‍ണ്ണം, രണ്ട് മെബൈല്‍ഫോണുകള്‍, പണം എന്നിവയാണ് കവര്‍ന്നത്. പ്രഭാകരന് പുലര്‍ച്ചെ 3 മണിക്ക് പതിവായി കൃഷിയിടത്തില്‍ വെള്ളം ഒഴിക്കാന്‍ പോകാറുണ്ട്. ഇത് വ്യക്തമായി അറിയാവുന്ന അശോകന് വീട്ടില്‍ കയറി മോഷണം നടത്തി മുങ്ങുകയായിരുന്നു. കവര്‍ച്ചാകേസില്‍ പോലീസ് തിരയുന്നതിനിടയില്‍ കാട്ടില്‍ സുഖജീവിതം നയിക്കുകയായിരുന്ന കൂട്ടുപ്രതി ബന്തടുക്ക സ്വദേശി മഞ്ജുനാഥനെ നാട്ടുകാര്‍ കാടുവളഞ്ഞ് പിടികൂടിയിരുന്നു. ഒന്നാംപ്രതിയായ അശോകന് നാട്ടുകാരെ വെട്ടിച്ച് തന്ത്രപൂര്‍വ്വം രക്ഷപ്പെട്ടു. നാട്ടുകാര്‍ കാടുവളഞ്ഞത് അന്വേഷണം നടത്തിയെങ്കിലും അശോകനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയപ്പോഴാണ് ആളുകള്‍ എത്തിചേരാത്ത കാഞ്ഞിരപൊയിലിലെ കറുകവളപ്പിലെ കാട്ടില്‍ അശോകന് ഒളിച്ചുകഴിഞ്ഞത്. ഇതിനിടെ കറുകവളപ്പിലെ മാധവിയുടെ വീട്ടില്‍ നിന്നും 30,000 രൂപ മോഷ്ടിച്ചു. മോഹനന്റെ വീട്ടില്‍ നിന്നും മൊബൈല്‍ഫോണ്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ട അശോകന് വീണ്ടും രക്ഷപ്പെട്ടത്. പോലീസും നാട്ടുകാരും തിരയുന്നതിനിടെ മാര്‍ച്ച് 8 ന് പ്രതി പട്ടാപ്പകല്‍ വീട്ടുമുറ്റത്തിരിക്കുകയായിരുന്ന മടിക്കൈ കാഞ്ഞിരപൊയില്‍ കറുകവളപ്പില്‍ അനിലിന്റെ ഭാര്യ വിജിതയെ തലക്കടിച്ച് വീഴ്ത്തി കഴുത്തിലെ സ്വര്‍ണ്ണമാലയും കമ്മലും മോതിരവും അഴിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു.
അശോകനെ കണ്ടെത്താന്‍ പോലീസും നാട്ടുകാരും ദിവസങ്ങളോളം കാട്ടില്‍ അന്വേഷണം നടത്തിയെങ്കിലും ഇവിടെ നിന്നും അശോകന് രക്ഷപ്പെട്ടിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ എടുക്കാനായി അമ്പലത്തറ പോലീസ് എറണാകുളത്തേക്ക് യാത്ര തിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: