തിരുവനന്തപുരം: നിര്‍മാണത്തിലിരുന്ന കൂളിമാട് കടവ് പാലം തകര്‍ന്നു വീണിട്ടും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന് വീണ്ടും 20.75 കോടിയുടെ കരാറിന് തുക അനുവദിച്ചു. ട്രഷറി വകുപ്പിന്റെ ആസ്ഥാന മന്ദിര നിര്‍മാണത്തിന്റെ തുക നല്‍കിയത് പൊതുമരാമത്തിന്റെ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ്.
ഒരു കരാറുകാരന് ഏറ്റെടുത്ത പണികളില്‍ അപാകമുണ്ടായാല്‍ ആ കരാറുകാരന് കീഴില്‍ നടക്കുന്ന എല്ലാ പൊതുമരാമത്ത് പണികളും നിര്‍ത്തിവയ്പ്പിക്കും. പൊതുമരാമത്ത് വകുപ്പ് അന്വേഷിക്കും. എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും ഗുണനിലവാരം പരിശോധിക്കും. അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തും. തുടര്‍ന്ന് സര്‍ക്കാരിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ ഏറ്റെടുക്കാനാകില്ല. എന്നാല്‍ ഊരാളുങ്കലിന് വേണ്ടി ഈ നിയമങ്ങളെല്ലാം മാറ്റി. പാലം തകര്‍ന്നതിലെ പൊതുമരാമത്ത് വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. അതിനുമുമ്പേയാണ് പുതിയ കരാര്‍.
ട്രഷറി വകുപ്പിന്റെ ആസ്ഥാന മന്ദിരം പണിയാന്‍ 15.44 കോടിക്കാണ് കരാര്‍. കൂടാതെ ഇന്റീരിയര്‍ വര്‍ക്ക്, ഫര്‍ണിച്ചര്‍, ഇഎല്‍വി വര്‍ക്ക്, റാമ്പ് ഉള്‍പ്പെടെയുള്ളവയുടെ പ്രവൃത്തികള്‍ക്കായി 5.30 കോടിയുടെ കരാറും നല്കി. ടെന്‍ഡര്‍ ഇല്ലാതെയാണ് ഊരാളുങ്കലിന് കരാര്‍ നല്‍കുന്നത്. 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് മുതല്‍ എല്ലാത്തരം പ്രവൃത്തികളും ഏറ്റെടുക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന് പ്രത്യേകാനുമതി നല്‍കിയിരുന്നു. ടെന്‍ഡറില്‍ പങ്കെടുക്കുമ്പോള്‍ മുന്‍ഗണന നല്‍കണമെന്ന ഊരാളുങ്കല്‍ മാനേജിങ് ഡയറക്ടര്‍ നല്കിയ അപേക്ഷ പരിഗണിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് ശിപാര്‍ശ നല്‍കുകയായിരുന്നു. അത് സര്‍ക്കാര്‍ അംഗീകരിച്ചു. ട്രഷറി ആസ്ഥാന മന്ദിര നിര്‍മാണത്തിന് ഏപ്രില്‍ 20ന് ട്രഷറി ഡയറക്ടര്‍ സമര്‍പ്പിച്ച പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് ധനവകുപ്പ് തുക അനുവദിച്ചത്.
പാലം പൊളിഞ്ഞതിന് പിന്നാലെ ബീമുകള്‍ ഉറപ്പിച്ച് നിര്‍ത്തിയ ജാക്കിയുടെയും ക്രെയിനിന്റെയും തകരാറാണെന്ന് ന്യായീകരിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് തന്നെ രംഗത്തെത്തിയിരുന്നു. പ്രാഥമിക വിവരം പോലും ആരായും മുമ്പേയായിരുന്നു ഊരാളുങ്കലിനെ മന്ത്രി ന്യായീകരിച്ചത്. സെക്രട്ടേറിയറ്റിലെ വിവാദമായ പെയിന്റിങ്ങും നിയമസഭയിലെ ശങ്കര നാരായണന് തമ്പി ഹാള്‍ നിര്‍മാണവും ഊരാളുങ്കലിനായിരുന്നു. ഊരാളുങ്കല്‍ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ പലതിലും ഗുണമേന്മയില്ലെന്ന ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: