ബ്രഹ്മകുമാര്‍ മാമ്പള്ളി ജി. ആര്. രഘുനാഥന്
മാനവരാശിയെ മഹത്വത്തിലേക്ക് നയിക്കാനുളള ശ്രേഷ്ഠ സന്ദേശമാണ് മഹാഗണപതി മാനവകുലത്തിന് നല്‍കുന്നത്.മനുഷ്യജന്മം സഫലമാക്കുന്നതിന് ഈ സന്ദേശം ഉപകരിക്കുമെന്നതില്‍ തര്‍ക്കമില്ല.
ഗണപതിപൂജ, അര്‍ച്ചന, സാധന, ഹോമം, എന്നിവയെല്ലാം ലക്ഷക്കണക്കിന് ഭക്തര്‍ ഗണപതി പ്രീതിക്കായി നടത്തിവരുന്നു. എത്രയോ വ്യാപാരികള്‍ വ്യാപാരസ്ഥാപനങ്ങളില്‍ സര്‍വൈശ്വര്യങ്ങള്‍ക്കുമായി സ്വസ്തിക ചിഹ്നം അടയാളപ്പെടുത്തുന്നു. ശിവഭക്തരായ ജനങ്ങള്‍ പോലും പറയുന്നത് ആദ്യം ഗണപതി ഗണേശമാചരിക്കൂ പിറകേ ഭോലാജി (ശിവഭഗവാന്) യുടെ ദര്‍ശനം നേടൂ എന്നാണ്.
ഗജവദനന്, വക്രതുണ്ഡന്‍, ഏകദന്തന്‍, മഹോദരന്‍, മൂഷിക വാഹനന് എന്നിങ്ങനെയുള്ള ഗണേശനാമങ്ങള്‍ കേട്ട് ആശ്ചര്യപ്പെടുകയും അതിന്റെ രഹസ്യങ്ങളറിയാന്‍ ആകാംക്ഷരാകുകയും ചെയ്യുന്ന എത്രയോ ഭക്തരുണ്ട്. ഗണനായകന് ആരാണ്? ഗണനായകനും സ്വസ്തികയുമായുള്ള ബന്ധമെന്താണ്? സ്വസ്തികയെ ഗണപതിയുടെ പ്രതീകമായി എന്തുകൊണ്ടാചരിക്കുന്നു? ഗണപതി സ്തുതി ആദ്യം ചെയ്യുന്നതെന്തുകൊണ്ടാണ്? വിഘ്നവിനാശകന് ആകാന്‍ കാരണമെന്ത്? ഈ കാര്യങ്ങളറിയാന്‍ ഗണപതിയുടെ വാസ്തവികമായ സ്വരൂപത്തെ സ്പഷ്ടമാക്കാന്‍ പ്രതീകങ്ങളുടെ വ്യാഖ്യാനിക്കേണ്ടതുണ്ട്.
പ്രതീകങ്ങളുടെ രഹസ്യങ്ങള്‍ സ്പഷ്ടമാക്കുന്നതിന് മുന്നേ ഭാരതീയ സാധനാ, ഉപാസനാപ്രണാലിയില് പരമാത്മാവിന്റെ വിഭിന്ന ഗുണങ്ങളെ ഭാരതീയ ശില്‍പ്പികളും ചിത്രകാരന്മാരും വിഭിന്ന പ്രതീകങ്ങള്‍ മുഖേന വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് സരസ്വതിയുടെ വാഹനം ഹംസമായി ചിത്രീകരിക്കുന്നു. ഇപ്രകാരം ധനം, ഐശ്വര്യം, വൈഭവം എന്നിവ പ്രാപ്തമാക്കുന്നതിന് അനാസക്തഭാവത്തെ ലക്ഷ്മിയുടെ കമലപുഷ്പത്തിന്റെ രൂപത്തില്‍ അഭിവ്യക്തമാക്കിയിരിക്കുന്നു. ലക്ഷ്മിക്ക് കവികള്‍ കമല എന്നും പേരു നല്‍കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളെ ആധാരമാക്കി ഗണപതിയുടെ രൂപഭാവങ്ങള്‍ അപഗ്രഥനം ചെയ്യുമ്പോള്‍ സ്പഷ്ടമാകുന്നത്:
ആനത്തല (ഗജാനനന്‍):
ആനയെ ബുദ്ധിശാലിയായാണ് കരുതുന്നത്. ആനയുടെ തല വിശാലമാണ്. ആനയുടെ ഓര്മ തേജമാണ്. വിശാല ബുദ്ധിയുടെ പ്രതീകമായാണ് ആനത്തല കാണിച്ചിട്ടുള്ളത്.
തുമ്പിക്കൈ:
ആനയുടെ തുമ്പിക്കൈ ശക്തിയുള്ളതും ബലമുള്ളതുമാണ്. വൃക്ഷത്തെപ്പോലും പിഴുത് തുമ്പിക്കൈയില്‍ ചുറ്റിയെടുക്കുന്നു. തുമ്പിക്കെ കൊണ്ട് പ്രണാമം ചെയ്യുകയും പുഷ്പം അര്‍പ്പിക്കുകയും വെള്ളം തളിച്ച് ശുദ്ധിയാക്കുകയും ചെയ്യുന്നു. സ്ഥൂലവസ്തു ഗ്രഹിക്കുന്നതു മാത്രമല്ല, സൂചിപോലുള്ള സൂക്ഷ്മവസ്തു പോലും എടുക്കാന്‍ കഴിയുന്നു.
സൂക്ഷ്മത്തിലും സൂക്ഷ്മമായ കാര്യത്തെ ധാരണ ചെയ്യുന്നതിലും മറ്റുള്ളവരെ ആദരിക്കുന്നതിലും സ്നേഹിക്കുന്നതിലും സമ്മാനം നല്‍കുന്നതിലും കുശലമായിരിക്കുന്നതിനാല് തുമ്പിക്കൈ ജ്ഞാനവാനായ മനുഷ്യന്റെ വിശേഷതകളുടെ പ്രതീകമാണ്.
ഗജകര്ണം:
ആനയുടെ ചെവി മുറം പോലെ വലുതാണ്. വലിയ ചെവികള്‍ ജ്ഞാനശ്രവണത്തിന്റെ പ്രതീകമാണ്. ചെവിയെ മുഖ്യജ്ഞാനേന്ദ്രിയമായി അംഗീകരിച്ചുവരുന്നു. നല്ലതും മഹത്തരവുമായ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ചെവി തുറന്നു കേള്‍ക്കൂ എന്നു പറയാറുണ്ട്. ഗുരു, ശിഷ്യന് മന്ത്രം നല്കുമ്പോള് ചെവിയിലാണ് ഉച്ചരിക്കുന്നത്. ജ്ഞാനസാധനയില്‍ പറയപ്പെടുന്ന മൂന്നു പുരുഷാര്‍ത്ഥങ്ങളാണ് ശ്രവണം, ഗ്രഹിക്കല്‍, മനനം എന്നിവ. ഇതില്‍ പ്രഥമസ്ഥാനം ശ്രവണത്തിനു തന്നെയാണ്. ജ്ഞാന സാഗരനായ പര
മാത്മാവിന്റെ വിസ്തൃതജ്ഞാനത്തിന്റെ ശ്രവണം ഈ വലിയ ചെവിയില്‍ സമുചിതമാണ്.
ആനയുടെ കണ്ണുകള്‍:
ഗണപതിയുടെ കണ്ണുകള്‍ക്ക് ആനയുടെ കണ്ണുകളോട് സാമ്യമുള്ളതായി കാണിക്കുന്നതിനു പിന്നില്‍ ഗഹനമായ രഹസ്യമുണ്ട്. ആനയുടെ കണ്ണുകള്ക്കുളള വിശേഷത, അതിന് ചെറിയ വസ്തുക്കളെപ്പോലും വലുതായി കാണാനാവുമെന്നതാണ്. അതും ജ്ഞാനിയായ ഒരു വ്യക്തിയെ പ്രതീകവല്‍ക്കരിക്കുന്നു. ജ്ഞാനികളുടെ നേത്രത്തെ ആനയുടെ കണ്ണുകളോട് താദാത്മ്യം പ്രാപിക്കുന്ന വിധത്തില്‍ ചിത്രീകരിക്കുന്നത് ഇതുകൊണ്ടാണ്.
ഗജവദനം:
വളരെ വലുതാണ് ആനയുടെ മുഖം. വലിയ മുഖം നിര്‍ഭയത്വത്തിന്റെയും ആത്മീയശക്തിയുടെയും സാമര്‍ത്ഥ്യത്തിന്റെയും പ്രതീകമാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: