തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശിയായ ബാബു (54) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന റോബിൻ, പ്രിൻസ് എന്നിവർ നീന്തി രക്ഷപ്പെട്ടു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു സംഭവം. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരക്കെ മഴയ്‌ക്കൊപ്പം കാറ്റിനും സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം, അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായിരിക്കുകയാണ്. തെക്കന്‍ കര്‍ണാടകയ്‌ക്ക് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ കേരളത്തിലും കനത്ത മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: