തൃശ്ശൂര്‍: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി (ആസാദി കാ അമൃത്വര്‍ഷ്) ഇത്തവണത്തെ കുടമാറ്റത്തിന് സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രം ഉള്‍പ്പെടുത്തി പാറമേക്കാവ് ദേവസ്വം തയ്യാറാക്കിയ സ്പെഷ്യല്‍ കുടകള്‍ക്കെതിരെ മന്ത്രി രാധാകൃഷ്ണനും സിപിഎമ്മും രംഗത്ത് വന്നത് സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കലും തികഞ്ഞ രാജ്യദ്രോഹ നടപടിയുമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ്കുമാര്‍.
സ്വാതന്ത്ര്യസമര സേനാനികളോട് എന്നും കമ്യൂണിസ്റ്റുകാര്‍ക്ക് പുച്ഛമായിരുന്നു. രണ്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ആന്റമാനില്‍ ജയില്‍വാസം അനുഭവിച്ച വീരസവര്‍ക്കറെ വിമര്‍ശിക്കാന്‍ കമ്മ്യൂണിസ്റ്റുകാരുടെ യോഗ്യതയെന്താണെന്ന് രാധാകൃഷ്ണന് വ്യക്തമാക്കണം. ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റിക്കൊടുത്തതും സുഭാഷ് ചന്ദ്രബോസിനെ ജപ്പാന്റെ ചെരിപ്പ് നക്കിയെന്ന് വിളിച്ച് ആക്ഷേപിച്ചതും, ഗാന്ധിജി ഇന്ത്യയെ എന്താക്കി മാന്തി മാന്തി പുണ്ണാക്കി എന്ന് മുദ്രാവാക്യം വിളിച്ചതും, സ്വാതന്ത്ര്യദിനം കരിദിനമായി ആചരിച്ചതും ബ്രിട്ടീഷുകാരെ സഹായിച്ചതുമാണ് കമ്മൂണിസ്റ്റുകാരുടെ സ്വാതന്ത്ര്യസമര ചരിത്രം.
ഇത്തരക്കാര്‍ക്ക് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരുടെ ചിത്രം കാണുന്നത് തന്നെ അസഹിഷ്ണുതയുണ്ടാക്കുന്നത് സ്വാഭാവികമാണ്. സവര്‍ക്കറെ രാജ്യത്തിന്റെ മഹാനായ പുത്രന് എന്ന് വിശേഷിപ്പിച്ചതും ജന്മദിനം സമുചിതമായി ആഘോഷിക്കാന്‍ തീരുമാനിച്ചതും പാര്‍ലമെന്റില്‍ ഛായാചിത്രം സ്ഥാപിച്ചതും ഇന്ദിരാഗാന്ധിയാണെന്ന ചരിത്രം കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഓശാന പാടുന്ന കോണ്ഗ്രസ്സുകാര് പഠിക്കുന്നത് നല്ലതാണ്.
പാറമേക്കാവ് ദേവസ്വത്തിന്റെ നടപടി ദേശസ്നേഹ പ്രേരിതവും ശ്ലാഘനീയവുമാണ്. ക്ഷേത്രകാര്യങ്ങളില്‍ അനാവശ്യമായി ഇടപെട്ട് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരുടെ ഭീഷണിക്ക് വഴങ്ങരുതെന്നും പാറമേക്കാവ് ദേവസ്വം എടുക്കുന്ന ഏത് തീരുമാനത്തെയും ബിജെപി പിന്തുണക്കുമെന്നും അഡ്വ. അനീഷ്കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: