വിളപ്പില്‍: ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളുടെ ഇഷ്ടസാരഥിയായിരുന്ന ഒരാളുണ്ട് ഇവിടെ തലസ്ഥാനത്ത്. പ്രേംനസീര്‍, സത്യന്‍ മാഷ്, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, എസ്. പി പിള്ള തുടങ്ങി പഴയകാല സൂപ്പര്‍ താരങ്ങള്‍ തലസ്ഥാനത്തെത്തിയാല്‍ യാത്ര ഇദ്ദേഹത്തിന്റെ ടാക്‌സിയിലായിരുന്നു. പ്രഭാകരന്‍ നായര്‍ എന്ന നാട്ടുകാരുടെ സ്വന്തം കുട്ടേട്ടന് ഇന്ന് പ്രായം 90. ശാരീരിക പ്രശ്‌നങ്ങള്‍ ഒന്നുമില്ല. കാഴ്ചയ്‌ക്ക് കണ്ണടയും വേണ്ട. നവതിയുടെ നിറവിലും ഡ്രൈവിംഗ് സീറ്റിലുണ്ട് പ്രഭാകരന്‍ നായര്‍.
വലിയവിള ഇലിപ്പോട് റ്റി സി 6/1924/1, അശ്വതിയില്‍ പ്രഭാകരന്‍ നായര്‍ പതിനെട്ടാം വയസിലാണ് ടാക്‌സി ഡ്രൈവറുടെ കുപ്പായമിട്ട് തമ്പാനൂര്‍ സ്റ്റാന്റിലെത്തുന്നത്. പതിനഞ്ചാം വയസില്‍ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെ ഡ്രൈവറായിരുന്ന ശങ്കരപിള്ളയായിരുന്നു പ്രഭാകരന്‍ നായരെ ഡ്രൈവിംഗ് പഠിപ്പിച്ചത്. 1951 ല്‍ ലൈസന്‍സെടുത്തു. അതേ വര്‍ഷം പുതുതായി വാങ്ങിയ സ്റ്റാന്റേര്‍ഡ് വാന്‍ കാര്‍ഡ് കാറുമായി ടാക്‌സി സ്റ്റാന്റിലേക്ക്. പിന്നിട് ഫോര്‍ഡും അംബാസിഡറുമൊക്കെ സ്വന്തമാക്കിയപ്പോഴും ഡ്രൈവര്‍ സീറ്റില്‍ നിന്ന് മാറാതെ പ്രഭാകരന്‍ നായര്‍ ഉണ്ടായിരുന്നു.
തമ്പാനൂര്‍ സ്റ്റാന്റില്‍ ടാക്‌സി ഓടിക്കാനെത്തിയ പയ്യനോട് മെരിലാന്റ് സ്റ്റുഡിയോ ഉടമ പി.സുബ്രഹ്മണ്യം സ്വാമിക്ക് വല്ലാത്തൊരു ഇഷ്ടം തോന്നി. അതോടെ സിനിമാ നടന്മാര്‍ തിരുവനന്തപുരത്ത് എത്തിയാല്‍ അവരെ കൊണ്ടുവരാനും കൊണ്ടുവിടാനും സുബ്രഹ്മണ്യം സ്വാമി സ്ഥിരമായി വിളിക്കുന്ന ടാക്‌സി കാര്‍ പ്രഭാകരന്‍ നായരുടേതായി. ആലപ്പുഴ ഉദയ സ്റ്റുഡിയോയിലേക്കും മദിരാശിയിലേക്കും നസീറിനെയും സത്യനെയും കൊട്ടാരക്കരെയേയുമൊക്കെ പിന്‍സീറ്റിലിരുത്തി പലവട്ടം കാറോടിച്ചിട്ടുണ്ട്. വിടപറഞ്ഞ ആ സൂപ്പര്‍ താരങ്ങള്‍ അന്ന് നല്‍കിയ സ്‌നേഹവും വാത്സല്യവും ഇപ്പോഴും മനസിലിട്ട് താലോലിക്കുകയാണ് ഈ ടാക്‌സിക്കാരന്‍ മുത്തച്ഛന്‍.
ഇപ്പോള്‍ സ്റ്റാന്റില്‍ കിടന്ന് ടാക്‌സി ഓടിക്കാറില്ല പ്രഭാകരന്‍ നായര്‍. പക്ഷേ, സ്വന്തം ആവശ്യങ്ങള്‍ക്കും മറ്റുമായി ഇപ്പോഴും ദിവസേന കാറോടിക്കും. 2024 വരെ സാധുതയുള്ള പുതുക്കിയ ലൈസന്‍സ് നിധിപോലെ കൈയിലുണ്ട്. Â സെക്കന്റ് ഹാന്‍ഡ് കാറുകള്‍ വാങ്ങി വില്‍പ്പനയാണ് ഇപ്പോഴത്തെ തൊഴില്‍. ഭാര്യ പരേതയായ സാവിത്രിയമ്മ. ഷീല, സൈന്യത്തില്‍ നിന്ന് വിരമിച്ച ജയശ്രീ, ബിന എന്നിവരാണ് മക്കള്‍. 15 വയസില്‍ തുടങ്ങിയ വളയംപിടി 75 വര്‍ഷമായിട്ടും മടുത്തില്ലേ എന്ന ചോദ്യത്തിന് പ്രഭാകരന്‍ നായരുടെ മറുപടി ഇങ്ങനെ…തൊഴിലിനപ്പുറം ഡ്രൈവിംഗ് എന്റെ ജീവവായുവാണ്. അതില്ലെങ്കില്‍ ഞാനില്ല…
പ്രതികരിക്കാൻ ഇവിടെ എഴുതുക: