തിരുവനന്തപുരം : മത വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് മുന്‍ എംഎല്‍എ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധവുമായി സംഘപരിവാര്‍ സംഘടന. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും എആര്‍ ക്യാമ്പിലേക്ക് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.
ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് വത്സന് തില്ലങ്കേരി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും, ക്രിസ്ത്യന്‍ അസോസിയേഷന് ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍(കാസ) എന്ന സംഘടനയും മാര്‍ച്ചിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അനന്തപുരി ഹിന്ദുമാഹാസമ്മേളനത്തില് വിദ്വേഷ പ്രസംഗം നടത്തിയെന്ന പേരില്‍ പി.സി. ജോര്‍ജിനെ ഇന്ന് പുലര്‍ച്ചെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഡിജിപി അനില്‍ കാന്തിന്റെ നിര്‍ദ്ദേശ പ്രകാരം 153 എ, 295 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് നടപടി. ഈരാറ്റുപേട്ടയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷന് എസ്പിയുടെ നേത്വത്തിലുള്ള സംഘം പുലര്‍ച്ചെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതിനിടെ കസ്റ്റഡിയിലെടുത്ത പി.സി. ജോര്‍ജിനെ പോലീസ് തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ചു. ഇതിന്റെ ഭാഗമായി തലസ്ഥാന നഗരത്തില്‍ വന്‍ പോലീസ് വിന്യാസമാണ് നടത്തിയിരിക്കുന്നത്. പ്രതിഷേധം കണക്കിലെടുത്താണ് എആര്‍ ക്യാമ്പെന്ന സാധ്യത പോലീസ് തേടിയത്. എആര്‍ ക്യാമ്പ് പരിസരത്തേക്ക് പ്രതിഷേധങ്ങള്‍ പെട്ടെന്ന് കടന്ന് ചെല്ലില്ല. ഫോര്‍ട്ട് സ്റ്റേഷനിലാണെങ്കില്‍ പ്രതിഷേധം സ്റ്റേഷനുള്ളിലേക്ക് കടന്നുകയറാനുള്ള സാധ്യതയുണ്ട്. സുരക്ഷാ സംബന്ധമായ പ്രശ്നങ്ങളുമുണ്ട്. അതിനാലാണ് എആര്‍ ക്യാമ്പിലേക്ക് എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: