തിരുക്കുറളിലെ ഒരു കുറള്‍ ഇങ്ങനെ:
‘എനൈപ്പകൈ ഉറ്റാരും/
ഉയ്വര്‍ വിനൈപ്പകൈ/
വീയാതുപിന്‍ചെന്റടും’
കാര്യം വളരെയേറെ വസ്തുതാ സമൃദ്ധം. എത്ര തന്നെ ശത്രുഭയം ഉള്ളവര്‍ക്കും ശത്രുനാശം സംഭവിച്ചെന്ന് വരും. എന്നാല്‍ ഒരാള്‍ ചെയ്ത ദുഷ്കര്‍മഫലമായ ശത്രുത എന്ന പാപം, വിട്ടുമാറാതെ അയാളെ പിന്തുടര്ന്നുചെന്ന് ഉന്മൂലനാശം ചെയ്യും. അധര്‍മ്മം പ്രവര്‍ത്തിച്ചാല്‍ അതിന്റേതായ ഫലങ്ങള്‍ എക്കാലത്തും ഏതു രൂപേണയും നമ്മെത്തേടിയെത്തി നമ്മില്‍ നാശം വിതയ്ക്കുമെന്ന ഓര്മ വേണമെന്നു സാരം. ചുരുക്കിപ്പറഞ്ഞാല്‍ ശത്രുവിനെ തേടരുത് എന്നു തന്നെ.
എന്നാല്‍ ജനകോടികളുടെ ആശ്വാസവേദിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു പാര്‍ട്ടി അടുത്തിടെ കണ്ണൂരില്‍ നടത്തിയ മാമാങ്കത്തില്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ച് കണ്ടെത്തിയത് ഒരു ശത്രുവെ. ശത്രുവെ തേടുന്നവര്‍ക്ക് മിത്രത്തെക്കുറിച്ച് ചെറിയൊരു ധാരണ പോലും ഉണ്ടാവില്ലെന്ന് സ്വാമി വിവേകാനന്ദന് വര്‍ഷങ്ങള്‍ക്കു മുമ്പെ പറഞ്ഞു വെച്ചിട്ടുണ്ട്. ശത്രുവെ തേടുക എന്നാല്‍ മിത്രത്തെ കാണാതിരിക്കുക എന്നു കൂടിയാണ്. ശത്രുവെ തേടുന്നവന് മിത്രത്തെ ഉള്‍ക്കൊള്ളാനാവില്ല. കാരണം അവന്റെ മനസ്സില്‍ ശത്രുവെ തകര്‍ക്കാനുള്ള തന്ത്രങ്ങള്‍ നീറിപ്പുകയുകയായിരിക്കും. കണ്ണൂരില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ് നടത്തിയത് ചാവേറുത്സവം ആയിരുന്നു. നാടിനെ ബാധിക്കുന്ന പ്രശ്നങ്ങളോ നാട്ടുകാരുടെ ജീവിതം നേരെചൊവ്വേ പോകാന്‍ വേണ്ട കാര്യങ്ങളോ ആയിരുന്നില്ല ചര്‍ച്ച ചെയ്തത്. എത്രയും പെട്ടെന്ന് ഒരു ശത്രുവെ കണ്ടെത്താനുള്ള വെപ്രാളമായിരുന്നു. അതിനിടയ്ക്ക് കേരളത്തില്‍ മാത്രമായ ശത്രുപാളയത്തില്‍ നിന്ന് ഒരു പ്രൊഫസറെ കൂട്ടത്തില്‍ എത്തിക്കുകയും ചെയ്തു. അതിന്റെ വര്‍ണപ്പൊലിമയും കൂടി ആയതോടെ പാര്‍ട്ടി കോണ്‍ഗ്രസ് എന്ന മാമാങ്കം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒത്താശ വിഭാഗത്തിലുമായി. ഒരു ശത്രുവില്ലാതെ അരക്ഷണം ജീവിക്കാന്‍ കഴിയാതായ അഖിലേന്ത്യാ കക്ഷിയെന്ന പേരുള്ള കേരള മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഔദ്യോഗികമായി ശത്രുവെ പ്രഖ്യാപിച്ചു. ഭാജപ എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ജനകോടികളുടെ ആശ്വാസമായ ഭാരതീയ ജനതാ പാര്‍ട്ടിയാണ് ആ ശത്രു.
രാജ്യദ്രോഹ ശക്തികള്‍ക്ക് ഊടും പാവുമായി പ്രവര്‍ത്തിക്കുക, രാജ്യത്തെ തകര്‍ക്കാന്‍ ഒരുമ്പെടുന്ന നാടുകളെ പ്രകീര്‍ത്തിക്കുക, അത്തരക്കാര്‍ക്കായി വേണ്ടുന്നതൊക്കെ ചെയ്തു കൊടുക്കുക… എന്നിങ്ങനെയുള്ള കലാപരിപാടികള്‍ നിര്‍ബാധം തുടരുന്ന ഒരു പാര്‍ട്ടിക്ക് സ്വാഭാവികമായും ഭാജപ ശത്രുവാകും. കാരണം തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ചന്തയല്ല ഇപ്പോള്‍ ഭാരതം എന്നതു തന്നെ. നേരത്തെ കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ എന്തും ചെയ്യാനും എന്തും പറയാനും ഉള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അത് നിര്‍ലോഭം വിനിയോഗിക്കുകയും വന്‍ ലാഭമുണ്ടാക്കുകയും ചെയ്തിട്ടുണ്ട് ഈ ദേശീയ കേരള പാര്‍ട്ടി.
രാജ്യത്തിന്റെ ഉപ്പും ചോറും തിന്ന് ഉറച്ച കാല്‍വയ്പുമായി അധികാരത്തിലെത്തിയ മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തന പദ്ധതിയില്‍ ആകെ തകര്‍ന്ന് തരിപ്പണമായ കേരള പാര്‍ട്ടിക്ക് അത്യാവശ്യം കഞ്ഞികുടിച്ചു പോകണമെങ്കില്‍ മെയ്യഭ്യാസം കാട്ടിയേ തീരൂ. അതിനാണെങ്കില്‍ ശേഷി പോരതാനും. കേരളത്തിലെ തിണ്ണമിടുക്കിന്റെ വെളിച്ചത്തിലാണ് ശത്രുവെ ചൂണ്ടിക്കാട്ടിയുള്ള വെല്ലുവിളി. നമ്പര്‍ വണ്‍ കേരളത്തിലെ നക്കാപ്പിച്ചാ താത്പര്യക്കാര്‍ക്ക് വല്ലതും എറിഞ്ഞു കൊടുത്ത് നിലപാടുതറയൊരുക്കുക എന്ന രാഷ്ടീയാഭ്യാസത്തിനപ്പുറം ഇതിനൊന്നും ആയുസ്സില്ലെന്ന് ശരിക്കറിയാവുന്ന വിദ്വാന്മാര് പിബി യിലും സിസിയിലും ഉണ്ടെങ്കിലും നിശ്ശബ്ദരാണ്.കേരളത്തിന്റെ തിണ്ണമിടുക്കിനൊപ്പം നിന്നില്ലെങ്കില്‍ പരഗതിയാവും ഫലം.
ജനകീയാഭിലാഷങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒപ്പം നില്ക്കാന് കഴിയാത്ത ഒരു പാര്‍ട്ടിക്ക് ‘ഇരുട്ടില്‍ ഇല്ലാത്ത കരിമ്പൂച്ചയെ ചൂരലു കൊണ്ട് അടിക്കുക’ തന്നെ ശരണം. ഇത്തരം നിലപാടുകളുടെ അനന്തരഫലമായി വംഗദേശവും ത്രിപുരയും പോയിട്ടും നേരം വെളുക്കാത്ത ‘കാനനൂര് പാര്‍ട്ടി മാര്‍ക്സിസ്റ്റ്’ ഇനി നന്നാവുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ? അഥവാ പ്രതീക്ഷിക്കുന്നുവെങ്കില്‍ തിരുക്കുറളിലെ പരാമര്‍ശിത കുറള്‍ നന്നായി വിശകലനം ചെയ്യുക. എന്നിട്ടും കാര്യങ്ങള്‍ പിടികിട്ടിയില്ലെങ്കില്‍ പിബി വിട്ട് പാതയോരം ശരണാഗതമായ ടിയാന്മാരോട് അന്വേഷിക്കുക. ആചാര്യന് പറഞ്ഞുവെച്ചതിന്റെ പുതുവ്യാഖ്യാനങ്ങള്‍ കിട്ടാതിരിക്കില്ല, ഉറപ്പ് !
*നേര്‍മുറി*
എല്ലാവരെയും വികസനത്തിന്റെ സ്വാദ് അറിയിക്കും: മുഖ്യമന്ത്രി മസാലക്കൂട്ട് അമേരിക്കയില്‍ നിന്ന് കൊണ്ടുവരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: