ന്യൂദല്‍ഹി: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പുതിയ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ ഭുജ് ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ കെ.കെ പട്ടേല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്യത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് പതിറ്റാണ്ട് മുമ്പ് വരെ ഗുജറാത്തില്‍ ഒമ്പത് മെഡിക്കല്‍ കോളേജുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആകെ 1,100 സീറ്റുകളും. ഇന്ന് നമുക്ക് 36-ലധികം മെഡിക്കല്‍ കോളേജുകളിലായി 6,000 സീറ്റുകള്‍ ലഭ്യമാണ്. രാജ്യത്തെ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജുകള്‍ നിര്‍മ്മിക്കും, മെഡിക്കല്‍ വിദ്യാഭ്യാസം എല്ലാവര്ക്കും പ്രാപ്യമാക്കും. കൂടുതല്‍ മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങളോടൊപ്പം വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഡോക്ടര്‍മാരുടെ എണ്ണത്തിലും റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി.
ഭുജിലെ ശ്രീ കുച്ചി ലെവ പട്ടേല്‍ സമാജമാണ് ആശുപത്രി നിര്‍മ്മിച്ചത്. കച്ചിലെ ആദ്യത്തെ ചാരിറ്റബിള്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാണിത്. ഇവിടെ 200 കിടക്കകളാണുള്ളത്. ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ മികച്ച ആരോഗ്യ പരിരക്ഷ ഇവിടെ ലഭ്യമാക്കും. ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി, കാര്‍ഡിയോതൊറാസിക് സര്‍ജറി, റേഡിയേഷന് ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, നെഫ്രോളജി, യൂറോളജി തുടങ്ങിയ സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ നല്കുന്നു. ന്യൂക്ലിയര്‍ മെഡിസിന്, ന്യൂറോ സര്‍ജറി, ജോയിന്റ് റീപ്ലേസ്മെന്റ്, ലബോറട്ടറി, റേഡിയോളജി തുടങ്ങിയ മറ്റ് സേവനങ്ങളും ലഭ്യമാണ്. കൂടാതെ, ജനങ്ങള്‍ക്ക് പരിമിതമായ വിലയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ആശുപത്രിയില്‍ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മികച്ച ആരോഗ്യ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് പറയുമ്പോള്‍ അതില്‍ രോഗത്തിന് ചികിത്സ മാത്രമല്ല ഉള്‍പ്പെടുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് ചെലവുകുറഞ്ഞതും മികച്ചതുമായ ചികിത്സ ലഭ്യമാക്കും. അതിലൂടെ ഈ സംവിധാനത്തിലുള്ള അവരുടെ വിശ്വാസം ദൃഢമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: