ആത്മഹത്യയോ? കൊലയോ? ഹേ ഇത് കേരളമാണ്! ശ്രീരാമന് ജനിച്ചില്ലായിരുന്നുവെങ്കില്‍ ബിജെപിയുടെ മുദ്രാവാക്യം എന്താകുമായിരുന്നു? സംശയം ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടേതാണ്. അയോധ്യയില്‍ തര്‍ക്കമന്ദിരം തകര്‍ന്നപ്പോള്‍ രണ്ടു കയ്യും ഉയര്‍ത്തി അട്ടഹസിച്ചു. അത് ചെയ്തത് തങ്ങളാണെന്ന്. അന്ന് പക്ഷേ ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയായിരുന്നില്ല സാക്ഷാല്‍ ബാല്‍താക്കറെ. എന്തെല്ലാം കാണണം കേള്‍ക്കണം. അതിരിക്കട്ടെ.
ഞായറാഴ്ച ദയനീയമായ സ്ഥിതിയാണ് നിരണത്തുണ്ടായത്. ഒരു കര്ഷകന് ആത്മഹത്യ ചെയ്തു. കടംകൊണ്ട് മൂടി തിരിച്ചടവിന് വഴിമുട്ടിയപ്പോഴാണ് കുടുംകൈ ചെയ്യേണ്ടിവന്നത്. ഇടത് അനുകൂലികള്‍ നടത്തുന്ന അയല്‍ക്കൂട്ടത്തിന്റെയടക്കം നിര്‍ബന്ധവും ശല്യവുമാണ് ഈ കര്‍ഷകനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. പാര്‍ട്ടി സമ്മേളനത്തിനായി കോടികള്‍ മുടിക്കുമ്പോഴാണ് ആറ് ലക്ഷത്തോളം രൂപയ്ക്കുവേണ്ടി ജീവന് ഒടുക്കേണ്ടിവന്നത്.
പത്തേക്കറിലായിരുന്നു ഇദ്ദേഹം പാട്ടക്കൃഷി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസത്തെ വേനല്‍മഴയില്‍ എട്ടേക്കറിലെ കൃഷി പൂര്‍ണമായി നശിച്ചു. വേനല്‍മഴയിലും കൃഷി നശിച്ചു. എന്നാല്‍ നഷ്ടപരിഹാരമായി സര്‍ക്കാരില്‍ നിന്ന് ലഭിച്ചത് വെറും 2000 രൂപ മാത്രം. കൃഷി ആവശ്യത്തിനായി ബാങ്കുകളില്‍ നിന്നും പ്രദേശത്തെ പുരുഷ സ്വാശ്രയ അയല്‍ക്കൂട്ടത്തില്‍ നിന്നും വലിയ തുക വായ്പയെടുത്തിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ വേനല്‍മഴയില്‍ സംഭവിച്ച ഭീമമായ നഷ്ടം ഇത്തവണത്തെ പുഞ്ചക്കൃഷിയിലൂടെ നികത്തി ലാഭമുണ്ടാക്കാമെന്ന ഉദ്ദേശ്യത്തോടെയാണ് വീണ്ടും കൃഷിയിറക്കിയത്. എന്നാല്‍, അപ്രതീക്ഷിത വേനല്‍മഴയില്‍ ഇദ്ദേഹത്തിന്റെ പാടശേഖരം വെള്ളത്തില്‍ മുങ്ങി. വിളവെടുപ്പിന് പാകമായ നെന്മണികള് നശിച്ചു. ഇതിനെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്നു കര്ഷകന്.
കര്‍ഷകര്‍ക്കുവേണ്ടി മുതലക്കണ്ണീര് പൊഴിക്കുന്ന പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്താണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികളും അതിനായി നീക്കിവച്ച തുകയും ഫലപ്രദമായി ഉപയോഗിച്ചെങ്കില് ഈ ദുരന്തം സംഭവിക്കില്ലായിരുന്നു. ആത്മഹത്യയോ? കൊലപാതകമോ? അങ്ങനെയൊന്ന് കേരളത്തിലില്ലെന്ന് ഊറ്റം കൊള്ളുന്നവര്‍ ഈ സംഭവത്തെക്കുറിച്ച് കാര്യമായി പ്രതികരിക്കുന്നത് കേള്‍ക്കുന്നില്ല. ഇത് കേരളമാണെന്ന് ഊറ്റം കൊള്ളുന്നവരുടെ മുഖത്തേറ്റ പ്രഹരമാണിത്. ഉത്തരേന്ത്യയിലെവിടെയാണെങ്കില്‍ ഇവിടെ ഉറഞ്ഞുതുള്ളുമായിരുന്നു.
നിരണത്തെ വാര്‍ത്തയുടെ ഞെട്ടല്‍ അടങ്ങുംമുന്‍പാണ് പാലാരിവട്ടത്തു നിന്നും കൊല്ലം കിഴക്കേ കല്ലടയില്‍ നിന്നും കേരളത്തെ നടുക്കിയ ആത്മഹത്യാ വാര്‍ത്തകളും വന്നത്. പാലാരിവട്ടം വെണ്ണലയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി.
അമ്മയും മരുമകനും താഴെത്തെ നിലയിലെ ഹാളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ മരിച്ച നിലയിലാണ് മകളെ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്ന് പറയുന്നു. ഒരു കോടി രൂപ കടമുണ്ടെന്നും മരണശേഷം വീടുവിറ്റ് കടം വീട്ടണമെന്നും എഴുതിയിട്ടുണ്ട്.
മൃതശരീരങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫോറന്‍സിക്ക് സംഘവും പരിശോധന നടത്തി.
ഞായറാഴ്ച രാത്രി എട്ടോടെയാണ് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഇവര്‍ മടങ്ങിയെത്തിയത്. ഗിരിജ താഴത്തെ നിലയില്‍ ഹാളിലെ തൊട്ടിലിന്റെ കൊളുത്തിലും പ്രശാന്ത് ഫാനിന്റെ കൊളുത്തിലും കയര്‍കെട്ടിയാണ് തൂങ്ങിയത്. ഗിരിജയുടെ മരണം ഉറപ്പാക്കിയ ശേഷമാണ് പ്രശാന്ത് മരിച്ചത്. പ്രശാന്ത് മക്കളെ വിളിച്ചെങ്കിലും അവര്‍ ഭയം കൊണ്ട് ഓടി മാറി.
കല്യാണം കഴിഞ്ഞ് എട്ടുവര്‍ഷമായശേഷം ഭര്‍ത്ത്യവീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് കിഴക്കേകല്ലടയില്‍ യുവതി ജീവിതം അവസാനിപ്പിച്ചത്. എംസിഎ പൂര്‍ത്തിയാക്കിയ സുവ്യക്ക് സ്ഥിരജോലി ഇല്ലാത്തത് പറഞ്ഞ് ഭര്‍ത്താവിന്റെ മാതാവ് വിജയമ്മ വഴക്കുണ്ടാക്കുമായിരുന്നെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. പീഡനത്തെക്കുറിച്ച് വിവരിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നു. ജീവന് അവസാനിപ്പിക്കുകയാണെന്ന് കരഞ്ഞു പറയുന്ന സന്ദേശം ആത്മഹത്യ ചെയ്യുന്നതിനു തൊട്ടു മുമ്പാണ് ബന്ധുക്കള്‍ക്ക് അയച്ചത്. തനിക്കെന്ത് സംഭവിച്ചാലും കാരണക്കാരി വിജയമ്മയാണെന്നും ആറുവയസുള്ള കുഞ്ഞിനെ ഭര്‍ത്താവിന്റെ വീട്ടില്‍ നിര്‍ത്തരുതെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. സുവ്യയുടെ ശബ്ദസന്ദേശം ബന്ധുക്കള്‍ പോലീസിന് കൈമാറിയതിനെത്തുടര്‍ന്ന് കേസെടുത്തിട്ടുണ്ട്.
ഇതൊക്കെ ഒരു ദിവസം നടന്ന സംഭവങ്ങളാണ്. ആള്‍ക്കൂട്ടക്കൊലകളും കൈയേറ്റങ്ങളും ആത്മഹത്യകളും നിത്യസംഭവമാണ്. മറ്റ് സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍പോലും പര്വതീകരിക്കാന് കിണഞ്ഞു പരിശ്രമിക്കുന്നവരാണ് കേരളത്തിലെ കൊടുംക്രൂരതകളെക്കുറിച്ച് കണ്ണടയ്ക്കുന്നത്. എന്നിട്ട് പറയും ഇത് കേരളമാണെന്ന്. ലജ്ജ എന്നൊന്നു ഇല്ലാതെപോയല്ലൊ കഷ്ടം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: