ന്യൂദല്‍ഹി: ഹിന്ദു അനൂകൂല നിലപാടെടുക്കുന്ന നിരവധി ട്വിറ്റര്‍ പേജുകള്‍ സസ്‌പെന്‍റ് ചെയ്തതിനെതിരെ ദല്‍ഹി ഹൈക്കോടതിയില്‍ കേസ് വാദം കേള്‍ക്കുകയാണ്. തങ്ങളുടെ അക്കൗണ്ടുകള്‍ രാഷ്‌ട്രീയ പക്ഷപാതിത്വത്തിന്റെ പേരില്‍ ട്വിറ്റര്‍ നിരോധിച്ചു എന്നാരോപിച്ചാണ് വേക്ഫ്‌ളിക്‌സ്, ഭരദ്വാജ് സ്പീക്ക്‌സ് എന്നീ ട്വിറ്റര്‍ പേജുകള്‍ കേസ് നല്‍കിയിരിക്കുന്നത്.
രാഷ്‌ട്രീയ ആക്ഷേപഹാസ്യങ്ങളും മീമുകളും ദിനം പ്രതി പ്രസിദ്ധീകരിക്കുന്ന ജനപ്രിയ ട്വിറ്റര്‍ പേജാണ് വേക് ഫ്‌ളിക്‌സ്(Wokeflix). ഇടതുപക്ഷ ചരിത്രകാരന്മാര്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന പേജാണ് ഭരദ്വാജ് സ്പീക്‌സ്(BharadwajSpeaks). ചരിത്രപരമായ വസ്തുതകള്‍ ഫാക്ട് ചെക്ക് ചെയ്യുന്ന പേജു കൂടിയാണിത്. കൃത്യമായ രാഷ്‌ട്രീയ ചായ് വ് കാണിക്കുന്ന ട്വിറ്റര്‍ 2024ലെ തെരഞ്ഞെടുപ്പിലും പക്ഷപാതപരമായ റോള്‍ എടുത്തേക്കുമെന്ന് ഈ പേജുകള്‍ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റുമാരായ രാഘവ് അവസ്തിയും മുകേഷ് ശര്‍മ്മയും വാദിച്ചു.
ഈ രാജ്യത്തിന്റെ നിയമം പാലിക്കാന്‍ തയ്യാറാകാത്തതില്‍ ട്വിറ്ററിനെ നിരോധിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ ജനാധിപത്യം തന്നെ അപകടത്തിലാകുമെന്നും അഭിഭാഷകര്‍ വാദിക്കുന്നു. വെറും ഒരു വ്യാപാരക്കമ്പനിയായി 17ാം നൂറ്റാണ്ടില്‍ ഇന്ത്യയിലെത്തിയ ഈസ്റ്റ് ഇന്ത്യാകമ്പനി പിന്നീട് 19ാം നൂറ്റാണ്ടായപ്പോഴേക്കും ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ മേല്‍ക്കോയ്മ നേടിയ ശക്തിയായി മാറിയതിന്റെ ഉദാഹരണവും അഭിഭാഷകന്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ട്വിറ്ററും ഇതുപോലെ ആകുമോ എന്ന ആശങ്കയാണ് പരാതിക്കാര്‍ ഉയര്‍ത്തുന്നത്.
ട്വിറ്ററിന്റെ ഹിന്ദു വിരുദ്ധ ചായ് വ് വ്യക്തം
ഹിന്ദു വികാരങ്ങള്‍ അവഗണിക്കുമ്പോള്‍ മറ്റ് സമുദായങ്ങളെ അനുഭാവപൂര്‍വ്വം പരിഗണിക്കുന്നതില്‍ ട്വിറ്റര്‍ മടികാട്ടുന്നില്ലെന്നും പരാതിക്കാര്‍ കുറ്റപ്പെടുത്തുന്നു. ഉദാഹരണമായി ഔറംഗസീബ് ചക്രവര്‍ത്തിയുടെ കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്. ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത ഏകാധിപതിയായിരുന്നു ഔറംഗസീബ്. നാസികള്‍ ചെയ്ത കൂട്ടക്കൊലയേക്കാള്‍ വലുതായിരുന്നു ഔറംഗസീബ് നടത്തിയ കൂട്ടക്കൊല. ഏകദേശം 40 ലക്ഷം ഹിന്ദുക്കളെയാണ് ഇദ്ദേഹം കൊന്നൊടുക്കിയത്. എങ്കിലും ഇദ്ദേഹത്തെ സാധാരണ ചക്രവര്‍ത്തിയായി തന്നെ ഇപ്പോഴും ട്വിറ്റര്‍ പരിഗണിക്കുന്നു. ഹിറ്റ്‌ലറെ സ്തുതിക്കുന്ന പോസ്റ്റുകള്‍ ട്വിറ്ററില്‍ നിയോനാസികള്‍ ഒരിക്കലും അനുവദിക്കുന്നില്ല. എന്നാല്‍ ഔറംഗസീബ് ചക്രവര്‍ത്തിയെ വാഴ്‌ത്തുന്ന എത്രയോ പോസ്റ്റുകള്‍ ഇപ്പോഴും ട്വിറ്ററില്‍ കാണാം. – പരാതിക്കാര്‍ ഉദാഹരണങ്ങള്‍ നിരത്തി ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ ചെറിയ തോതില്‍ കലാപങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ ഇതിനെ ഇസ്ലാമുകളെ വംശീയഹത്യ ചെയ്യുന്നു എന്ന പേരില്‍ ലിബറലുകളും കമ്മ്യൂണിസ്റ്റുകളും എന്‍ജിഒകളും വലിയ കാമ്പയിനുകള്‍ നല്‍കുന്നതിനെ ട്വിറ്റര്‍ വലിയ രീതിയില്‍ അനുകൂലിച്ചുകാണുന്നു. എന്നാല്‍ വാസ്തവം ഇതാണോ? പലയിടത്തും ഹിന്ദുസമുദായത്തിനാണ് അടിയേറ്റത്. രാജസ്ഥാനിലെ കരൗലിയില്‍ ഭയപ്പാട് മൂലം 192 കുടുംബങ്ങള്‍ പലായനം ചെയ്തു.
ഇപ്പോഴും ട്വിറ്ററില്‍ ഹിന്ദു ദൈവങ്ങള്‍ക്കും ദേവതകള്‍ക്കും എതിരായ മോശപ്പെട്ട പരാമര്‍ശങ്ങളും വംശീയ ചായ് വുള്ള പരാമര്‍ശങ്ങളും ഉടനീളം കാണാം. പൊട്ടുതൊട്ട ഇന്ത്യന്‍ സ്ത്രീയെ പട്ടിയോട് ഉപമിക്കുന്ന ഒരു ഗ്രാഫിക്ചിത്രം ഈയിടെ ഒരു ബംഗ്ലാദേശി ട്വിറ്റര്‍ ഹാന്‍ഡിലില്‍ കണ്ടു.- പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ട്വിറ്ററിന് ഹിന്ദു വിരുദ്ധ ചായ് വുണ്ടെന്നും ഹിന്ദു വികാരങ്ങള്‍ അവഗണിക്കുമ്പോള്‍ മറ്റ് മതങ്ങളെ സംരക്ഷിക്കുന്ന ഇരട്ടത്താപ്പ് ട്വിറ്ററിനുണ്ടെന്നും ഇവര്‍ വാദിക്കുന്നു. ഇന്ത്യാരാജ്യത്ത് 80 ശതമാനം ഹിന്ദുക്കളാണ്. അതുകൊണ്ട് ഈ സമുദായത്തെ മറ്റ് സമുദായത്തിലെ ദൈവങ്ങളേക്കാള്‍ ദുര്‍ബലരായ ദൈവങ്ങളുടെ മക്കളായി കാണരുതെന്നും പരാതിയില്‍ വാദിക്കുന്നു. ട്വിറ്ററിന്റെ അല്‍ഗൊരിതത്തില്‍ (പ്രശ്നപരിഹാരത്തിന് നിര്‍ദേശങ്ങള്‍ നല്‍കുന്ന കംപ്യൂട്ടര്‍ പ്രോഗ്രാം) തന്നെ ഹിന്ദു വിരുദ്ധ ചായ് വുണ്ടെന്നും വാദത്തില്‍ പറയുന്നു.
വേക് ഫ്‌ളിക്‌സ്, ഭരദ്വാജ് സ്പീക്‌സ്, മേഘ് ബുള്ളറ്റിന്‍, ബിഫിറ്റിംഗ് ഫാക്ട്‌സ് തുടങ്ങി ട്വിറ്റര്‍ ഏകപക്ഷീയമായി നിരോധിച്ച നിരവധി ഹിന്ദു അനുകൂല പേജുകളുടെ പരാതിയില്‍ വാദം കേള്‍ക്കുകയാണ് ദല്‍ഹി ഹൈക്കോടതി. ഈ കേസില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. സമൂഹമാധ്യമ പ്ലാറ്റ്‌ഫോറങ്ങള്‍ ഉപയോക്താക്കള്‍ തുല്ല്യനീതി നല്‍കണമെന്നും നിസ്സാരന്യായങ്ങള്‍ പറഞ്ഞ് അക്കൗണ്ടുകള്‍ സസ്‌പെന്‍റ് ചെയ്യരുതെന്നും ഈ സത്യവാങ്മൂലത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: