കോഴിക്കോട്: സിപിഎം പ്രാദേശിക നേതാവ് ഇതരമതസ്ഥയായ യുവതിയുമായി ഒളിച്ചോടിയതിന് പിന്നാലെ വിവാദം ശക്തമാകുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ വില്ലേജ് സെക്രട്ടറിയുമായ ഷെജിന്‍ എംഎസാണ് വിദേശത്ത് ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയുമായി ഒളിച്ചോടിയത്. കോഴിക്കോട് കോടഞ്ചേരിയിലെ സിപിഎം പ്രാദേശിക നേതാവാണ് ഷെജിന്‍. ഇവര്‍ എവിടെയാണെന്ന് അറിയാതെ ഒളിവില്‍ കഴിയുന്നതാണ് വിവാദത്തിന് വഴിവെക്കുന്നത്.
സൗദിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ജോസ്‌ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുമ്പായിരുന്നു നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്ത് പോയ പെണ്‍കുട്ടി തിരികെ എത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി. മൂന്ന് ദിവസമായും പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. ഇതോടെ പെണ്‍കുട്ടിയെ കണ്ടെത്താന്‍ നടപടിയെടുക്കുന്നില്ലെന്നും നടന്നത് ലൗ ജിഹാദാണെന്നും ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
എന്നാല്‍ താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം പോയതെന്നും തങ്ങള്‍ വിവാഹിതരായെന്നും വ്യക്തമാക്കിക്കൊണ്ടുളള പെണ്‍കുട്ടിയുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പെണ്‍കുട്ടി ഇങ്ങനെ പറയുന്നതെന്നും പാര്‍ട്ടി നേതാക്കളുടെ പിന്തുണയോടെയാണ് ഷെജിന്‍ ജോസ്‌നയുമായി ഒളിവില്‍ കഴിയുന്നതെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പാര്‍ട്ടി പിന്തുണയുള്ളതുകൊണ്ടാണ് പോലീസ് അന്വേഷിക്കാത്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍, ഷെജിന്റെ നടപടിയെ സിപിഎം തളളിപ്പറയുകയാണ്. ഇരുവരെയും ഉടന്‍ കണ്ടെത്തണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതായും പെണ്‍കുട്ടിയുമായി സംസാരിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തിനൊപ്പമാണ് പാര്‍ട്ടിയെന്നും തിരുവമ്പാടി മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ജോര്‍ജ്ജ് എം തോമസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം തുടങ്ങിയതായി കോടഞ്ചേരി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിച്ചിട്ടുമുണ്ട്. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കാസ അടക്കം ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: