കൊല്ലം: യാത്രാക്കാരുടെ ദുരിതം നേരിട്ടറിയാനെത്തിയ റെയില്‍വേ പാസഞ്ചേഴ്സ് സര്‍വീസ് കമ്മിറ്റി ചെയര്മാന് രമേശ്ചന്ദ്ര രത്നു കൊല്ലം റെയില്‍വേ സ്റ്റേഷനിലെ കണ്ടത് ഗുരുതര വീഴ്ചകള്‍. ഇരിപ്പിടങ്ങള്‍ ഉപയോഗശൂന്യം, പ്ലാറ്റ്ഫോം കയ്യടക്കി തെരുവുനായ്ക്കള്‍, യാത്രക്കാരെ കൊള്ളയടിക്കുന്ന വാണിജ്യസ്ഥാപനങ്ങള്‍, ശുദ്ധിയില്ലാത്ത കുടിവെള്ളം നല്കുന്ന ഹോട്ടലുകള്‍, പ്രവര്‍ത്തിപ്പിക്കാത്ത എസ്കലേറ്റര്‍…..
ഇന്നലെ വൈകിട്ടാണ് രണ്ട് മണിക്കൂറോളം നീണ്ട പരിശോധന ചെയര്മാന് സ്റ്റേഷനിലാകെ നടത്തിയത്. ഉപയോഗ ശ്യൂന്യമായ ഇരിപ്പിടങ്ങള്‍ മാറ്റി പുതിയവ സ്ഥാപിക്കാന്‍ കര്‍ശനനിര്‍ദേശം നല്കി. ‘നോ ബില്‍ യുവര്‍ ഫുഡ് ഈസ് ഫ്രീ’ എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്ക് പിഴ ചുമത്തി. ഹോട്ടലുകളുടെ അടുക്കളയിലും കയറി. കുടിവെള്ളത്തിന്റെ ശുചീകരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഹോട്ടലിന് പതിനായിരം രൂപ പിഴ ചുമത്തി. പ്ലാറ്റ്ഫോമുകളില്‍ കുടിവെള്ള ടാപ്പുകള്‍ ഉയര്‍ത്തി സ്ഥാപിക്കാന്‍ നിര്‍ദേശം നല്കി.
എസ്കേലേറ്ററുകള് പ്രവര്‍ത്തിപ്പിക്കാറില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. പരിശോധന പ്രമാണിച്ചാണ് എസ്കലേറ്റര്‍ ഓണാക്കിയതെന്ന് യാത്രക്കാര്‍ പറഞ്ഞപ്പോള്‍ പ്രവര്‍ത്തിപ്പിക്കാതിരുന്നാല്‍ വീഡിയോദൃശ്യം പകര്‍ത്തി അയയ്ക്കണമെന്ന് യാത്രക്കാരോട് പറഞ്ഞു. ശുചിത്വ പരിപാലനത്തിന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് അയ്യായിരം രൂപയും ആര്‍പിഎഫിന് രണ്ടായിരം രൂപയും റിവാര്‍ഡ് നല്‍കാനും അദ്ദേഹം മറന്നില്ല. കമ്മിറ്റി അംഗങ്ങളായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, ബാല്‍ഗണപതി, ഗംഗധര്‍, ബറുവ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
രാവിലെ കൊല്ലത്ത് എത്തുന്ന നാഗര്‍കോവില്‍-കൊല്ലം എക്സ്പ്രസ്സ് പത്തിന് മുമ്പ് കൊല്ലത്ത് എത്താന്‍ നടപടി സ്വീകരിക്കണമെന്നും റയില്‍വേ സ്റ്റേഷനിലെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം വേണമെന്നും അവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റി നിവേദനം നല്കി. ബിജെപി പരവൂര്‍, കൊല്ലം, കുണ്ടറ മണ്ഡലം കമ്മിറ്റികളും, മണ്‍റോത്തുരുത്ത് ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുമാണ് നിവേദനവും നല്‍കിയത്. ബിജെപി മേഖല സെക്രട്ടറി വി.എസ്. ജിതിന്‍ദേവ്, ജില്ലാ സെക്രട്ടറി മന്ദിരം ശ്രീനാഥ്, ട്രഷറര്‍ അനില്‍കുമാര്‍, മോര്‍ച്ച ജില്ലാ പ്രസിഡന്റുമാരായ ആറ്റുപുറം സുരേഷ്, ബബുല്‍ദേവ്, മീഡിയ കണ്‍വീനര്‍ പ്രതിലാല്‍, മണ്ഡലം പ്രസിഡന്റു മാരായ ഹരീഷ് തെക്കടം, മോന്‍സിദാസ്, ഇടവട്ടം വിനോദ്, പ്രദീപ് പരവൂര്‍, പ്രണവ് താമരക്കുളം, നാരായണന്‍കുട്ടി, സജു എന്നിവര്‍ കമ്മിറ്റി ചെയര്‍മാനെ സ്റ്റേഷനില്‍ സ്വീകരിച്ചു.
മെമു സര്‍വീസുകള്‍ പുന:സ്ഥാപിക്കണം
കൊല്ലം: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഒഴിവാക്കിയിരുന്ന കൊല്ലം-എറണാകുളം മെമു സര്‍വീസുകളും നിലവിലുണ്ടായിരുന്ന എല്ലാ പാസഞ്ചര്‍ സര്‍വീസുകളും പുന:സ്ഥാപിക്കണമെന്ന് സതേണ്‍ റയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് നിവേദനത്തിലൂടെ അഭ്യര്‍ത്ഥിച്ചു.
കൊല്ലം-പുനലൂര്‍ പാതയുടെ വൈദ്യുതീകരണം പൂര്‍ത്തീകരിച്ചതിനാല്‍ ഈ മേഖലയിലേക്ക് മെമു സര്‍വീസ് ആരംഭിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ നിവേദനം കൊല്ലം റയില്‍വേ സ്റ്റേഷന് സന്ദര്‍ശിച്ച റയില്‍വേ പാസഞ്ചേഴ്സ് സര്‍വീസസ് കമ്മിറ്റി ചെയര്മാന് രമേഷ് ചന്ദ്ര രത്തന്‍ ഭാരവാഹികള്‍ കൈമാറി. അസോസിയേഷന് പ്രസിഡന്റ് സജീവ് പരിശവിള, ജനറല്‍ സെക്രട്ടറി കണ്ണനല്ലൂര്‍ നിസാം തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: