അനീഷ് അയിലം
തിരുവനന്തപുരം: അമിത ജോലിഭാരത്തില്‍ നട്ടം തിരിഞ്ഞ് സര്‍ക്കാര്‍ നഴ്സിങ് കോളജുകളിലെ എംഎസ്സി വിദ്യാര്‍ഥികള്‍. ക്ലിനിക്കല്‍ ഡ്യൂട്ടിയും ക്ലാസ്സുമായി 12 മണിക്കൂര്‍. ജോലി ഭാരം കൊണ്ട് പഠനവും മുടങ്ങുന്ന അവസ്ഥയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
ക്ലിനിക്കല്‍ ഡ്യൂട്ടിയും ക്ലാസ്സുംകൂടി എട്ട് മണിക്കൂര്‍ ആണ് ആരോഗ്യ സര്‍വ്വകലാശാലയില്‍ നിന്നുള്ള നിര്‍ദേശം. എന്നാല്‍ പന്ത്രണ്ട് മണിക്കൂര്‍ ചെലവഴിക്കേണ്ട അവസ്ഥയാണിപ്പോള്‍. രാവിലെ 7.30 മുതല്‍ 1.30 വരെ ആശുപത്രിയില്‍. 2.30 മുതല്‍ 5.30 വരെ ക്ലാസ്സ്. 5.30മുതല്‍ 7.30വരെ വീണ്ടും ആശുപത്രി ഡ്യൂട്ടി. അതുകഴിഞ്ഞുവേണം പഠനം. ഹോസ്റ്റലില്‍ നില്‍ക്കുന്നവര്‍ക്ക് പോലും പഠനത്തിനും ഡ്യൂട്ടിക്കുമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു. അതേസമയം സ്ഥിരം ജോലിയുള്ള നഴ്സുമാര്‍ക്ക് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ആറ് മണിക്കൂര്‍ ഡ്യൂട്ടി ചെയ്താല്‍ മതി.
പഠിക്കുന്നവരില്‍ അധികവും ദിവസവും ബസ് യാത്ര ചെയ്തു വരുന്നവരാണ്. ഗര്‍ഭിണികളും കുഞ്ഞുങ്ങളുംഉള്ളവരും ഉണ്ട്. അധിക ജോലിഭാരം കാരണം പലരും വീട്ടിലെത്തുന്നത് രാത്രി വൈകിയും. വിദ്യാര്‍ഥികളില്‍ അധികവും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. പ്രിന്‍സിപ്പല്‍മാരുടെ കടുംപിടുത്തത്തിലാണ് അമിതജോലി എടുക്കേണ്ടി വരുന്നത്. പരീക്ഷാമാര്‍ക്കിനൊപ്പം പഠനപ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ക്ക് കോളജില്‍ നിന്നും നല്കേണ്ടതിനാല് ചോദ്യം ചെയ്യാനാകില്ല. അങ്ങനെ ചോദ്യം ചെയ്യുന്നവരോട് മാര്‍ക്കിന്റെ പേരില്‍ പ്രതികാരത്തോടെ പെരുമാറുന്നതും പതിവാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ച സ്റ്റൈപ്പന്റാണ് ഇപ്പോഴുള്ളത്. ഇത് കൂട്ടണമെന്ന് നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: