കൊച്ചി: സ്വപ്ന സമാനമായ പ്രകടനത്തിലൂടെ ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനെ ഐഎസ്എല്‍ ഫൈനല്‍ വരെയെത്തിച്ച പരിശീലകന് ഇവാന് വുക്കൊമനോവിച്ചിന്റെ കരാര്‍ നീട്ടി. ഇതനുസരിച്ച് 2025 വരെ ഇവാന് ടീമിനൊപ്പം തുടരും.
ശൈലിയിലടക്കം അടിമുടി മാറ്റംവരുത്തിയാണ് ഇവാന് ബ്ലാസ്റ്റേഴ്സിനെ വിജയസംഘമാക്കി മാറ്റിയത്. മികച്ച താരങ്ങളെയടക്കമെത്തിച്ച് ജയിക്കാന്‍ ശീലിച്ച ടീമാക്കി മാറ്റി. നിരവധി റിക്കാര്‍ഡുകളും ടീം ഈ സീസണില്‍ സ്വന്തമാക്കി. പത്ത് മത്സരങ്ങളിലെ തോല്‍വിയറിയാത്ത കുതിപ്പിലൂടെ ചരിത്രത്തിലാദ്യമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ മുന്നിലെത്തി. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍, ഏറ്റവും കൂടുതല്‍ പോയിന്റുകള്‍, ഏറ്റവും കൂടുതല്‍ വിജയങ്ങള്‍, ഏറ്റവും കുറഞ്ഞ തോല്‍വികള്‍ തുടങ്ങിയവയും ടീമിനുണ്ടായി.
ഇവാനുമായി കരാര്‍ നീട്ടിയതില്‍ സന്തോഷമുണ്ടെന്ന് ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്കിന്‍കിസ് പറഞ്ഞു. അദ്ദേഹം ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. കരാര്‍ വിപുലീകരണത്തില്‍ ഏറെ തൃപ്തനും സന്തുഷ്ടനുമാണെന്ന് ഇവാന് പറഞ്ഞു. അടുത്ത സീസണുകളില്‍ ടീമിനെ മികച്ചവരാകാന്‍ കൂടുതല്‍ പ്രചോദനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: