മക്കളേ,
കോപത്തിനധീനരായി ആത്മനിയന്ത്രണം നഷ്ടപ്പെടുന്ന സന്ദര്‍ഭങ്ങള്‍ ചിലപ്പോഴെങ്കിലും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. കോപത്തിനടിപ്പെടുക എന്നത് യഥാര്‍ത്ഥത്തില്‍ നമ്മുടെ പരാജയമാണ് എന്നു നമ്മള് തിരിച്ചറിയണം. ക്ഷമയാണ് ഏറ്റവും വലിയ വിജയം. നമ്മെ ദേഷ്യം പിടിപ്പിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുക സ്വാഭാവികമാണ്. എന്നാല്‍ കോപത്തിന്റെ പിടിയിലകപ്പെടുമ്പോള്‍, നമ്മളറിയാതെ മനസ്സിന്റെ മേലുള്ള നിയന്ത്രണം നമുക്കു നഷ്ടപ്പെടുകയാണു ചെയ്യുന്നത്. എരിയുന്ന തീക്കനല്‍ കൈയിലെടുത്ത് മറ്റൊരാള്‍ക്കു നേരെ എറിയാന്‍ ശ്രമിക്കുന്നതുപോലെയാണത്. സ്വന്തം കൈകളായിരിക്കും ആദ്യം പൊള്ളുന്നത്. ദേഷ്യം ആദ്യം പ്രതികൂലമായി ബാധിക്കുന്നതു ദേഷ്യപ്പെടുന്നയാളെത്തന്നെയാണ്. ദേഷ്യം വരുമ്പോഴുണ്ടാകുന്ന ആന്തരികസംഘര്‍ഷം ശരീരത്തെയും മനസ്സിനെയും ബുദ്ധിയെയും ഒരുപോലെ ഉലയ്ക്കുന്നു, വിവേകം നഷ്ടമാകുന്നു, ചെയ്യരുതാത്തകാര്യങ്ങള് ചെയ്തുപോകുന്നു. അവയുടെ പ്രത്യാഘാതങ്ങള്‍ വര്‍ത്തമാനകാലത്തെ മാത്രമല്ല, ഭാവിയെത്തന്നെയും ബാധിക്കുന്നു.
ദേഷ്യം മനസ്സില്‍ വെച്ചുകൊണ്ട് അതിനെ ബലമായി അടക്കുന്നത് ഗുണത്തേക്കാള്‍ ദോഷം ചെയ്യാം. ഒരു പൊങ്ങുതടി വെള്ളത്തില്‍ താഴ്ത്തിപ്പിടിക്കുന്നതുപോലെയാണത്. പിടി വിട്ടാല്‍ അതുടനെ പൊങ്ങിവരുന്നതു കാണാം. അതുപോലെ മനസ്സിനെ ബലാല്‍ക്കാരമായി എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചാല്‍, വേഗം അതിന്റെ യഥാര്‍ത്ഥ സ്വഭാവത്തിലേയ്ക്ക് മടങ്ങിവരും. ദേഷ്യം വരുമ്പോള്‍ ആത്മനിയന്ത്രണംകൊണ്ട് ആദ്യം ദേഷ്യത്തെ അടക്കണം. എന്നിട്ട് വിവേകപൂര്‍വ്വം ചിന്തിക്കണം. അപ്പോള്‍ മനസ്സു ശാന്തമാകും. വിവേകപൂര്‍വ്വം സന്ദര്‍ഭത്തെ വിലയിരുത്തി നമ്മുടെ ഭാഗത്ത് തെറ്റുകളുണ്ടെങ്കില്‍ അതു തിരിച്ചറിയണം. അതിനു കഴിയുന്നില്ലെങ്കില്‍ മനസ്സിലെ ക്രോധചിന്തകള്‍ മാറ്റി അവയുടെ സ്ഥാനത്ത് നല്ല ചിന്തകള്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം.
രണ്ടു സുഹൃത്തുക്കള്‍ തീര്‍ത്ഥാടനമദ്ധ്യേ ഒരു പുണ്യസ്ഥലത്ത് എത്തിച്ചേര്‍ന്നു. അവിടെ നദീതീരത്ത് വസിക്കുന്ന ഒരു യോഗിയെക്കുറിച്ചു കേട്ടറിഞ്ഞ് കാണാനായി ചെന്നു. യോഗിയുടെ കുടിലിനു മുമ്പില്‍ ഒരു ബോര്‍ഡ് വെച്ചിരുന്നു, ‘ക്രോധത്തെ കീഴടക്കിയ യോഗി’. അവര്‍ കുടിലിനുള്ളില്‍ കയറി യോഗിയെ ആദരപൂര്‍വ്വം അഭിവാദ്യം ചെയ്തു. യോഗി അവരോട് ഇരിക്കാന്‍ പറഞ്ഞു. അല്പനേരത്തെ സംഭാഷണത്തിനുശേഷം അവരിലൊരാള്‍ യോഗിയോടു ചോദിച്ചു, ‘അങ്ങയുടെ പക്കല്‍ തീയുണ്ടോ? എനിക്ക് കുറച്ചു തീ വേണം.’ യോഗി പറഞ്ഞു, ‘ഇല്ല, ഇവിടെ തീയില്ല.’ കുറച്ചു സമയം മിണ്ടാതിരുന്നശേഷം, അയാള്‍ വീണ്ടും യോഗിയോടു ചോദിച്ചു, ‘അങ്ങയുടെ പക്കല്‍ തീയുണ്ടോ?’ ‘ഇവിടെ തീയില്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞല്ലോ’, യോഗി അല്പം അസ്വസ്ഥതയോടെ പറഞ്ഞു. എന്നാല്‍ ഇതുകൊണ്ടൊന്നും തീര്ത്ഥാടകന് പിന്‍വാങ്ങിയില്ല. അല്പം കഴിഞ്ഞ് അയാള്‍ വീണ്ടും ചോദിച്ചു, ‘ഗുരുജി, എനിക്ക് കുറച്ച് തീ കിട്ടിയേ മതിയാകൂ. ദയവുചെയ്തു കുറച്ചു തീ നല്‍കണം.’ യോഗിയ്ക്കു ദേഷ്യം വന്നെങ്കിലും അതു പുറത്തു കാണിക്കാതെ പറഞ്ഞു, ‘ഇവിടെ തീയില്ലെന്ന് ഞാന്‍ പല തവണ വ്യക്തമായി പറഞ്ഞല്ലോ. എന്നിട്ടും അതു നിങ്ങളുടെ തലയില്‍ കയറാത്തതെന്താണ്?’ തീര്ത്ഥാടകന് വളരെ ക്ഷമയോടെ പറഞ്ഞു, ‘എനിക്ക് തീ വളരെ അത്യാവശ്യമായി വേണം. അങ്ങയുടെ പക്കല്‍ തീ ഒട്ടുമില്ലെന്ന് ഉറപ്പാണോ?’
അപ്പോഴേയ്ക്കും യോഗിയ്ക്ക് ആത്മനിയന്ത്രണം നഷ്ടപ്പെട്ടു. അദ്ദേഹം ഒരു വടി എടുത്ത് അത് ഒടിയുന്നതുവരെ ആ തീര്‍ത്ഥാടകനെ അടിച്ചു. അതെല്ലാം തീര്ത്ഥാടകന് ക്ഷമയോടെ സഹിച്ചു. എന്നിട്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, ‘ഇപ്പോള്‍ എന്റെ ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചു. അങ്ങയുടെ അടുത്തു വന്നപ്പോള്‍ ഞാന്‍ കുറച്ചു പുക കണ്ടിരുന്നു. അതുകാരണം ഇവിടെ തീ കാണുമെന്ന് എനിക്കുറപ്പായിരുന്നു. ഇപ്പോള്‍ എല്ലാവര്ക്കും കാണാവുന്നവിധം ദേഷ്യത്തിന്റെ തീജ്വാലകള്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്നു.’
തന്റെ കോപത്തെയാണ് തീര്ത്ഥാടകന് പരാമര്‍ശിക്കുന്നതെന്ന് മനസ്സിലാക്കിയ യോഗി പെട്ടെന്ന് മനഃസംയമനം വീണ്ടെടുത്തു. വിനയത്തോടെ തല കുമ്പിട്ടുകൊണ്ടു പറഞ്ഞു, ‘അങ്ങു പഠിപ്പിച്ച പാഠത്തിനു നന്ദി. ദേഷ്യത്തെ കീഴടക്കാന്‍ എനിക്കിതുവരെ സാധിച്ചിട്ടില്ലെന്ന് ഇപ്പോള്‍ ബോദ്ധ്യമായി.’
ദേഷ്യം വരുമ്പോള്‍ അതിനെ മനസ്സില്‍ ഒതുക്കുകയാണ് പലരും ചെയ്യാറുള്ളത്. വിവേകപൂര്‍വ്വം ചിന്തിച്ച് ദേഷ്യത്തിനുപിന്നിലുള്ള ശരിയായകാരണം കണ്ടെത്താന്‍ ശ്രമിക്കണം. ദേഷ്യം നമ്മുടെ അഹന്തയില്‍നിന്നാണ് ഉണ്ടാകുന്നത്. പരീക്ഷയില്‍ തോറ്റ ഒരു വിദ്യാര്‍ത്ഥിയെ ആരെങ്കിലും ക്രൂരമായി പരിഹസിച്ചു എന്നു കരുതുക. തന്നെ പരിഹസിച്ചയാളോട് അവനു ദേഷ്യം തോന്നുക സ്വാഭാവികമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ദേഷ്യത്തെ നിയന്ത്രിച്ച് അടുത്ത തവണ എങ്ങനെ പരാജയം ഒഴിവാക്കാമെന്നു ചിന്തിക്കണം. വിജയിക്കാന്‍ നന്നായി പരിശ്രമിക്കണം. അങ്ങനെയായാല്‍ പരിഹസിച്ചയാളോട് വിരോധമില്ലാതെതന്നെ പഠിത്തത്തില്‍ മുന്നേറുവാനും കഴിയും.
ദേഷ്യം, ദുഃഖം, നിരാശ തുടങ്ങിയ ദുര്‍വികാരങ്ങള്‍ മനസ്സിലുണരുമ്പോള്‍ അവയ്ക്കു വഴിപ്പെടാതെ മനസ്സിനെ നല്ല കര്മ്മങ്ങളിലേയ്ക്കു വഴിതിരിച്ചു വിടണം. അതിലൂടെ മനസ്സിനെ സാവധാനം നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സാധിക്കും. വികാരത്തിന് അടിമപ്പെടുകയല്ല, വിവേകംകൊണ്ട് വികാരത്തെ ജയിക്കുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: